സീസണിലെ ആദ്യ എൽ ക്ലാസികോക്ക് ബാഴ്‌സലോണയുടെ നിലവിലെ സ്റ്റേഡിയമായ മോൻഡ്വിക് തട്ടകം ഒരുക്കുമ്പോൾ പോയിന്റ് ടേബിളിൽ മുന്നോട്ട് കുതിക്കാൻ ഉന്നം വെച്ച് റയൽ മാഡ്രിഡും ബാഴ്‌സയും. ഒരു പോയിന്റ് മാത്രമാണ് ഇരു ടീമുകളും തമ്മിലുള്ള വ്യത്യാസം. ഇന്ന് പുലർച്ചെ ജയം കണ്ട ജിറോണ തന്നെയാണ് ലീഗിൽ ഒന്നാമത്. ജയത്തോടെ ഒന്നാം സ്ഥാനത്ത് ലീഡ് തിരികെ എത്താനുള്ള സുവർണാവസരമാണ് ആൻസലോട്ടിക്കും സംഘത്തിനും എങ്കിൽ തോൽവി അറിയാതെയുള്ള കുതിപ്പ് തുടർന്ന് മുന്നോട്ടു കുതിക്കാൻ ആവും സാവിയുടെ ഉന്നം. ജയിച്ചാലും ഒന്നമതെത്താൻ ബാഴ്‌സക്ക് സാധിക്കില്ലെങ്കിലും എൽ ക്ലാസിക്കോ ഫലം സീസണിൽ നിർണായകമാകും എന്ന കാര്യത്തിൽ സംശയമില്ല. ശനിയാഴ്ച്ച വൈകീട്ട് ഏഴേ നാല്പത്തിയഞ്ചിനാണ് മത്സരത്തിന് വിസിൽ മുഴങ്ങുക.
സീസണിൽ മുന്നേ കുതിക്കുന്ന റയലിന്റെ മധ്യനിരയിലും മുന്നേറ്റത്തിലും ഒരു പോലെ തിളങ്ങുന്ന ജൂഡ് ബെല്ലിങ്ഹാം തന്നെയാണ് മത്സരത്തിന്റെ പ്രധാന ആകർഷണങ്ങളിൽ ഒന്ന്. സീസണിൽ റെക്കോർഡ് ഗോൾ സ്കോറിങ് നടത്തി കൊണ്ടിരിക്കുന്ന താരത്തിന്റെ ആദ്യ എൽ ക്ലാസിക്കോയിലും തകർപ്പൻ പ്രകടനം പുറത്തെടുക്കുമെന്ന് ഉറപ്പ്. കൂടാതെ റോഡ്രിഗോയും ഗോൾ കണ്ടെത്തി കഴിഞ്ഞത് ആൻസലോട്ടിക്ക് ആശ്വാസം പകരും. പലപ്പോഴും ഗോളടിയിൽ ബെല്ലിങ്ഹാമിനെ മാത്രം ആശ്രയിക്കുന്നത് വമ്പൻ മത്സരങ്ങളിൽ തിരിച്ചടി ആവാതിരിക്കാൻ മറു തന്ത്രങ്ങൾ മെനയാനും ആൻസലോട്ടി ശ്രമിച്ചേക്കും. മുഖ്യ താരങ്ങൾ ഒന്നും ബാഴ്‌സ മധ്യ നിരയിൽ ഉണ്ടായേക്കില്ല എന്നതിനാൽ മത്സരം ഈ മേഖലയിൽ നിയന്ത്രിക്കാനും റയൽ തയ്യാറായേക്കും. ക്രൂസും മോഡ്രിച്ചും വാൽവെർടെയും ചൗമേനിയും കമാവിംഗയും ചേരുന്ന റയൽ മിഡ്ഫീൽഡിൽ ആരെയൊക്കെ ആൻസലോടി ആദ്യ ഇലവനിൽ ഇറക്കും