അവസാന സീസണിലെ ചെന്നൈയിനെ അങ്ങനെ വീണ്ടും കണ്ടിരിക്കുകയാണ്. ഇന്ന് പൂനെയിൽ ഒരു തകർപ്പൻ പ്രകടനത്തിലൂടെ തങ്ങളുടെ ആദ്യ ജയം ചെന്നൈയിൻ സ്വന്തമാക്കിയിരിക്കുകയാണ്. രണ്ടിനെതിരെ നാലു ഗോളുകൾക്കായിരുന്നു ചെന്നൈയിന്റെ വിജയം. ആദ്യ പകുതിയിൽ ഒരു ഗോളിന് പിറകിൽ നിന്ന ശേഷം രണ്ടാം പകുതിയിലാണ് ചെന്നൈയിൻ നാലു ഗോളുകളും ജയവും കണ്ടെത്തിയത്.
കളിയുടെ ആദ്യ പകുതിയിൽ മലയാളി യുവതാരം ആഷിക് കുരുണിയനാണ് പൂനെ സിറ്റിക്ക് ലീഡ് നേടിക്കൊടുത്തത്. കളിയുടെ 10ആം മിനുട്ടിൽ ആയിരുന്നു ആഷിഖിന്റെ ഗോൾ. സീസണിലെ ആഷിഖിന്റെ ആദ്യ ഗോളായിരുന്നു ഇത്. റോബിൻ സിംഗിന്റെ ഒരു ലോംഗ് ബോൾ കൃത്യതയാർന്ന ടച്ചിലൂടെ വശത്താക്കിയ ആഷിഖ് ഒരു ഇടം കാലൻ ഫിനിഷിലൂടെ ചെന്നൈ സിറ്റി വല കുലുക്കുകയായിരുന്നു.
ആ ഗോളിന്റെ ലീഡിൽ ആദ്യ പകുതിയിൽ പൂനെ മുന്നിട്ടു നിന്നു എങ്കിലും രണ്ടാം പകുതിയിൽ കളി മാറി. ഒന്നിനു പിറകെ ഒന്നായി രണ്ടാം പകുതിയിൽ പൂനെ സിറ്റി വല കുലുങ്ങി. 54ആം മിനുട്ടിൽ മെയിൽസൺ ആൽവേസാണ് ചെന്നൈയിന്റെ സമനില ഗോൾ നേടിയത്. അതിനു തൊട്ടു പിറകെ 56ആം മിനുട്ടിൽ ഗ്രിഗറി നെൽസൺ ചെന്നൈയിനെ 2-1ന് മുന്നിൽ എത്തിച്ചു.
69ആം മിനുട്ടിൽ ഇനിഗോ കാൽഡറോണാണ് മൂന്നാം ഗോൾ നേടിയത്. ഒരു കോർണർ കിക്കിൽ നിന്ന് ഓവർഹെഡ് കിക്കിലൂടെ ആയിരുന്നു ഇനിഗോയുടെ ഗോൾ. സബ്ബായി ഇറങ്ങിയ തോയ് സിങാണ് നാലാം ഗോൾ നേടി ചെന്നൈയിന്റെ ഗോൾ പട്ടിക തികച്ചു. പരാജയം ഉറച്ച സമയത്ത് കളിയുടെ അവസാന നിമിഷത്തിൽ ആയിരുന്നു പൂനെയുടെ രണ്ടാം ഗോൾ വന്നത്. ഒരു സെറ്റ് പീസിൽ നിന്ന് വിയ ആണ് പൂനെയുടെ രണ്ടാം ഗോൾ നേടിയത്. കളിക്ക് ഫൈനൽ വിസിൽ വരുന്നതിന് തൊട്ടു മുമ്പ് മാർസെലീനോ ചുവപ്പ് കാർഡ് കണ്ട് പുറത്തായത് പൂനെയ്ക്ക് കൂടുതൽ ദുഖമായി.
ചെന്നൈയിന്റെ ലീഗിലെ ആദ്യ ജയമാണിത്. ഈ ജയത്തോടെ ചെന്നൈയിൻ ലീഗിലെ അവസാന സ്ഥാനത്ത് നിന്ന് രക്ഷപ്പെട്ടു. പകരം ഒരു ജയവുമില്ലാത്ത പൂനെ സിറ്റി ലീഗിന്റെ അവസാന സ്ഥാനത്ത് എത്തി.