ഐപിഎലില്‍ ഏഴാം മത്സരത്തിലും പരാജയം ഏറ്റുവാങ്ങി മുംബൈ ഇന്ത്യന്‍സ്. ഇന്ന് അവസാന ഓവറിൽ 17 റൺസ് നേടേണ്ടിയിരുന്ന ചെന്നൈയെ ധോണിയുടെ ഇന്നിംഗ്സ് 3 വിക്കറ്റ് വിജയത്തിലേക്ക് നയിക്കുകയായിരുന്നു. 13 പന്തിൽ 28 റൺസാണ് എംഎസ് ധോണി നേടിയത്.
റോബിന്‍ ഉത്തപ്പയും അമ്പാട്ടി റായിഡുവും മാത്രമാണ് ചെന്നൈയുടെ ടോപ് ഓര്‍ഡറിൽ റൺസ് കണ്ടെത്തിയത്. ഉത്തപ്പ 30 റൺസും അമ്പാട്ടി റായിഡു 40 റൺസും നേടിയെങ്കിലും ഡാനിയേൽ സാംസിന്റെ ബൗളിംഗിന് മുന്നിൽ ചെന്നൈ തകരുകയായിരുന്നു.
അവസാന രണ്ടോവറിലേക്ക് കടന്നപ്പോള്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന് വിജയത്തിനായി 28 റൺസായിരുന്നു വേണ്ടിയിരുന്നത്. ബുംറ എറിഞ്ഞ 19ാം ഓവറിൽ 11 റൺസ് പിറന്നപ്പോള്‍ അവസാന ഓവറിൽ ചെന്നൈയ്ക്ക് 17 റൺസായിരുന്നു വിജയത്തിനായി വേണ്ടിയിരുന്നത്.
14 പന്തിൽ 22 റൺസ് നേടിയ ഡ്വെയിന്‍ പ്രിട്ടോറിയസിനെ അവസാന ഓവറിലെ ആദ്യ പന്തിൽ നഷ്ടമായതോടെ ചെന്നൈയ്ക്ക് കാര്യങ്ങള്‍ പ്രയാസമായി. എന്നാൽ എംഎസ് ധോണി മൂന്നാം പന്തിൽ സിക്സും നാലാം പന്തിൽ ഫോറും നേടിയതോടെ ലക്ഷ്യം രണ്ട് പന്തിൽ 6 റൺസായി മാറി. അഞ്ചാം പന്തിൽ ഡബിള്‍ നേടിയപ്പോള്‍ ലക്ഷ്യം അവസാന പന്തിൽ ബൗണ്ടറിയായി മാറി. അതും നേടി ധോണിയെന്ന ഫിനിഷറുടെ മടങ്ങി വരവ് ആയി മത്സരം.
ഡാനിയേൽ സാംസ് നാലും ജയ്ദേവ് ഉനഡ്കട് രണ്ടും വിക്കറ്റ് നേടിയെങ്കിലും മുംബൈയ്ക്ക് വിജയം നേടുവാന്‍ സാധിച്ചില്ല.