മനോലോ മാർക്വേസിന്റെ എഫ്‌സി ഗോവ 2025 ലെ കലിംഗ സൂപ്പർ കപ്പ് കിരീടം സ്വന്തമാക്കി. ഒഡീഷയിലെ കലിംഗ സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ ഖാലിദ് ജാമിലിന്റെ ജംഷഡ്പൂർ എഫ്‌സിയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ഗോവ പരാജയപ്പെടുത്തി. ബോർഹ ഹെരേരയുടെ ഇരട്ട ഗോളുകളും ദേജാൻ ഡ്രാസിച്ചിന്റെ ഒരു ഗോളും ഗോവയുടെ വിജയത്തിൽ നിർണായകമായി.

ഈ വിജയത്തോടെ എഫ്‌സി ഗോവ 2025-26 എഎഫ്സി ചാമ്പ്യൻസ് ലീഗ് 2 ന്റെ പ്രാഥമിക റൗണ്ടിലേക്ക് യോഗ്യത നേടി. 2019 ന് ശേഷം ഗോവ നേടുന്ന ആദ്യ സൂപ്പർ കപ്പ് കിരീടമാണിത്, പരിശീലകൻ മനോലോ മാർക്വേസിന്റെ എഫ്‌സി ഗോവക്കൊപ്പമുള്ള ആദ്യ കിരീടം കൂടിയാണിത്.
മത്സരത്തിൽ തുടക്കം മുതൽ ആക്രമണാത്മക ഫുട്ബോൾ കാഴ്ചവെച്ച ഗോവ 23-ാം മിനിറ്റിൽ ബോർഹ ഹെരേരയുടെ ഗോളിലൂടെ മുന്നിലെത്തി. രണ്ടാം പകുതിയിൽ 51-ാം മിനിറ്റിൽ ഹെരേര വീണ്ടും ഗോൾ നേടിയതോടെ ഗോവ ലീഡ് രണ്ടാക്കി ഉയർത്തി. 83-ാം മിനിറ്റിൽ ഡ്രാസിച്ച് ഗോൾ നേടിയതോടെ ഗോവ വിജയം ഉറപ്പിച്ചു. ജംഷഡ്പൂരിന്റെ മുന്നേറ്റങ്ങൾ കാര്യമായ ഫലം കണ്ടില്ല. കനത്ത മഴയെ അവഗണിച്ച് ഇരു ടീമുകളും പൊരുതിയെങ്കിലും ഒടുവിൽ എഫ്‌സി ഗോവ കിരീടം സ്വന്തമാക്കി.