ടീം 4, കളി 4

2022 സീസണിലെ പ്ലേ ഓഫ് ലൈൻ അപ്പ് ആയിക്കഴിഞ്ഞു. ഇക്കൊല്ലം പുതുതായി ഐപിഎല്ലിൽ കളിക്കാൻ എത്തിയ രണ്ട് ടീമുകളും അവസാന നാലിൽ ഇടം പിടിച്ചു എന്ന വിശേഷമാണ് ശ്രദ്ധിക്കപ്പെടേണ്ടത്.

ഗുജറാത്ത്, ലക്‌നൗ ടീമുകളുടെ ഈ പ്രകടനം പ്രശംസനീയം തന്നെ. അതിൽ അത്ഭുതപ്പെടുത്തിയത് ഗുജറാത്ത് ടീമാണ്. ഒന്നാം നമ്പറായി ഫിനിഷ് ചെയ്ത് അമ്പരപ്പിച്ചു കളഞ്ഞു. ടൂർണമെന്റിലെ ഇത് വരെയുള്ള പ്രകടനം വച്ചു നോക്കുമ്പോൾ അടുത്ത കളിയിൽ അവർ സഞ്ജുവിന്റെ രാജസ്ഥാൻ ടീമിനെ മറി കടന്നു ഫൈനലിൽ എത്തേണ്ടതാണ്.

ആശ്ചര്യങ്ങളുടെ കൂടാരമാണ് രാജസ്ഥാൻ, ടീമും അങ്ങനെ തന്നെ. ആദ്യ കളികളിൽ ആഞ്ഞടിച്ചു റൺ വേട്ടയിൽ അതിദൂരം മുന്നോട്ട് പോയ ബട്ളരുടെ കൈയ്യൂക്കിൽ കളികൾ ജയിച്ച ഈ ടീം, പിന്നീട് അശ്വിന്റെയും, യശസ്വിയുടെയും, ഹെറ്റിയുടെയും തോളിൽ കയറിയാണ് പ്ലേ ഓഫിൽ എത്തിയത്. അവരുടെ ബോളിങ് ഗ്രൂപ്പ് ഒരിക്കലും നിരാശപ്പെടുത്തിയില്ല എന്നത് ആശ്വാസമായി. അത് കൊണ്ട് ഗുജറാത്തിന്റെ ഫൈനൽ പ്രവേശം തീർച്ചയില്ല. രാജസ്ഥാന്റെ ആദ്യ ക്യാപ്റ്റൻ വോണിന് ഡെഡിക്കേറ്റ് ചെയ്ത ഈ സീസണ്, അവർ ഫൈനലിൽ കയറി കളിക്കും എന്നാണ് സഞ്ജു പറഞ്ഞത്. കൂട്ടിക്കിഴിക്കുമ്പോൾ ഫൈനലിൽ കളിക്കാൻ എന്ത് കൊണ്ടും യോഗ്യരാണ് അവർ.
Img 20220522 015406

മൂന്നാം സ്ഥാനത്തുള്ള ലക്‌നൗ ആരും പ്രതീക്ഷിക്കാത്ത പ്രകടനമാണ് കാഴ്ചവച്ചത്. ഇക്കൊല്ലം ഏറ്റവും നല്ല ബാറ്റിംഗ് പുറത്തെടുത്ത ക്യാപ്റ്റൻ എന്ന ഖ്യാതി രാഹുലിന് തന്നെ. ക്യാപ്റ്റന് പിന്നിൽ ഉറച്ചു നിന്ന് കളിച്ച ടീം ഒന്നടങ്കം ഈ നേട്ടത്തിൽ പങ്കാളികളാണ്. മെന്ററായി വന്ന ഗൗതം ഗംഭീർ ഈ ടീമിനെ വാർത്തെടുക്കുന്നതിൽ നല്ലൊരു റോൾ കളിച്ചിട്ടുണ്ട്, ഈ ടീമിനെ ഇഷ്ടപ്പെടാതിരിക്കാനുള്ള ഒരേയൊരു കാരണം ഗംഭീർ ആണെങ്കിൽ പോലും, അത് പറയാതെ വയ്യ.Img 20220522 015417

നാലാമത്തെ സ്ഥാനക്കാരായി മുംബൈ ടീമിന്റെ വിജയത്തിന്റെ സഹായത്തോടെ എത്തിയ ആർസിബി, ഫൈനൽ കാണാൻ ഏറ്റവും സാധ്യതയുള്ള ടീമായിട്ടാണ് കണക്കാക്കപ്പെടുന്നത്. കോഹ്‌ലിയുടെ തിരിച്ചു വന്ന ഫോമിന്റെ ബലത്തിൽ അടുത്ത രണ്ടു കളികളിലും മെച്ചപ്പെട്ട പ്രകടനം കാഴ്ച വയ്ക്കും എന്നാണ് വിദഗ്ധർ കരുതുന്നത്.

ഈ നാലു ടീമുകളും തങ്ങളുടെ കഴിവിന്റെ പരമാവധി ശ്രമിക്കും, കപ്പ് ഉയർത്താൻ. പക്ഷെ കപ്പ് ആരെ ഉയർത്തും എന്നത് അറിയാൻ കാത്തിരിക്കേണ്ടി വരും.