ഐപിഎലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനവുമായി ചെന്നൈ സൂപ്പര്‍ കിംഗ്സ്. അമ്പാട്ടി റായിഡു, മോയിന്‍ അലി, ഫാഫ് ഡു പ്ലെസി എന്നിവരുടെ അര്‍ദ്ധ ശതകങ്ങളുടെ മികവിലാണ് ചെന്നൈ 20 ഓവറില്‍ 218 റണ്‍സ് നേടിയത്.
റുതുരാജ് ഗായ്ക്വാഡിനെ തുടക്കത്തില്‍ തന്നെ നഷ്ടമായെങ്കിലും ഫാഫ് ഡു പ്ലെസിയും മോയിന്‍ അലിയും അടിച്ച് തകര്‍ത്തപ്പോള്‍ മുംബൈയുടെ ബൗളര്‍മാര്‍ ചൂളുന്ന കാഴ്ചയാണ് ഏവരും കണ്ടത്.
ഇരുവരും ചേര്‍ന്ന് 108 റണ്‍സാണ് രണ്ടാം വിക്കറ്റില്‍ നേടിയത്. 36 പന്തില്‍ 58 റണ്‍സ് നേടിയ മോയിന്‍ അലിയുടെ വിക്കറ്റാണ് ചെന്നൈയ്ക്ക് നഷ്ടമായത്. ജസ്പ്രീത് ബുംറയ്ക്കായിരുന്നു വിക്കറ്റ്.
കീറണ്‍ പൊള്ളാര്‍ഡിന് രോഹിത് ബൗളിംഗ് ദൗത്യം ഏല്പിച്ചപ്പോള്‍ അടുത്തടുത്ത പന്തുകളില്‍ ഫാഫ് ഡു പ്ലെസിയെയും സുരേഷ് റെയ്നയെയും ചെന്നൈയ്ക്ക് നഷ്ടമായി. ഫാഫ് 28 പന്തില്‍ 50 റണ്‍സാണ് നേടിയത്. ഫാഫ് നാലും മോയിന്‍ അഞ്ചും സിക്സാണ് ചെന്നൈയ്ക്ക് വേണ്ടി നേടിയത്.
112/1 എന്ന നിലയില്‍ നിന്ന് 116/4 എന്ന നിലയിലേക്ക് വീണ ചെന്നൈയെ അമ്പാട്ടി റായിഡുവിന്റെ മിന്നും പ്രകടനമാണ് മുന്നോട്ട് നയിച്ചത്. 20 പന്തില്‍ നിന്ന് അര്‍ദ്ധ ശതകം തികച്ചാണ് അമ്പാട്ടി റായിഡു ഈ സീസണിലെ മികച്ച പ്രകടനം പുറത്തെടുത്തത്.
49 പന്തില്‍ 102 റണ്‍സാണ് അമ്പാട്ടി റായിഡു – രവീന്ദ്ര ജഡേജ കൂട്ടുകെട്ട് നേടിയത്. ഇതില്‍ ജഡേജ 22 പന്തില്‍ വെറും 22 റണ്‍സാണ് നേടിയത്. ജഡേജ 27 പന്തില്‍ പുറത്താകാതെ 72 റണ്‍സ് നേടി. 7 സിക്സാണ് റായിഡുവിന്റെ സംഭാവന.