ഇന്ത്യൻ ഫുട്ബോളിൽ ഇത് വിലക്ക് നൽകപ്പെടുന്ന വാരമായി മാറിയിരിക്കുകയാണ്. അഞ്ച് താരങ്ങളാണ് അവസാന ദിവസങ്ങളിലായി വൻ നടപടി എ ഐ എഫ് എഫിൽ നിന്ന് ഏറ്റുവാങ്ങിയത്. എ ഐ എഫ് എഫ് ഡിസിപ്ലനറി കമ്മിറ്റി കഴിഞ്ഞ ദിവസം യോഗം ചേർന്നതാണ് ഇത്രയും നടപടികൾ വരാൻ കാരണം. രണ്ട് മലയാളി താരങ്ങളും വിലക്ക് നേരിട്ടവരിൽ ഉണ്ട്.
കേരള ബ്ലാസ്റ്റേഴ്സ് താരം എം പി സക്കീർ ആണ് ഏറ്റവും വലിയ വിലക്ക് നേരിട്ടത്. ആറു മാസമാണ് സക്കീറിന്റെ വിലക്ക്. മുംബൈ സിറ്റിക്ക് എതിരായ മത്സരത്തിൽ ചുവപ്പ് കാർഡ് കിട്ടിയ ശേഷം പന്തെടുത്ത് റഫറിയെ എറിഞ്ഞതിനാണ് സക്കീറിന് വിലക്ക് കിട്ടിയത്. അർജുൻ ജയരാജാണ് വിലക്ക് കിട്ടിയ മറ്റൊരു മലയാളി. ചെന്നൈ സിറ്റിക്ക് എതിരെ നടത്തിയ കയ്യാംകളിക്ക് രണ്ട് മത്സരങ്ങളിൽ വിലക്കും രണ്ട് ലക്ഷം പിഴയുമാണ് അർജുനെതിരായ നടപടി.
ഈസ്റ്റ് ബംഗാളിനെതിരായ മത്സരത്തിൽ മോശം ടാക്കിൽ നടത്തിയ ചർച്ചിൽ ബ്രദേഴ്സ് താരം ആന്റണി വോൾഫെയ്ക്കും രണ്ട് മത്സരത്തിൽ വിലക്കും രണ്ട് ലക്ഷം രൂപ പിഴയും എ ഐ എഫ് എഫ് വിധിച്ചിട്ടുണ്ട്. വംശീയാധിക്ഷേപം നടത്തിയതിന് ജംഷദ്പൂർ വിദേശ താരം കാർലോസ് കാല്വോയെ മൂന്ന് മത്സരങ്ങളിൽ നിന്ന് വിലക്കി. ഒപ്പം 2 ലക്ഷം പിഴയുമുണ്ട്.
ചെന്നൈയിന്റെ വിദേശ താരം മെയിൽസൺ ആല്വേസ് ആണ് വിലക്ക് കിട്ടിയ മറ്റൊരു കളിക്കാരൻ. ഡെൽഹിക്ക് എതിരായ മത്സരത്തിൽ ഒരു താരത്തെ എൽബോ ചെയ്തതിനാണ് ആല്വേസിന് വിലക്ക്. 2 ലക്ഷം പിഴയും മൂന്ന് മത്സരങ്ങളിൽ വിലക്കുമാണ് ശിക്ഷ.