ലാറ്റിനമേരിക്കൻ ചാമ്പ്യന്മാരെ അറിയാനുള്ള കോപ ലിബെർടാഡോരസ് ഫൈനലിൽ ഇത്തവണ കണ്ടത് അത്ഭുതമാണ്. 1999ലെ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ബയേണിനെ വീഴ്ത്തിയതിനെ ഓർമ്മിപ്പിക്കുന്ന പ്രകടനമാണ് ബ്രസീലിയൻ ക്ലബായ ഫ്ലമെംഗോ നടത്തിയത്. ഇന്ന് പുലർച്ചെ നടന്ന ഫൈനലിൽ അർജന്റീൻ ക്ലബും നിലവിലെ ചാമ്പ്യന്മാരുമായ റിവർ പ്ലേറ്റിനെ ആയിരുന്നു ഫ്ലമെഗോ നേരിട്ടത്.
കളിയുടെ തുടക്കത്തിൽ 14ആം മിനുട്ടിൽ ബൊരെയിലൂടെ റിവർ പ്ലേറ്റ് മുന്നിൽ എത്തിയതായിരുന്നു. പിന്നീട് 90ആം മിനുട്ട് വരെ റിവർ പ്ലേറ്റ് മുന്നിലായിരുന്നു. അതിനു ശേഷമായിരുന്നു ബ്രസീലിയൻ അത്ഭുതം കണ്ടത്. ഗാബിയോൾ ആണ് റിവർ പ്ലേറ്റിന്റെ സ്വപ്നങ്ങൾ തകർത്തത്. ആദ്യ 90ആം മിനുട്ടിൽ ഗബിയോൾ സമനില ഗോൾ നേടി. പിന്നീട് 93ആം മിനുട്ടിൽ ഗബിയോൾ തന്നെ വിജയ ഗോളും നേടി. കോപ ലിബെർടാഡോരസിൽ ഈ സീസണിൽ ഗബിയോൾ നേടുന്ന എട്ടാമത്തെ ഗോളാണ് ഇത്.
ഫ്ലമെംഗോയുടെ രണ്ടാമത്തെ കോപ ലിബെർറ്റാഡൊരസ് കിരീടം മാത്രമാണിത്. ഇതിനു മുമ്പ് 1981ൽ ആണ് ഫ്ലമെംഗോ കോപ ലിബെർറ്റാഡൊരസ് കിരീടം നേടിയത്.