വിവാദമായ യൂറോപ്യൻ സൂപ്പർ ലീഗ് എന്ന ആശയം തങ്ങൾ ഇത് വരെ ഉപേക്ഷിച്ചില്ല എന്നു ഒരിക്കൽ കൂടി വ്യക്തമാക്കി റയൽ മാഡ്രിഡ്, ബാഴ്‌സലോണ, യുവന്റസ് ക്ലബുകൾ രംഗത്ത് വന്നു. യുഫേഫയുമായി നടത്തിയ നിയമ യുദ്ധത്തിൽ ലഭിച്ച ജയത്തിനു പ്രതികരണം ആയി ഇറക്കിയ പത്രക്കുറിപ്പിൽ ആണ് തങ്ങൾ ഇത് വരെയും സൂപ്പർ ലീഗ് എന്ന ആശയം അവസാനിപ്പിച്ചിട്ടില്ല എന്നു മൂന്നു ക്ലബുകളും വ്യക്തമാക്കിയത്. യുഫേഫ സൂപ്പർ ലീഗ് ക്ലബുകൾക്ക് എതിരെ എടുക്കാൻ തീരുമാനിച്ച ശിക്ഷാ നടപടികൾ തടഞ്ഞ യൂറോപ്യൻ കോടതി വിധിയെ ക്ലബുകൾ സ്വാഗതം ചെയ്തു. നിലവിൽ സൂപ്പർ ക്ലബിൽ തുടരുന്ന മൂന്നു ക്ലബുകൾക്ക് പുറമെ സൂപ്പർ ലീഗ് തുടക്കത്തിൽ ഭാഗമായിരുന്ന ഒമ്പത് ക്ലബുകൾക്ക് എതിരെയുള്ള നിയമ നടപടികളും കോടതി തടഞ്ഞത് ടീമുകൾ സ്വാഗതം ചെയ്തു. സൂപ്പർ ലീഗ് ക്ലബുകൾക്ക് എതിരായ പിഴ ശിക്ഷ,മത്സരങ്ങളിൽ നിന്നു വിലക്കുക തുടങ്ങിയ യുഫേഫ സ്വീകരിക്കാൻ ഇരുന്ന പല ശിക്ഷയും ഇതോടെ കോടതി തടഞ്ഞു.
അതേസമയം യുഫേഫയെ അതിരൂക്ഷമായ ഭാഷയിൽ ആണ് ക്ലബുകൾ പത്ര കുറിപ്പിൽ വിമർശിച്ചത്. യൂറോപ്യൻ ഫുട്‌ബോൾ ഫെഡറേഷന്റെ ഫുട്‌ബോളിലെ ഏകാധിപത്യ നിലപാടുകൾക്ക് എതിരെയുള്ള കനത്ത തിരിച്ചടി ആണ് കോടതി വിധി എന്നും അവർ പറഞ്ഞു. യൂറോപ്യൻ ഫുട്‌ബോൾ ഒറ്റക്ക് ഭരിക്കുന്ന യുഫേഫ ക്ലബുകൾക്ക് നേരെ പ്രയോഗിക്കുന്നത് ഉരുക്കു മുഷ്ടിയാണ് എന്നു തുറന്നടിച്ച അവർ സാമ്പത്തിക കാര്യങ്ങളിൽ അടക്കം യുഫേഫ അവരുടെ താല്പര്യം മാത്രമാണ് സംരക്ഷിക്കുന്നത് എന്നും ആരോപിച്ചു. ക്ലബുകൾക്ക് തങ്ങൾ എവിടെ കളിക്കണം എന്ന തീരുമാനം എടുക്കാൻ അധികാരം ഉണ്ട് എന്ന വാദം അവർ ആവർത്തിച്ചു. യുഫെഫയുടെ ഭീക്ഷണിക്ക് വഴങ്ങില്ലെന്ന് പറഞ്ഞ അവർ തങ്ങൾ യൂറോപ്യൻ സൂപ്പർ ലീഗുമായി മുന്നോട്ട് പോവുമെന്നും വ്യക്തമാക്കി. താരങ്ങളും പരിശീലകരും ആരാധകരും അടക്കം എല്ലാവരെയും ഉൾക്കൊള്ളുന്ന അവരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്ന യൂറോപ്യൻ സൂപ്പർ ലീഗിൽ മാറ്റങ്ങൾ വരുത്താൻ തയ്യാർ ആണെന്നും ക്ലബുകൾ വ്യക്തമാക്കി. ഇതോടെ മൂന്നു വമ്പൻ ക്ലബുകളും യൂറോപ്യൻ ഫുട്‌ബോൾ ഫെഡറേഷനും തമ്മിലുള്ള തുറന്ന പോര് ഒന്നു കൂടി കനക്കും. തുടർന്നും കൂടുതൽ നിയമ പോരാട്ടങ്ങൾ ആവും യൂറോപ്യൻ ഫുട്‌ബോളിൽ കാണാൻ സാധിക്കുക എന്നുറപ്പാണ്.