ഫുട്ബോൾ ലോകത്തെ മറ്റൊരു വമ്പൻ ടൂർണമെന്റിന് ഇന്ന് ഫ്രാൻസിൽ തുടക്കമാകും. ഏറെ അവഗണന ഇന്നും നേരിടുന്ന വനിതാ ഫുട്ബോളിലെ ലോകകപ്പിനാണ് ഇന്ന് ആദ്യ വിസിൽ മുഴങ്ങുന്നത്. ഇതുവരെ നടന്ന വനിതാ ലോകകപ്പുകളെ അപേക്ഷിച്ച് ഏറ്റവും കൂടുതൽ കാണികൾ പങ്കെടുക്കുന്ന ലോകകപ്പും ഏറ്റവും കൂടുതൽ ആളുകൾ ടെലിവിഷനിലൂടെ കാണുന്ന ലോകകപ്പുമായിരിക്കും ഇത്. അവസാന വർഷങ്ങളിലെ വനിതാ ഫുട്ബോളിന്റെ വളർച്ച എവിടെ വരെ എത്തി എന്നതിന്റെ നേർചിത്രം കൂടിയാകും ഈ ടൂർണമെന്റ്.
ഇന്ന് ആതിഥേയരായ ഫ്രാൻസും കൊറിയയും തമ്മിലുള്ള മത്സരത്തോടെയാകും ലോകകപ്പിന് തുടക്കമാവുക. ലിയോൺ എന്ന വൻ ക്ലബിലെ ഭൂരിഭാഗം താരങ്ങളും ഉൾപ്പെട്ടതാണ് ഫ്രഞ്ച് പട ലെ സൊമ്മെറിന്റെ നേതൃത്വത്തിൽ ആണ് ഫ്രാൻസ് ഇറങ്ങുന്നത്. അവസാനം ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ ഫ്രാൻസിന് തന്നെ ആയിരുന്നു വിജയം. അതിൽ മാറ്റങ്ങളുണ്ടാക്കുക ആകും കൊറിയയുടെ ലക്ഷ്യം. ടൂർണമെന്റിലെ ഫേവറിറ്റുകളിൽ ഒന്നാണ് ഫ്രാൻസ്. ഇന്ന് രാത്രി 12.30നാണ് മത്സരം നടക്കുക. ഫിഫയുടെ വെബ്സൈറ്റ് വഴി മത്സരം തത്സമയം കാണാം.
നിലവിലെ ചാമ്പ്യന്മാരായ അമേരിക്ക ആണ് ഇത്തവണ ഫ്രാൻസിലും കിരീടമെടുക്കാൻ ഏറ്റവും സാധ്യത കൽപ്പിക്കുന്ന ടീം. പക്ഷെ അമേരിക്കയ്ക്ക് കാര്യങ്ങൾ എളുപ്പമാകില്ല. ഇംഗ്ലണ്ട്, ജർമ്മനി, ഓസ്ട്രേലിയ, ഹോളണ്ട്, ജപ്പാൻ എന്നീ ടീമുകൾ എല്ലാം ഇപ്പോൾ ഒന്നിനൊന്ന് മെച്ചമാണ്.
സാം കെറിന്റെ സാന്നിദ്ധ്യം ഓസ്ട്രേലിയയെ ഫേവറിറ്റുകളിൽ ഒന്ന് തന്നെ ആക്കുന്നു. ഫ്രാൻസിന്റെ പ്രധാന മുൻതൂക്കം അവരുടെ നാട്ടിലാണ് കളി എന്നതാണ്. ടോണി ഡുഗാൻ, നികിത പാരിസ് തുടങ്ങി സൂപ്പർ താരങ്ങളുടെ ഒരു നിര തന്നെ ഉള്ള ഇംഗ്ലീഷ് ടീമിന് ഫിൽ നെവിൽ എന്ന പരിശീലകൻ ഒപ്പമുണ്ടെന്നുള്ള ശക്തിയും ഉണ്ട്. യൂറൊ ചാമ്പ്യന്മാരായ നെതർലന്റ്സ് ലെക മർടെൻസിൽ ആണ് പ്രതീക്ഷയർപ്പിച്ചിരിക്കുന്നത്. ഈ സീസണിൽ ആഴ്സണലിനായി അത്ഭുതങ്ങൾ കാണിച്ച വിവിയെനെ മയദമെയും ഡച്ച് നിരയിൽ ഉണ്ട്.
6 ഗ്രൂപ്പുകളിലായി 24 ടീമുകളാണ് ലോകകപ്പിൽ പങ്കെടുക്കുന്നത്. നിലവിലെ ചാമ്പ്യന്മാരായ അമേരിക്ക ഗ്രൂപ്പ് എഫിൽ ആണ്. ഇംഗ്ലണ്ട്, ജപ്പാൻ, സ്കോട്ലാൻഡ്, അർജന്റീന എന്നിവർ ഉള്ള ഗ്രൂപ്പ് ഡി ആണ് കൂട്ടത്തിൽ ഏറ്റവും കടുപ്പമുള്ളത്. ജർമ്മനിയും സ്പെയിനും അണിനിരക്കുന്ന ഗ്രൂപ്പ് ബിയും, ഓസ്ട്രേലിയയും ബ്രസീലുമുള്ള ഗ്രൂപ്പ് സിയും ശക്തം തന്നെയാണ്.
Group A
France
Korea Republic
Norway
Nigeria
Group B
Germany
China
Spain
South Africa
Group C
Australia
Italy
Brazil
Jamaica
Group D
England
Scotland
Argentina
Japan
Group E
Canada
Cameroon
New Zealand
Netherlands
Group F
USA
Thailand
Chile
Sweden