കൊല്‍ക്കത്തയെ വെള്ളം കുടിപ്പിച്ച് രാഹുല്‍ ചഹാര്‍, കൈവിട്ട കളി തിരിച്ച് പിടിച്ച് മുംബൈ ഇന്ത്യന്‍സ്

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

അനായാസ ജയം നേടുമെന്ന തോന്നിപ്പിച്ച കൊല്‍ക്കത്തയില്‍ നിന്ന് വിജയം പിടിച്ചെടുത്ത് മുംബൈ ഇന്ത്യന്‍സ്. ഒരു ഘട്ടത്തില്‍ പത്ത് വിക്കറ്റ് കൈവശമുള്ളപ്പോള്‍ 81 റണ്‍സ് മാത്രം ജയത്തിനായി വേണ്ടിയിരുന്നു കൊല്‍ക്കത്തയ്ക്ക് പിന്നീട് തുടരെ വിക്കറ്റുകള്‍ നഷ്ടമായപ്പോള്‍ മത്സരം ടീം കൈവിടുന്ന കാഴ്ചയാണ് കണ്ടത്. 20 ഓവറില്‍ കൊല്‍ക്കത്തയ്ക്ക് 142 റണ്‍സ് മാത്രമേ 7 വിക്കറ്റ് നഷ്ടത്തില്‍ നേടാനായുള്ളു.

152 റണ്‍സെന്ന ചെറിയ സ്കോര്‍ മാത്രം നേടിയ മുംബൈയ്ക്കെതിരെ മികച്ച തുടക്കമാണ് നിതീഷ് റാണയും ശുഭ്മന്‍ ഗില്ലും ചേര്‍ന്ന് കൊല്‍ക്കത്തയ്ക്ക് നല്‍കിയത്. ഒന്നാം വിക്കറ്റില്‍ 8.5 ഓവറില്‍ 72 റണ്‍സ് നേടിയ കൂട്ടുകെട്ടിനെ തകര്‍ത്തത് രാഹുല്‍ ചഹാര്‍ ആയിരുന്നു. 33 റണ്‍സ് നേടിയ ഗില്ലിന്റെ വിക്കറ്റ് വീഴ്ത്തിയ ചഹാര്‍ ആണ് കൊല്‍ക്കത്തയുടെ ആദ്യ നാല് വിക്കറ്റും വീഴ്ത്തിയത്.

Ranagill

ഗില്ലിന് ശേഷം രാഹുല്‍ ത്രിപാഠി(5), ഓയിന്‍ മോര്‍ഗന്‍(7) എന്നിവരെ കൂടാതെ അര്‍ദ്ധ ശതകം നേടിയ നിതീഷ് റാണയെയും പുറത്താക്കിയ ചഹാര്‍ അനായാസം വിജയത്തിലേക്ക് കുതിയ്ക്കുമെന്ന് കരുതിയ കൊല്‍ക്കത്ത ക്യാമ്പില്‍ പരിഭ്രാന്തി പരത്തുകയായിരുന്നു. 15 ഓവറുകള്‍ പിന്നിടുമ്പോള്‍ 122/4 എന്ന നിലയിലായിരുന്ന കൊല്‍ക്കത്തയ്ക്ക് അടുത്ത ഓവറില്‍ ഷാക്കിബ് അല്‍ ഹസനെയും നഷ്ടമായി. ക്രുണാല്‍ പാണ്ഡ്യയ്ക്കായിരുന്നു വിക്കറ്റ്.

Mumbaiindians

പിന്നീട് സമ്മര്‍ദ്ദം സൃഷ്ടിച്ച മുംബൈയ്ക്കെതിരെ വലിയ അടികള്‍ അധികം പിറക്കാതിരുന്നപ്പോള്‍ കൊല്‍ക്കത്തയ്ക്ക് അവസാന രണ്ടോവറില്‍ 19 റണ്‍സായിരുന്നു വിജയത്തിനായി നേടേണ്ടിയിരുന്നത്. ജസ്പ്രീത് ബുംറ എറിഞ്ഞ 19ാം ഓവറില്‍ വെറും നാല് റണ്‍സ് മാത്രം പിറന്നപ്പോള്‍ അവസാന ഓവറില്‍ 15 റണ്‍സ് ജയത്തിനായി കൊല്‍ക്കത്ത നേടേണ്ടതായി വന്നു.

അവസാന ഓവര്‍ എറിഞ്ഞ ട്രെന്റ് ബോള്‍ട്ട് 5 റണ്‍സ് മാത്രം വിട്ട് നല്‍കി റസ്സലിനെയും പാറ്റ് കമ്മിന്‍സിനെയും വീഴ്ത്തി മത്സരം മുംബൈയ്ക്കൊപ്പമാക്കി മാറ്റുകയായിരുന്നു.