1997 കേരള ഫുട്ബോളിന് വളരെ പ്രിയപ്പെട്ട വർഷമായിരുന്നു. ദേശീയ തലത്തിൽ ഒരു കിരീടം ഒരു കേരള പ്രൊഫഷണൽ ക്ലബ് അവസാനമായി നേടിയത് അന്നായിരുന്നു. അന്ന് ഡെൽഹിയിൽ വെച്ച് നടന്ന ഡ്യൂറണ്ട് കപ്പ് ചാമ്പ്യൻഷിപ്പിൽ കേരളത്തിന്റെ അഭിമാനം ഉയർത്തി കപ്പുമായി വന്നത് എഫ് സി കൊച്ചിൻ ആയിരുന്നു. ഫൈനലിൽ കൊൽക്കത്തൻ ശക്തികളായ മോഹൻ ബഗാനെ തോൽപ്പിച്ചായിരുന്നു ആ കിരീടം.
കേരളത്തിലെ എല്ലാ പത്രങ്ങളും ആദ്യ പേജിലെ തലക്കെട്ടുകളായി ആ കിരീടം ആഘോഷിച്ചിരുന്നു. അന്ന് അരുന്ധതി റോയിക്ക് ബുക്കർ പ്രൈസ് ലഭിച്ച ദിവസമായിട്ടും കേരളത്തിലെ പത്രങ്ങളുടെ തലക്കെട്ടുകളിൽ എഫ് സി കൊച്ചിൻ ആയിരുന്നു നിറഞ്ഞു നിന്നിരുന്നത്. അന്ന് ആ ടൂർണമെന്റിൽ എട്ടു ഗോളുകളുമായ് ഐ എം വിജയനായിരുന്നു എഫ് സി കൊച്ചിന്റെ വിജയ ശില്പിയായത്. ആ സുവർണ്ണ കാലത്തിനു ശേഷം ദേശീയ ലീഗോ, ഫെഡറേഷൻ കപ്പോ ഡ്യൂറണ്ട് കപ്പോ ഒന്നും കേരളത്തിന് നേടാൻ ആയിരുന്നില്ല.
ഗോകുലം ഇപ്പോൾ ആ 1997ലെ കിരീടം വീണ്ടും കേരളത്തിലേക്ക് എത്തിക്കുന്നതിന് അടുത്താണ്. ഇന്ന് ഈസ്റ്റ് ബംഗാളിനെ സെമിയിൽ നാടകീയമായി തോൽപ്പിച്ച് ഫൈനലിൽ എത്തിയ ഗോകുലത്തിന് ഒരു കടമ്പ കൂടിയേ ബാക്കിയുള്ളൂ. മോഹൻ ബഗാനെതിരായ ഫൈനൽ. 1997ൽ എഫ് സി കൊച്ചിനും ബഗാൻ ആയിരുന്നു ഫൈനലിലെ എതിരാളികൾ.
ഗോകുലം കേരള എഫ് സിയുടെ ഇപ്പോഴത്തെ ഫോം ബഗാനെ മറികടക്കാനുള്ള കഴിവ് ഗോകുലത്തിന് ഉണ്ടെന്നുള്ള വിശ്വാസം നൽകുന്നു. നാലു മത്സരങ്ങളിൽ നിന്ന് 9 ഗോളുകൾ അടിച്ച് കൂട്ടിയ മാർക്കസും ഒപ്പം പാട്ണറായ കിസേകയും മധ്യനിരയിൽ ബ്രൂണോ പെല്ലിസേരിയും അങ്ങനെ തുടങ്ങി കഴിഞ്ഞ സീസണേക്കാൾ ഒരുപാട് പ്രതീക്ഷ നൽകുന്ന ഗോകുലമാണിത്. ആ ഗോകുലം ക്ലബിന്റെ ആദ്യ ദേശീയ കിരീടവുമായാകും വരേലയും സംഘവും കൊൽക്കത്തയിൽ നിന്ന് മടങ്ങുക എന്ന് തന്നെ പ്രതീക്ഷിക്കാം.