എന്നതും കണ്ടറിയേണ്ടതാണ്. ലെഫ്റ്റ് ബാക്ക് സ്ഥാനത്ത് മെന്റി തന്നെ എത്തും എന്ന് ആൻസലോട്ടി സൂചന നൽകിയതോടെ പതിവ് സൂപ്പർ സബ്ബ് റോളിൽ തന്നെ ആവും കമാവിംഗ എത്തുക. പിൻനിരയിൽ എഡർ മിലിറ്റാവോയുടെ അഭാവത്തിലും റുഡിഗർ, അലാബ എന്നിവരും റൈറ്റ് ബാക്ക് സ്ഥാനത്ത് കർവഹാളും മികച്ച പ്രകടനം തന്നെയാണ് നടത്തുന്നത്. നാച്ചോയും ടീമിൽ ഉൾപ്പെട്ടിട്ടുണ്ട്. പോസ്റ്റിന് കീഴിൽ കെപ്പ തന്നെ എത്തും. വിനിഷ്യസ്, റോഡ്രിഗോ എന്നിവരെ മുൻ നിർത്തിയുള്ള പതിവ് ശൈലി തന്നെ ആവും ആൻസലോട്ടി മത്സരത്തിൽ പരീക്ഷിക്കുക. പരിക്കേറ്റിരുന്ന അർദ ഗുലർ പരിശീലനം പുനരാരംഭിച്ചിരുന്നെങ്കിലും ടീമിൽ ഉൾപ്പെട്ടിട്ടില്ല. പതിവ് പോലെ വിനിഷ്യസിന്റെ കുതിപ്പുകൾ തന്നെ ആവും റയൽ മുന്നേറ്റങ്ങളുടെ ആണിക്കല്ലാകാൻ പോകുന്നത്.
അതേ സമയം പരിക്കിന്റെ പിടിയിൽ ശ്വാസം മുട്ടുകയാണ് ബാഴ്‌സലോണ. കഴിഞ്ഞ മത്സരങ്ങളിൽ യുവതാരങ്ങളുടെ മികവിൽ ജയം കണ്ട ടീമിന് വമ്പൻ പോരാട്ടത്തിൽ എന്ത് തന്ത്രം മെനയാൻ സാധിക്കും എന്നത് നിർണായകമാണ്. റയലിന്റെ അതി ശക്തമായ മധ്യനിരക്ക് ഒപ്പം നിൽക്കാൻ ഗവിക്കും റോമേയുവിനും ഒപ്പം ഗുണ്ടോഗന്റെ പരിചയസമ്പത്തും കൂടി ചേരുമ്പോൾ ബാഴ്‌സക്ക് സാധിച്ചേക്കും. സീസണിൽ തകർപ്പൻ ഫോമിലാണ് എന്ന് ഗവി പല തവണ തെളിയിച്ചു കഴിഞ്ഞു. അത് കൊണ്ട് തന്നെ പെഡ്രിയുടെ അഭാവം ടീമിൽ അത്ര പ്രകടമവില്ല എന്നാവും സാവിയും കരുതുന്നത്. മുന്നേറ്റത്തിലും പ്രതിരോധത്തിലും ആരൊക്കെ എത്തുമെന്ന് ടീം പ്രഖ്യാപിക്കുമ്പോൾ മാത്രമേ അറിയാൻ സാധിക്കൂ. പരിക്ക് മാറി ലെവെന്റോവ്സ്കി ആദ്യ ഇലവനിൽ എത്തിയേക്കും എന്ന് തന്നെയാണ് അവസാന വട്ട സൂചനകൾ. അതേ സമയം റാഫിഞ്ഞ, ഡിയോങ് എന്നിവരുടെ കാര്യത്തിൽ ഇനിയും വ്യക്തത വരേണ്ടതുണ്ട്. ഇവരെ കളത്തിൽ ഇറക്കാൻ മെഡിക്കൽ ടീമിന്റെ അനുമതിക്ക് വേണ്ടി അവസാന നിമിഷം വരെ കാത്തിരിക്കാൻ ആണ് സാവിയുടെ തീരുമാനം എന്നറിയുന്നു. വലത് ബാക്ക് സ്ഥാനത്ത് ആരെത്തും എന്നും ഇതിന് ശേഷമേ അറിയാൻ സാധിക്കൂ. പതിവ് പോലെ വിനിഷ്യസിനെ പൂട്ടേണ്ടത് അത്യാവശ്യം ആണെങ്കിലും കാൻസലോയെ തന്നെ ഈ സ്ഥാനത്ത് ആശ്രയിക്കാൻ സാവി തുനിഞ്ഞെക്കും. കഴിഞ്ഞ മുഖാമുഖങ്ങളിൽ എല്ലാം അരോഹോ ഈ ചുമതല വഹിച്ചു വരികയായിരുന്നു. അത് കൊണ്ട് പ്രതിരോധത്തിൽ കാര്യമായി സംഭാവന ചെയുന്ന റാഫിഞ്ഞക്ക് കളത്തിൽ ഇറങ്ങാൻ കഴിഞ്ഞാൽ കാൻസലോയെ തന്നെ റൈറ്റ് ബാക്ക് സ്ഥാനത്ത് എത്തിച്ച് ബാഴ്‌സക്ക് തന്ത്രം മെനയാം. സീസണിൽ മികച്ച പ്രകടനം നടത്തുന്ന ജാവോ ഫെലിക്സിന്റെ സാന്നിധ്യവും മത്സരത്തിൽ നിർണായകമാവും. എതിർ ബോസ്‌കിനുള്ളിൽ അപകടം വിതക്കാനുള്ള താരത്തിന്റെ കഴിവ് റയലിന് വലിയ തലവേദന സൃഷ്ടിച്ചേക്കും. ഇനിഗോ മാർട്ടിനസും ക്രിസ്റ്റൻസനും ഫോമിൽ ആണെങ്കിലും കഴിഞ്ഞ മത്സരം കൂടുതൽ സമയം കളത്തിൽ ഉണ്ടായ ഇനിഗോക്ക് സാവി വിശ്രമം അനുവദിച്ചെക്കും. താരം പകരക്കാരനായും എത്തിയേക്കും. ഫെർമിൻ ലോപസ് ആണ് മറ്റൊരു ശ്രദ്ധേയ താരം. പ്രീ സീസൺ എൽ ക്ലാസിക്കോയിൽ ഒന്നാന്തരമോരു ഗോളുമായി വരവരിയിച്ച താരം, ചാമ്പ്യൻസ് ലീഗ് മത്സരത്തിലും ബാഴ്‌സക്ക് വേണ്ടി തകർപ്പൻ കളി കെട്ടഴിച്ച ശേഷമാണ് എത്തുന്നത്. അപ്രതീക്ഷിത സ്ഥാനങ്ങളിൽ നിന്നും ഷോട്ട് ഉതിർക്കാൻ കഴിവുള്ള താരത്തെ സാവിക്ക് നിർണായക അവസരങ്ങളിൽ പകരക്കാരനായി കളത്തിൽ ഇറക്കാനും സാധിക്കും. ലമീൻ യമാലിനും ലോകത്തിന് മുന്നിൽ തന്റെ പ്രതിഭ അറിയിക്കാനുള്ള മറ്റൊരു അവസരമാണ് ഈ എൽ ക്ലാസിക്കോ. എല്ലാത്തിനും പുറമെ പോസ്റ്റിന് കീഴിൽ ക്യാപ്റ്റൻ റ്റെർ സ്റ്റഗന്റെ ഫോമും ടീമിന് ഊർജം പകരും.
