മെസ്സി, ഹാളണ്ട്, ബോൺമാറ്റി; ഫിഫ “ബെസ്റ്റ്” പുരസ്‌കാരത്തിനുള്ള നാമനിർദ്ദേശ പട്ടിക ആയി

Nihal Basheer

Updated on:

ഈ വർഷത്തെ ഫിഫ “ബെസ്റ്റ്” അവാർഡുകൾക്ക് നാമനിർദ്ദേശം ചെയ്ത താരങ്ങളുടെ പട്ടിക പുറത്തു വന്നു. മികച്ച പുരുഷ താരത്തിനുള്ള പട്ടികയിൽ ലയണൽ മെസ്സി, ഏർലിങ് ഹാളണ്ട്, കിലിയൻ എമ്പാപ്പെ തുടങ്ങി പ്രമുഖ താരങ്ങൾ എല്ലാം ഉൾപ്പെട്ടിട്ടുണ്ട്. ട്രബിൾ നേടി ചരിത്രം കുറിച്ച മാഞ്ചസ്റ്റർ സിറ്റിയുടെ ആറു താരങ്ങളും ഉൾപ്പെട്ടു. അതേ സമയം പുരുഷ താരത്തിനുള്ള അവാർഡിന് ലോകകപ്പിലെ പ്രകടനം പരിഗണിക്കില്ല. കഴിഞ്ഞ ഡിസംബർ 19 മുതൽ ഓഗസ്റ്റ് 20വരേയുള്ള കാലയളവിലെ പ്രകടനമാണ് പരിഗണിക്കുന്നത്. ഇതോടെ മാഞ്ചസ്റ്റർ സിറ്റി താരങ്ങൾക്ക് തന്നെയാണ് അവാർഡിൽ മുൻതൂക്കം ലഭിക്കുന്ന എന്ന കാര്യത്തിൽ സംശയമില്ല.
Screenshot 20230914 202111 Chrome
ഹാലണ്ടിന് പുറമെ, ഡി ബ്രൂയിൻ, ബെർണഡോ സിൽവ, ഹൂലിയൻ അൽവാരസ്, റോഡ്രി എന്നിവരും കഴിഞ്ഞ സീസണിൽ സിറ്റി ക്യാപ്റ്റൻ ആയിരുന്ന ഐകയ് ഗുണ്ടോഗനും പട്ടികയിൽ ഉണ്ട്. നീണ്ട ഇടവേളക്ക് ശേഷം നാപോളി സീരി എ കിരീടം ചൂടിയപ്പോൾ ടീമിന്റെ നെടുംതൂണായിരുന്ന വിക്റ്റർ ഓസിമേൻ, ഖ്‌വരത്സ്കെലിയ, ഇന്റർ മിലാന്റെ ബ്രോസോവിച്ച് എന്നിവരും പട്ടികയിൽ ഉണ്ട്. എമ്പാപ്പെ, ലയണൽ മെസ്സി എന്നിവരും ഉൾപ്പെട്ടു. വെസ്റ്റ്ഹാം കോൺഫറൻസ് ലീഗ് ഉയർത്തിയപ്പോൾ ടീമിനെ മുന്നിൽ നിന്നും നയിച്ച ഡെക്ലാൻ റൈസും അവാർഡിന് വേണ്ടി പരിഗണനയിൽ ഉണ്ട്.

വനിതാ താരങ്ങൾക്കുള്ള പട്ടികയിൽ പ്രതീക്ഷിച്ച പോലെ ബാലൻഡിയോർ ജേതാവ് ഐറ്റന ബോൺമാറ്റി ഉൾപ്പെട്ടു. സൽ‍മ പരല്വെലോ, ജെന്നി ഹെർമോസോ, മാപി ലിയോൺ തുടങ്ങിയ ബാഴ്‌സ-സ്പാനിഷ് താരങ്ങളും പട്ടികയിൽ ഉണ്ട്. ലോകകപ്പ് ഫൈനലിസ്റ്റുകൾ ആയ ഇംഗ്ലണ്ട് ടീമിൽ നിന്നും റേച്ചൽ ഡാലി, അലക്‌സ് ഗ്രീൻവുഡ്, ലോറൻ ജെയിംസ്, കെയ്റ വാൽഷ് എന്നിവർ ഉണ്ട്. ലോകകപ്പിൽ തകർപ്പൻ പ്രകടനം പുറത്തെടുത്ത ഓസ്‌ട്രേലിയയുടെ കൈറ്റ്ലിൻ ഫൂർഡ്, മേരി ഫൗലർ, സാം കെർ എന്നിവരും ജപ്പാന്റെ മിയസവയും പട്ടികയിൽ ഉൾപ്പെട്ടു.