താരക്കൈമാറ്റത്തിൽ തുക പൂർണമായി നൽകാത്തതിന്റെ പേരിൽ സൗദി പ്രോ ലീഗ് ക്ലബ്ബ് അൽ നാസറിന് ഫിഫയുടെ ബാൻ. ഇതോടെ പുതിയ താരങ്ങളെ ലീഗിൽ രെജിസ്റ്റർ ചെയ്യുന്നതിന് ടീം വിലക്ക് നേരിടും. ലെസ്റ്റർ സിറ്റി താരമായിരുന്ന അഹ്മദ് മൂസയെ എത്തിച്ച ഡീലിൽ ഉള്ള തുകയാണ് ഇതുവരെ അൽ നാസർ കൊടുത്തു തീർക്കാൻ ഉള്ളത്. എന്നാൽ പെട്ടെന്ന് തന്നെ തുക പൂർണമായി നൽകിയാൽ അൽ നാസറിന് വിലക്ക് നേരിടേണ്ടിയും വരില്ല.
ഫിഫയുടെ വക്താക്കളിൽ ഒരാളാണ് കഴിഞ്ഞ ദിവസം പുറത്തു വന്ന അൽ നാസറിന്റെ വിലക്ക് വാർത്തയെ ശരിവെച്ചു കൊണ്ടു സംസാരിച്ചത്. “കൊടുത്തു തീർക്കാനുള്ള വലിയ തുകകൾ ബാക്കി വെച്ചതിനാൽ അൽ നാസർ പുതിയ താരങ്ങളെ രെജിസ്റ്റർ ചെയ്യുന്നതിൽ നിന്നും വിലക്ക് നേരിട്ടു കൊണ്ടിരിക്കുകയാണ്. എന്നാൽ ഈ തുക കൊടുത്തു തീർത്ത് ഒത്തുതീർപ്പിൽ എത്തിയാൽ അടുത്ത നിമിഷം തന്നെ വിലക്ക് പിൻവലിക്കും”, അദ്ദേഹം പറഞ്ഞു. 2016ൽ ലെസ്റ്ററിൽ എത്തിയ നൈജീരിയൻ സ്‌ട്രൈക്കർ അഹ്മദ് മൂസ 2018ലാണ് അൽ നാസറിലേക്ക് ചേക്കേറുന്നത്. സീസണിൽ സൗദി പ്രോ ലീഗും ടീമിനോടൊപ്പം നേടി. ഈ കൈമാറ്റത്തിൽ ആഡ് ഓണായി ചേർത്തിരുന്ന 460,000 യൂറോയോളം കൈമാറിയിട്ടില്ല എന്നാണ് ലെസ്റ്ററിന്റെ പരാതി. കൂടാതെ ഇപ്പോൾ അത് കൊടുത്തു തീർക്കുമ്പോൾ ഈ തുകയുടെ പലിശ കൂടി അൽ നാസർ കൈമാറേണ്ടതായുണ്ട്. ഈ തുക നൽകാൻ 2021ൽ തന്നെ ഉത്തരവ് വന്നത് ആണെങ്കിലും ഇതുവരെ സൗദി ക്ലബ്ബ് അതിനു തയ്യാറാകാത്തതാണ് പ്രശ്നം വഷളാക്കിയത്. തുടർച്ചയായ മൂന്ന് ട്രാൻസ്ഫർ വിൻഡോയിലാണ് അൽ നാസറിന് വിലക്ക് പ്രഖ്യാപിച്ചത്. എന്നാൽ ഈ തുക നൽകി പ്രശ്നം ഉടൻ തന്നെ പരിഹരിക്കാം എന്നതിനാൽ സൗദി ക്ലബ്ബും മറ്റു വഴികൾ തേടിയേക്കില്ല. നിലവിൽ പുതിയ താരങ്ങൾ ആയ ബ്രോസിവിച്ചിനെ അടക്കം രെജിസ്റ്റർ ചെയ്യാൻ ടീമിനാവില്ല.