ദക്ഷിണാഫ്രിക്കയുടെ മുന്‍ നായകന്‍ ഫാഫ് ഡു പ്ലെസി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നുള്ള വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ചു. പാക്കിസ്ഥാനെതിരെയുള്ള ടെസ്റ്റ് പരമ്പരയായിരുന്നു ഫാഫിന്റെ അവസാന ടെസ്റ്റ് മത്സരങ്ങള്‍. രണ്ട് മത്സരങ്ങളിലും പരാജയം ആയിരുന്നു ടീമിന്റെ ഫലം.
ആദ്യ ടെസ്റ്റില്‍ ഫാഫ് 23, 10 എന്നിങ്ങനെയുള്ള സ്കോറുകളാണ് നേടിയത്. രണ്ടാം ടെസ്റ്റില്‍ 17, 5 എന്നീ സ്കോറുകള്‍ നേടിയ താരത്തിന്റെ മോശം ഫോം തുടരുകയായിരുന്നു. അടുത്തിടെയാണ് ഫാഫ് ഡു പ്ലെസിയില്‍ നിന്ന് ദക്ഷിണാഫ്രിക്ക ക്യാപ്റ്റന്‍സി ദൗത്യം ക്വിന്റണ്‍ ഡി കോക്കിനെ ഏല്പിച്ചത്.
വരും വര്‍ഷങ്ങളില്‍ ടി20 ലോകകപ്പ് വരാനിരിക്കുന്നതിനാല്‍ ആ ഫോര്‍മാറ്റില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നതിന് വേണ്ടിയാണ് താന്‍ ടെസ്റ്റില്‍ നിന്ന് വിരമിക്കുന്നതെന്ന് ഫാഫ് സൂചിപ്പിച്ചു. രാജ്യത്തിന് വേണ്ടി മൂന്ന് ഫോര്‍മാറ്റിലും കളിക്കുവാനായത് വലിയ ബഹുമതിയായാണ് താന്‍ കരുതുന്നതെന്നും ഫാഫ് വ്യക്തമാക്കി.
69 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നായി 4163 റണ്‍സാണ് ഫാഫ് നേടിയിട്ടുള്ളത്. 10 ശതകങ്ങളും 21 അര്‍ദ്ധ ശതകങ്ങളും നേടിയ താരത്തിന്റെ ഏറ്റവും ഉയര്‍ന്ന ടെസ്റ്റ് സ്കോര്‍ 199 റണ്‍സാണ്. 2012 നവംബര്‍ 22ന് അഡിലെയ്ഡ് ഓവലില്‍ ഓസ്ട്രേലിയയ്ക്കെതിരെയായിരുന്നു ഫാഫിന്റെ അരങ്ങേറ്റ ടെസ്റ്റ് മത്സരം.