കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾക്ക് ഇന്നും തലകുനിച്ച് തന്നെ പിച്ച് വിടേണ്ട ഗതി. ഇന്ന് എഫ് സി ഗോവയെ നേരിട്ട കേരള ബ്ലാസ്റ്റേഴ്സ് ഒന്നിനെതിരെ മൂന്ന് ഗോളിന്റെ പരാജയം ആണ് നേരിടേണ്ടി വന്നത്. സ്വന്തം ഗ്രൗണ്ടിൽ പതറുന്ന റെക്കോർഡിന്റെ തുടർ കാഴ്ചയാണിത്. ഹോം ഗ്രൗണ്ടിൽ ഒരു ജയം പോലും ഇല്ലാതെ സീസൺ മുന്നേറുകയാണ്. ഹോമിൽ എന്നല്ല അവസാന ആറു മത്സരങ്ങളിൽ എവിടെയും കേരള ബ്ലാസ്റ്റേഴ്സിന് ജയമില്ല.
സ്റ്റാർ സ്ട്രൈക്കർ കോറോവിന്റെ പ്രകടനം തന്നെയാണ് കേരളത്തെ ബഹുദൂരം പിന്നിലാക്കിയത്. രണ്ട് ഗോളുകളാണ് ഇന്ന് നമ്മുടെ കാണികളുടെ മുന്നിൽ വെച്ച് കോറോ ബ്ലാസ്റ്റേഴ്സ് വലയിലേക്ക് കയറ്റിയത്. കളിയുടെ തുടക്കത്തിൽ 11ആം മിനുട്ടിൽ തന്നെ എഫ് സി ഗോവ ലീഡ് എടുത്തിരുന്നു. ഗോവയുടെ സൂപ്പർ താരം ഒരു ഹെഡറിലൂടെ ആണ് ആദ്യ ഗോൾ നേടിയത്. അഹ്മദ് ജാഹോ കൊടുത്ത ക്രോസ് ഹെഡ് ചെയ്ത് കോറോ കേരളത്തിന്റെ വലയിൽ ഇടുകയായിരുന്നു.
ആദ്യ പകുതിയുടെ വിസിൽ വരുന്നതിന് തൊട്ടു മുമ്പ് കോറോ രണ്ടാമതും കേരള ബ്ലാസ്റ്റേഴ്സ് വല ചലിപ്പിച്ക്ഷ്ഹു. ബോക്സിന് പുറത്തു നിന്നുള്ള സ്ട്രൈക്കിലാണ് കോറോ രണ്ടാമത് നവീൺ കുമാറിനെ വീഴ്ത്തിയത്. ഈ ഗോളുകളോടെ കോറോ ഐ എസ് എല്ലിൽ 26 ഗോളുകൾ എന്ന നേട്ടത്തിൽ എത്തി. 26 മത്സരങ്ങളെ കോറോ ലീഗിൽ കളിച്ചിട്ടുമുള്ളൂ.
രണ്ടാം പകുതിയിൽ എങ്കിലും കേരള ബ്ലാസ്റ്റേഴ്സ് തിരിച്ചുവരും എന്നൊക്കെ ബ്ലാസ്റ്റേഴ്സ് ആരാധകർ പ്രതീക്ഷിച്ചു. പക്ഷെ ഒന്നും നടന്നില്ല. പകരം രണ്ടാം പകുതിയിൽ ഗോവ ഒരു ഗോൾ കൂടെ നേടി ജയം ഉറപ്പിക്കുക മാത്രമാണ് ചെയ്തത്. പകരക്കാരനായ മൻവീർ സിംഗ് ആയിരിന്നു ഗോവയുടെ മൂന്നാം ഗോൾ നേടിയത്. കളിയുടെ ഇഞ്ച്വറി ടൈമിൽ നികോള ആണ് കേരളത്തിന്റെ ആശ്വാസ ഗോൾ നേടിയത്. പക്ഷെ അപ്പോഴേക്ക് സമയം വളർവ് വൈകിയിരുന്നു.
ഇന്നത്തെ പരാജയം ഡേവിഡ് ജെയിംസിനും തലവേദനയാകും. ഏഴു മത്സരങ്ങൾ കഴിഞ്ഞപ്പോൾ ബ്ലാസ്റ്റേഴ്സിന് ആകെ ഉള്ളത് ഏഴു പോയന്റ് മാത്രമാണ്. അവസാന സീസണിൽ ഏഴു മത്സരങ്ങളിൽ ഏഴു പോയന്റ് എന്ന ദയനീയ തുടക്കം ആയിരുന്നു റെനെ മുളൻസ്റ്റീനെ കേരള ബ്ലാസ്റ്റേഴ്സ് പുറത്താക്കാൻ കാരണം.