പരിക്കേറ്റ താരങ്ങളിൽ ചിലക്കെങ്കിലും തിരിച്ചു വരാൻ സാധിച്ചാൽ അത് ബാഴ്‌സക്ക് നല്കുന്ന ഊർജം ചെറുതാകില്ല. റാഫിഞ്ഞയുടെയും ഡിയോങ്ങിന്റെയും സാന്നിധ്യം തന്നെ ഇതിൽ നിർണായകം. സാവിയുടെ മുഴുവൻ തന്ത്രങ്ങളെയും സ്വാധീനിക്കാൻ കെൽപ്പുള്ളവരാണ് ഇവർ. ഡി യോങ് മദ്യനിരയിൽ എത്തിയാൽ കരുത്തുറ്റ റയൽ മിഡ്ഫീൽഡിന് ഒപ്പത്തിനൊപ്പം നിൽക്കാൻ ബാഴ്‌സക്ക് സാധിക്കും. അല്ലാത്ത പക്ഷം ഒരു പക്ഷെ മത്സര ഗതി തീരുമാനിക്കുന്നതും മധ്യനിര തന്നെ ആവും. ഗോളടിയാണ് റയൽ ശ്രദ്ധിക്കേണ്ട മേഖല. പല നിർണായ ഘട്ടങ്ങളിലും ബെല്ലിങ്ഹാമിന്റെ മികവ് കൊണ്ട് രക്ഷപ്പെട്ട ടീം സെവിയ്യക്കെതിരെ ഗോൾ നേടാനാവാതെ പതറിയതും ആൻസലോട്ടിക്ക് വിഷമം സൃഷ്ടിക്കും. അതേ സമയം അത്ലറ്റിക് ക്ലബ്ബിനെതിരെ മാർക് ഗ്യുവിന്റെ ഗോളിൽ രക്ഷപ്പെട്ട ബാഴ്‌സക്ക് ലെവെന്റോവ്സ്കിയുടെ തിരിച്ചു വരവ് വലിയ ഊർജമാകും. കൂടാതെ റാഫിഞ്ഞ കൂടി എത്തിയാൽ മുന്നെത്തിൽ ഗോൾ കണ്ടെത്താനുള്ള സാധ്യതകൾ കൂടും. പതിവ് പോലെ വാൽവെർടെ, ചൗമേനി, ക്രൂസ്, മോഡ്രിച്ച് എന്നിവരുടെ ബോക്സിന് പുറത്തു നിന്നും ഗോൾ തേടിയുള്ള ഷോട്ടുകൾക്കും ആൻസലോടി അനുമതി നൽകും. ഇതോടെ റോമേയുവിനും ഗുണ്ടോഗനും കാര്യമായി തന്നെ ഇവർക്ക് തടയിടാൻ മെനക്കെടേണ്ടി വരും. ആദ്യ ഇലവനിൽ എത്തിയാലും ലെവെന്റോവ്സ്കി മുഴുവൻ സമയം കളിക്കില്ലെ ബാക്കിയുള്ള സമയം സാവി എന്ത് തന്ത്രമാണ് മനസിൽ കാണുന്നത് എന്നതും ഉറ്റു നോക്കേണ്ടതാണ്. പതിവ് പോലെ സ്പോട്ടിഫൈയുടെ എൽ ക്ലാസിക്കോ സ്‌പെഷ്യൽ ജേഴ്‌സി ആയാവും ബാഴ്‌സ ഇറങ്ങുക. പുതുവർഷത്തിലേക്ക് കടക്കുമ്പോൾ ആരാവും പോയിന്റ് പട്ടികയിൽ മുന്നിൽ നിൽക്കുക എന്ന് നിശ്ചയിക്കാൻ കെൽപ്പുള്ള മത്സരം ആണ് ഇതെന്നതിനാൽ ഇരു ടീമുകളും മുഴുവൻ ശക്തിയും സംഭരിച്ച് തന്നെ മത്സരത്തിന് അണിനിരക്കും.
Download the Fanport app now!