റാങ്കിംഗിൽ ഫിഫ നടത്തിയ പരിഷ്കാരങ്ങൾക്ക് ശേഷം വന്ന ആദ്യ റാങ്കിംഗിൽ ഇന്ത്യക്ക് നേട്ടം. ഒരു സ്ഥാനം മെച്ചപ്പെട്ട് ഇന്ത്യ 96ആം റാങ്കിലേക്ക് എത്തി. എലോ റാങ്കിംഗ് രീതിയിലാണ് ഫിഫ ഈ തവണ മുതൽ റാങ്കിംഗ് കണക്കിലാക്കുന്നത്.
ഇന്ന് പുറത്ത് ഇറങ്ങിയ റാങ്കിംഗിൽ ഇന്ത്യ 350 പോയന്റുമായാണ് ഇന്ത്യ 96ആം സ്ഥാനത്ത് എത്തിയത്. കഴിഞ്ഞ റാങ്കിംഗിൽ 97ആം സ്ഥാനത്തായിരുന്നു ഇന്ത്യ. കഴിഞ്ഞ വർഷം ജൂലൈയിലായിരുന്നു അവസാനമായി ഇന്ത്യ 96ആം റാങ്കിൽ എത്തിയത്. ഇന്ത്യയുടെ ഏറ്റവും മികച്ച രണ്ടാമത്തെ റാങ്കിംഗ് ആണ് ഇത്. 1996ൽ 94ആം റാങ്കിൽ എത്തിയതാണ് ഇന്ത്യയുടെ ഏറ്റവും മികച്ച റാങ്കിംഗ്.
റാങ്കിംഗിൽ ആദ്യ പത്തിൽ കാര്യമായ മാറ്റങ്ങൾ വന്നു. ലോക ചാമ്പ്യന്മാരായ ഫ്രാൻസ് ആണ് ആദ്യ പത്തിൽ നേട്ടമുണ്ടാക്കിയത്. ആറ് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി ഫ്രാൻസ് റാങ്കിംഗിൽ ഒന്നാമത് എത്തി. ബെൽജിയം രണ്ടാം സ്ഥാനത്തും, ലോകകപ്പിലെ റണ്ണേഴ്സ് അപ്പായ ക്രൊയേഷ്യ നാലാം സ്ഥാനത്തും എത്തി. 16 സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയാണ് ക്രൊയേഷ്യ നാലിൽ എത്തിയത്.
ബ്രസീൽ ഒരു സ്ഥാനം പിറകിലേക്ക് പോയി മൂന്നിൽ എത്തിയപ്പോൾ അർജന്റീന 6 സ്ഥാനങ്ങൾ പിറകിൽ പോയി 11ആം സ്ഥാനത്തായി. ഉറുഗ്വേ 9 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി അഞ്ചിൽ എത്തി.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial