എഴുപത്തി അഞ്ചാം സ്വാതന്ത്ര്യദിനത്തിന്റെ പിറ്റേപ്പുലരി ഇന്ത്യൻ ഫുട്ബോൾ ആരാധകരെ വരവേറ്റത് ഫിഫ വിലക്കിന്റെ അസ്വാതന്ത്ര്യത്തിലേക്കാണ്. ഫിഫയുടെ ചട്ടങ്ങൾ ലംഘിച്ചു, അസോസിയേഷനിൽ ബാഹ്യ ഇടപെടലുണ്ടായി എന്നീ കാരണങ്ങൾ നിരത്തിയാണ് ഫിഫയുടെ വിലക്ക്. വിലക്കിന്റെ പ്രഹരങ്ങൾ ഓരോന്നായി ഇന്ത്യൻ ഫുട്ബോളിനെ വേട്ടയാടാൻ തുടങ്ങിക്കഴിഞ്ഞു. അതിലേക്കുള്ള എത്തിനോട്ടമാണ് ചുവടെ.
ഐ എസ് എൽ/ഐലീഗ്
ആഭ്യന്തര ലീഗുകൾ നടത്തുന്നതിനോ താരങ്ങളെ രജിസ്റ്റർ ചെയ്യുന്നതിനോ ഫിഫ വിലക്ക് തടസ്സമല്ല. അതേസമയം വിദേശ ക്ലബുകളുമായി മത്സരങ്ങൾ സംഘടിപ്പിക്കാൻ സാധിക്കില്ല. കേരള ബ്ലാസ്റ്റേഴ്‌സ് ടീം പ്രീസീസൺ ടൂറിനായി യു എ ഇ യിൽ എത്തിയിരുന്നു. യുഎഇയിലെ ക്ലബുകളുമായി ബ്ലാസ്റ്റേഴ്‌സ് നേരത്തെ തീരുമാനിച്ച എല്ലാ മത്സരങ്ങളും വിലക്ക് നിലവിൽ വന്നതോടെ മുടങ്ങി.
ദേശീയ ടീം
ഇന്ത്യയുടെ പുരുഷ-വനിത ടീമുകൾക്ക്-ഏജ് ഗ്രൂപ്പ് ടീമുകൾ അടക്കം- അന്താരാഷ്ട്ര മത്സരങ്ങളൊന്നും കളിക്കാൻ സാധ്യമല്ല. എ എഫ് സി ഏഷ്യൻ കപ്പ് യോഗ്യത മത്സരങ്ങൾ, സീനിയർ ടീമിന്റെ വിയറ്റ്‌നാം, സിംഗപ്പൂർ ടീമുകൾക്കെതിരെയുള്ള സൗഹൃദ മത്സരങ്ങൾ എന്നിവ നടക്കാനുള്ള സാധ്യതകൾ തൽക്കാലം അടഞ്ഞിരിക്കുകയാണ്. “തന്റെ കരിയറിന്റെ അവസാന ഘട്ടത്തിലാണ് ഇപ്പോൾ. ഫിഫ ബാൻ വന്നാൽ അത് പ്രയാസകരമായിരിക്കും” എന്ന് സുനിൽ ഛേത്രി നേരത്തെ തന്നെ ആശങ്ക പ്രകടിപ്പിച്ചിരുന്നു. വിലക്ക് അനന്തമായി നീളുന്ന പക്ഷം, അടുത്ത വർഷം നടക്കുന്ന എ എഫ് സി ഏഷ്യൻ കപ്പോടെ വിരമിക്കാം എന്ന ക്യാപ്റ്റന്റെ ആഗ്രഹം വെറുതെയാവും. ഒരു വിരമിക്കൽ മത്സരം ലഭിക്കാതെ ഇന്ത്യയുടെ ക്യാപ്റ്റൻ ലീഡർ ലെജൻഡ് പടിയിറങ്ങേണ്ടി വരും എന്ന ആധി കൂടി ഫിഫ വിലക്ക് പങ്കുവെക്കുന്നു. ഇത്തരത്തിൽ ആരാധകരെ സംബന്ധിച്ചിടത്തോളം വൈകാരികമായ മുറിവുകളും വിലക്കിന്റെ ഭാഗമായി രൂപപ്പെടുന്നു.
കോണ്ടിനെന്റൽ ക്ലബ് ടൂർണമെന്റുകൾ
ഫിഫ വിലക്കിന്റെ കനത്ത പ്രഹരങ്ങളിലൊന്നായി മാറി ഗോകുലം കേരള എഫ്‌സിയുടെ എ എഫ് സി ക്ലബ് ചാംപ്യൻഷിപ് പങ്കാളിത്തം നിഷേധിക്കപ്പെട്ടത്. വിലക്ക് വരുന്നതിന് മുൻപേ ഗോകുലം വനിതകൾ എ എഫ് സി ടൂർണമെന്റ് വേദിയായ ഉസ്ബക്കിസ്ഥാനിലെത്തി പരിശീലനം ആരംഭിച്ചിരുന്നു. ശക്തമായ ടീമിനെത്തന്നെ ഒരുക്കിയ മലബാറിയൻസിന്, നേരത്തെ തന്നെ ഗ്രൂപ്പിലെ ഒരു ടീം പിന്മാറിയതിനാൽ അടുത്ത റൗണ്ടിലേക്കുള്ള പ്രതീക്ഷകളും വാനോളമായിരുന്നു. അതൊക്കെയാണ് വിലക്കിന്റെ അഭിശപ്ത നിമിഷത്തോടൊപ്പം ഉടഞ്ഞില്ലാതായത്. എ എഫ് സി കപ്പിൽ ഇന്റർസോൺ സെമി പ്ലെയോഫിൽ പ്രവേശിച്ച എ ടി കെ മോഹൻ ബഗാനും അവസരം നഷ്ടപ്പെടുമെന്ന ആശങ്കയിലാണ്.
ഫിഫ ലോകകപ്പ്
2020ൽ നടക്കേണ്ടിയിരുന്ന അണ്ടർ 17 വനിത ലോകകപ്പിന്റെ ആതിഥേയത്വം ഇന്ത്യയ്ക്കായിരുന്നു. അതിനായി മികച്ച രൂപത്തിൽ തയ്യാറെടുത്ത ടീമിന് ഒടുക്കം കണ്ണീരായിരുന്നു വിധി. കൊവിഡ് 19 കാരണം ടൂർണമെന്റ് റദ്ദായപ്പോൾ കളിക്കാരോടൊപ്പം ആരാധകരും സങ്കടപ്പെടുകയും അവരോട് ഐക്യപ്പെടുകയും ചെയ്‌തു. 2022 അണ്ടർ17 വനിത ലോകകപ്പ് ആതിഥേയത്വം ഇന്ത്യയ്ക്ക് നൽകിയാണ് ഫിഫ ആ സങ്കടം ഭാഗികമായെങ്കിലും പരിഹരിച്ചത്. അങ്ങനെ ആ ടൂർണമെന്റിനായി ഒരുങ്ങിയ കുട്ടികളും കനത്ത നിരാശയുടെ കയത്തിലേക്കാണ് വിലക്കിനോടൊപ്പം മുങ്ങിത്താണത്.ലോകകപ്പിന്റെ ആതിഥേയത്വവും പങ്കാളിത്തത്തിനുള്ള അവസരവും നഷ്ടപ്പെടുന്നതിന്റെ വിഷമം പറഞ്ഞറിയിക്കേണ്ടതില്ലല്ലോ.
ഇന്ത്യൻ ഫുട്ബോളിൽ മഹാനഷ്ടങ്ങൾ തീർക്കുന്നതും മാനക്കേടിന്റെ നടുക്കടലിലേക്ക് രാജ്യത്തെ വലിച്ചെറിയുന്നതും ഇവിടുത്തെ അധികാര-രാഷ്ട്രീയ കേന്ദ്രങ്ങളിൽ ഇരിക്കുന്നവരാണെന്ന് പറയാതെ വയ്യ. പ്രഫുൽ പട്ടേൽ പ്രസിഡന്റ് സ്ഥാനത്ത് കടിച്ചു തൂങ്ങാൻ ശ്രമിച്ചതും, സ്റ്റേറ്റ് അസോസിയേഷനുകളുടെ അധികാര വടംവലിയും ഒക്കെയാണ് ഫിഫ നടപടിയെടുക്കുന്ന സാഹചര്യത്തിലേക്ക് ഇന്ത്യയെ എത്തിച്ചത്. സസ്പെൻഷൻ എടുത്തുകളയാൻ ഫിഫ നിർദേശിച്ച കാര്യങ്ങൾ ഉടനടി ചെയ്യാത്ത പക്ഷം നഷ്ടങ്ങളുടെ പരമ്പരയാണ് ഇന്ത്യൻ ഫുട്ബോളിനെ കാത്തിരിക്കുന്നത്. കേന്ദ്രവും സുപ്രീംകോടതിയും അനുകൂല മനോഭാവം കാണിക്കുന്നതിനാൽ നല്ലനാളുകൾ അകലെയല്ല എന്ന് പ്രതീക്ഷ വെക്കാം.