ഇറ്റാലിയൻ സീരി എയിൽ യുവന്റസിനെ സമനിലയിൽ തളച്ചു ഫിയരന്റീന. പന്ത് കൈവശം വക്കുന്നതിലും അവസരങ്ങൾ സൃഷ്ടിക്കുന്നതിലും ആതിഥേയരായ ഫിയരന്റീനയുടെ ആധിപത്യം ആണ് മത്സരത്തിൽ കാണാൻ ആയത്. 14 ഷോട്ടുകൾ ഉതിർത്ത അവർ 10 കോർണറുകളും നേടി. ഒമ്പതാം മിനിറ്റിൽ ലഭിച്ച അവസരം ലക്ഷ്യത്തിൽ എത്തിച്ച മിലിക് യുവന്റസിന് മത്സരത്തിൽ ആദ്യ ഗോൾ സമ്മാനിച്ചു. തുടർച്ചയായ രണ്ടാം മത്സരത്തിൽ മിലിക് ഗോൾ നേടുക ആയിരുന്നു.
ബോക്സിന് ഉള്ളിൽ ലഭിച്ച സുവർണ അവസരം പോളണ്ട് താരം ലക്ഷ്യത്തിൽ എത്തിക്കുക ആയിരുന്നു. 29 മത്തെ മിനിറ്റിൽ ഫിയരന്റീന അർഹിച്ച സമനില ഗോൾ കണ്ടത്തി. റിക്കാർഡോ സ്കോട്ടിലിന്റെ ത്രൂ ബോൾ സമ്മാനിച്ച അവസരം മുതലെടുത്ത് ഐവറി കോസ്റ്റ് താരം ക്രിസ്റ്റിയൻ കൗയാമെ ആതിഥേയർക്ക് സമനില ഗോൾ സമ്മാനിച്ചു. തുടർന്ന് ജയത്തിനായി ഫിയരന്റീന നന്നായി ശ്രമിച്ചു എങ്കിലും ഗോൾ മാത്രം പിറന്നില്ല. നിലവിൽ ലീഗിൽ യുവന്റസ് നാലാമതും ഫിയരന്റീന പത്താം സ്ഥാനത്തും ആണ്.