ഐപിഎലിൽ പ്ലേ ഓഫ് ഉറപ്പിക്കുവാനുള്ള രാജസ്ഥാന്റെ ശ്രമങ്ങള്‍ സഫലമാകുവാന്‍ ഡൽഹിയ്ക്കെതിരെ നേടേണ്ടത് 222 റൺസ്. ഇന്ന് ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത രാജസ്ഥാനെതിരെ അഭിഷേക് പോറെൽ, ജേക്ക് ഫ്രേസര്‍-മക്ഗര്‍ക്ക് എന്നിവരുടെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനമാണ് ഡൽഹിയെ ഈ മികച്ച സ്കോറിലേക്ക് എത്തിച്ചത്. അവസാന ഓവറുകളിൽ ട്രിസ്റ്റന്‍ സ്റ്റബ്സും ആഞ്ഞടിച്ചപ്പോള്‍ 8 വിക്കറ്റ് നഷ്ടത്തിൽ 221 റൺസാണ് ഡൽഹി നേടിയത്.
ജേക്ക് ഫ്രേസര്‍-മക്ഗര്‍ക്ക് 4.2 ഓവറിൽ പുറത്താകുമ്പോള്‍ 60 റൺസായിരുന്നു ഡൽഹിയുടെ സ്കോര്‍. 19 പന്തിൽ നിന്ന് അര്‍ദ്ധ ശതകം തികച്ച താരം തൊട്ടടുത്ത പന്തിൽ അശ്വിന് വിക്കറ്റ് നൽകി മടങ്ങുകയായിരുന്നു. തൊട്ടടുത്ത ഓവറിൽ ഷായി ഹോപ് റണ്ണൗട്ട് ആയപ്പോള്‍ ഡൽഹി 68/2 എന്ന സ്കോറാണ് നേടിയത്.
ഈ വിക്കറ്റുകള്‍ക്ക് ശേഷം അഭിഷേക് പോറെൽ രാജസ്ഥാന്‍ ബൗളര്‍മാര്‍ക്കെതിരെ അതിവേഗ സ്കോറിംഗ് തുടര്‍ന്നപ്പോള്‍ 9ാം ഓവറിൽ ഡൽഹി 100 റൺസിലേക്ക് എത്തി. അക്സര്‍ പട്ടേൽ 10ാം ഓവറിൽ പുറത്താകുമ്പോള്‍ 110 റൺസായിരുന്നു ഡൽഹി നേടിയത്. അശ്വിനായിരുന്നു അക്സറിന്റെ വിക്കറ്റ്. 10 പന്തിൽ 15 റൺസ് നേടിയ താരം പുറത്തായപ്പോള്‍ മൂന്നാം വിക്കറ്റിൽ ഈ കൂട്ടുകെട്ട് 42 റൺസാണ് നേടിയത്. അവേശ് ഖാനെ സിക്സര്‍ പറത്തി അഭിഷേക പോറെൽ 28 പന്തിൽ നിന്ന് തന്റെ അര്‍ദ്ധ ശതകം തികച്ചു.
36 പന്തിൽ 65 റൺസ് നേടിയ പോറെലിന്റെ വിക്കറ്റും അശ്വിനാണ് വീഴ്ത്തിയത്. 15 റൺസ് നേടിയ ഋഷഭ് പന്തിനെ ചഹാൽ പുറത്താക്കിയപ്പോള്‍ 14 ഓവറിൽ 151/5 എന്ന നിലയിലായിരുന്നു ഡൽഹി ക്യാപിറ്റൽസ്. അവസാന ഓവറുകളിൽ ട്രിസ്റ്റന്‍ സ്റ്റബ്സ്, ഗുല്‍ബാദിന്‍ നൈബ് എന്നിവരുടെ ബാറ്റിംഗ് പ്രകടനമാണ് ഡൽഹിയുടെ സ്കോര്‍ 200 കടത്തിയത്.
അവസാന ഓവറിൽ സന്ദീപ് ശര്‍മ്മയെ തുടരെയുള്ള പന്തുകളിൽ സിക്സര്‍ പറത്തിയ സ്റ്റബ്സിനെ മൂന്നാം പന്തിൽ വിക്കറ്റിന് മുന്നിൽ കുടുക്കി. 20 പന്തിൽ നിന്ന് 41 റൺസാണ് സ്റ്റബ്സ് നേടിയത്.