ഫുട്ബാളിനെ കുറിച്ചു വായിച്ചു തുടങ്ങിയ കാലം മുതൽ കേൾക്കുന്ന പദമാണ് ഹൂളിഗൻസ്. ഇത് ആദ്യകാലങ്ങളിൽ ഇംഗ്ളണ്ടിലെ ഫുട്ബാൾ ആരാധകർക്കിടയിലെ പ്രശ്നക്കാരെ ഉദ്ദേശിച്ചാണ് കേട്ടിട്ടുള്ളത്.
ഇംഗ്ലണ്ട് ഫുട്ബാൾ ആരാധകർ എന്നു പറയുമ്പോൾ തന്നെ, ഇംഗ്ലണ്ട് ദേശീയ ഫുട്ബോളിന്റെ ആരാധകരായ ഇംഗ്ലീഷ്‌കരാണ് ഇതിൽ പെടുന്നത്. യൂറോപ്പിൽ ഇംഗ്ലീഷ് ടീം കളിക്കുമ്പോഴും, വേൾഡ് കപ്പ് മത്സരങ്ങളിൽ ഇംഗ്ലണ്ട് കളിക്കുമ്പോഴും ഇവർ വന്ന് കള്ള് കുടിച്ചു സ്റ്റേഡിയത്തിന് പുറത്തും അകത്തും കൂത്താടി രാജ്യത്തിനും ഈ സുന്ദര കളിക്കും ചീത്തപ്പേരുണ്ടാക്കുക പതിവായിരുന്നു. പല ക്ളബ്ബ്കളുടെ ആരാധകരും ഇതേ പോലെ പെരുമാറി തുടങ്ങിയിട്ട് കാലങ്ങൾ ഏറെയായി. കളിക്കാരെ വംശീയമായി അധിക്ഷേപിക്കുന്നത് ഇന്ന് സാധാരണമാണ്. ഇതിനെതിരെ കളിക്കാരും, ക്ളബ്ബ്കളും ശക്തമായി രംഗത്തു വന്നിട്ടും വലിയ കാര്യമുണ്ടായിട്ടില്ല. പിന്നെ ഇത്തരം കുഴപ്പക്കാരെ തിരഞ്ഞു പിടിച്ചു ബ്ലാക്ക് ലിസ്റ്റ് ചെയ്യുക എന്നതായിരുന്നു പതിവ്. അത്തരക്കാർക്ക് പിന്നീട് സ്റ്റേഡിയത്തിന് അകത്തു പ്രവേശിക്കാനോ, വേൾഡ് കപ്പിനായി വിദേശത്തേക്ക് യാത്ര ചെയ്യാനോ സാധിക്കാതെയായി.
ഇന്ത്യയിൽ ആരാധകരെ കൊണ്ടുള്ള ശല്യം ഇത് വരെ പൊതുവെ സോഷ്യൽ മീഡിയയിൽ മാത്രമായിരുന്നു. ഫുട്ബാളിന് അത്രകണ്ട് ആരാധകർ ഇല്ലാത്തത് കൊണ്ട് ക്രിക്കറ്റ് ആരാധകരുടെ കുത്തകയായിരുന്നു അവിടത്തെ ശുംഭത്തരങ്ങൾ. വല്ലപ്പോഴും ഇന്ത്യ തോൽക്കുന്ന കളികളിൽ ഗ്രൗണ്ടിലേക്ക് കുപ്പിയും മറ്റും എറിഞ്ഞു ശല്യമുണ്ടാക്കും എന്നല്ലാതെ റിയൽ ലൈഫിൽ ഹൂളിഗൻസ് എന്ന് വിളിക്കാൻ മാത്രം കുഴപ്പക്കാർ ആയിരുന്നില്ല അവരും.
കേരളത്തിലെ ഫുട്ബോൾ ആരാധകരുടെ തമാശകളും മണ്ടത്തരങ്ങളും ഏറെക്കുറെ വേൾഡ് കപ്പ് കാലങ്ങളിൽ മാത്രം, റോഡ് അരികിലെ ഫ്ലെക്സുകളിലും, കവലയിലെ ചായക്കടയിലെ ചർച്ചകളിലും ആയി ഒതുങ്ങാറുണ്ട്. സോഷ്യൽ മീഡിയയുടെ വരവോടെ തർക്കങ്ങൾ അങ്ങോട്ടും കുടിയേറിയിരുന്നു എങ്കിലും, പരിധി വിട്ട കളികൾ അവിടെയും ഉണ്ടായിരുന്നില്ല. പക്ഷെ മലബാറിലെ സെവൻസ് ഫുട്ബോൾ സീസണിൽ കാര്യങ്ങൾ ചിലപ്പോൾ കൈവിട്ട് പോകാറുണ്ട്, പക്ഷെ അവരാരും പൊതുയിടങ്ങളിൽ പ്രശ്നങ്ങൾ ഉണ്ടാക്കാറില്ല.
നമ്മുടെ കളിക്കളങ്ങൾ ക്ലബ്ബ്കൾ കയ്യടക്കി തുടങ്ങിയതോടെ ഇതിനെല്ലാം കുറെ മാറ്റങ്ങൾ അടുത്ത കാലത്തായി കണ്ടു വരുന്നുണ്ട്. ഐപിഎൽ, ഐഎസ്എൽ എന്നീ ലീഗുകൾ വന്നതോടെ, പണ്ട് വിദേശ രാജ്യങ്ങളിലെ ക്ളബ്ബ്കളിലെ രണ്ടാംതരം ആരാധകരായ നമ്മുടെ നാട്ടുകാർക്ക് വലിയ ആശ്വാസമായി. സ്വന്തമായി ഒരു ക്ലബ്ബും, നേരിട്ട് കാണാൻ കുറെ കളികളും കിട്ടിയതോടെ തങ്ങളുടെ വിധേയത്വം കൊണ്ട് ചാർത്താൻ ഒരിടം കിട്ടിയ സന്തോഷത്തിലായിരുന്നു അവർ.
ഇത്തരം കാണികളുടെ സത്യസന്ധവും ആത്മാർത്തവുമായ ആരാധന ക്ളബ്ബ്കളുടെ ആവശ്യം കൂടിയായിരുന്നു. അത് അവരുടെ കച്ചവട താൽപര്യങ്ങളുടെ ഭാഗമായിരുന്നു. ആരാധകരെ പ്രോത്സാഹിപ്പിക്കാൻ ക്ലബ്ബ്കൾ പുതിയ വഴികൾ തേടിയപ്പോൾ, കുറെയേറെ ആരാധകർക്ക് ഇതൊരു ഹരമായി മാറി, പിന്നെയത് ജീവിതത്തിന്റെ ഭാഗമായി മാറി. തങ്ങളും ക്ലബ്ബിലെ ഒരു അംഗമാണെന്നും, തങ്ങൾക്കും അതിൽ അവകാശമുണ്ടെന്നും എന്ന ചിന്തയിലേക്ക് അതു വളർന്നു.
ഇതോടെ ക്ളബ്ബ്കളുടെ ജയപരാജയങ്ങൾ അവരുടേത് കൂടിയാണെന്ന ഒരു മിഥ്യാബോധം അവരിൽ വളർന്ന് വന്നു. ജയങ്ങളിൽ അമിതമായി ആഹ്ലാദിച്ചപ്പോൾ തന്നെ, പരാജയങ്ങൾ നേരിടാൻ മാനസ്സികമായി അവർക്ക് സാധിക്കാതെ വന്നു. പരാജയപ്പെട്ട ടീമിന്റെ ആരാധകരോട് സംസാരിക്കാൻ ചെന്ന ജേർണലിസ്റ്റുകളോട് തട്ടിക്കയറുന്ന കാണികളെ നമ്മൾ കണ്ട് തുടങ്ങിയത് അങ്ങിനെയാണ്. ഇവർ ഒരു കൂട്ടമായി മാറി, വലിയൊരു സാമൂഹിക പ്രശ്നമാകാൻ അധികം സമയം വേണ്ട.
അതിലേക്ക് വിരൽ ചൂണ്ടുന്ന സംഭവങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ നാം കണ്ടത്. എതിർ ടീമിന്റെ കളിക്കാരനായ സുഹൈറിന് എതിരെ ബ്ലാസ്റ്റേഴ്സ് ആരാധകർ നടത്തിയ മുദ്രാവാക്യങ്ങളും മുളയിലേ നുള്ളേണ്ടതാണ്. അത് അതിരു വിട്ടാൽ പിന്നെ, കളിഭാഷയിൽ പറഞ്ഞാൽ, പിന്നീട് ഡിഫണ്ട് ചെയ്യാൻ പറ്റാതാകും. കഴിഞ്ഞ ദിവസം ചെന്നൈയിൽ ഒരു ക്രിക്കറ്റ് കളിക്കാരന്റെ ആരാധകനെ മറ്റൊരു കളിക്കാരന്റെ ആരാധകൻ കൊലപ്പെടുത്തിയ വാർത്ത നടുക്കുന്നതായിരുന്നു. ഇത്തരമൊരു നിലയിലേക്ക് നമ്മുടെ ആരാധകർ എത്താതിരിക്കാൻ ശ്രമിക്കണം, കളി ആസ്വാദനം ഒരു സാമൂഹിക പ്രശ്നമായി മാറാതെ ആരോഗ്യകരമായി മത്സരം പിന്തുടരാൻ അവരെ പ്രാപ്തരാക്കാൻ ക്ലബ്ബ്കൾക്ക് കഴിയണം. ആരാധകക്കൂട്ടങ്ങളുടെ നേതൃത്വവും ഇക്കാര്യത്തിൽ പക്വതയോടെ പെരുമാറേണ്ടിയിരിക്കുന്നു, അതിനുള്ള സ്പോർസ്മാൻ സ്പിരിറ്റ് അവർ കാട്ടേണ്ടിയിരിക്കുന്നു. ഹൂളിഗൻസിനോടും ഊളന്മാരോടും പറയണം, കടക്ക് പുറത്ത്!