ഇന്നലത്തെ രാത്രി ഇന്ത്യൻ ഫുട്ബോളിന് തന്നെ ഒരു വലിയ രാത്രി ആയി മാറിയേനെ. എ എഫ് സി ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ട മത്സരത്തിൽ ഇന്നലെ അൽ റയ്യാനെ നേരിട്ട എഫ് സി ഗോവ 89ആം മിനുട്ട് വരെ മുന്നിട്ടു നിന്നിരുന്നു. പക്ഷെ എന്നിട്ടും ആദ്യ വിജയം സ്വന്തമാക്കാൻ ആയില്ല. അവസാന നിമിഷം വഴങ്ങിയ ഗോൾ കാരണം സമനിലയുമായി ഗോവ തൃപ്തിപ്പെടേണ്ടി വന്നു. ഗോവയ്ക്ക് ഗ്രൂപ്പ് ഘട്ടം കടക്കാൻ ആകുമെന്ന പ്രതീക്ഷ നേരത്തെ അവസാനിച്ചിരുന്നു
ഇന്നലെ ആത്മവിശ്വാസത്തോടെ കളി തുടങ്ങിയ ഗോവ കളിയുടെ മൂന്നാം മിനുട്ടിൽ തന്നെ ലീഡ് എടുത്തിരുന്നു. ബ്രണ്ടന്റെ അസിസ്റ്റിൽ നിന്ന് ജോർഗെ ഓർടിസിന്റെ വക ആയിരുന്നു ഗോവയുടെ ഗോൾ. ആ ഗോളിൽ പ്രതിരോധിച്ച് നിൽക്കാതെ കൂടുത ഗോൾ നേടാം ഗോവ ശ്രമിക്കണമായിരുന്നു. ഒരു ഗോൾ ലീഡ് മാത്രമെ ഉള്ളൂ എന്നത് കളിയുടെ അവസാന നിമിഷങ്ങളിൽ ഗോവയെ സമ്മർദ്ദത്തിലാക്കി. 89ആം മിനുട്ടിൽ ഫെറിദൂണിന്റെ വക ആയിരുന്നു റയ്യാനിന്റെ സമനില ഗോൾ.
ഗോവയുടെ ഗ്രൂപ്പ് ഘട്ടത്തിലെ മൂന്നാം സമനിലയാണിത്. ഇതോടെ ഗോവ 3 പോയിന്റുമായി മൂന്നാമത് നിൽക്കുകയാണ്. ഗ്രൂപ്പിൽ നിന്ന് പെർസെപൊലിസും അൽ വഹ്ദയും നോക്കൗട്ട് റൗണ്ട് യോഗ്യത ഇതിനകം തന്നെ ഉറപ്പിച്ചു.