ഇരട്ട ഗോളുകളുമായി കെയിൻ, ബ്രൈറ്റനെ മറികടന്നു ടോട്ടൻഹാം

Wasim Akram

എഫ്.എ കപ്പിൽ നാലാം റൗണ്ടിൽ ബ്രൈറ്റനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് തോൽപ്പിച്ചു ടോട്ടൻഹാം. അന്റോണിയോ കോന്റെക്ക് കീഴിൽ മികവ് തുടരുന്ന ടോട്ടൻഹാമിനു എഫ്.എ കപ്പിലും മികച്ച ജയം നേടാൻ ആയി. പരിക്കിൽ നിന്നു സോൺ മടങ്ങി എത്തിയ മത്സരത്തിൽ ക്യാപ്റ്റൻ ഹാരി കെയിൻ നേടിയ ഇരട്ട ഗോളുകൾ ആണ് അവർക്ക് ജയം സമ്മാനിച്ചത്. ആദ്യ പകുതിയിൽ 13 മത്തെ മിനിറ്റിൽ ബ്രൈറ്റൻ പ്രതിരോധത്തിൽ നിന്നു തട്ടിയെടുത്ത പന്ത് ഹോലബിയർ മറിച്ചു നൽകിയപ്പോൾ കെയിൻ അതുഗ്രൻ ലോങ് റേഞ്ചറിലൂടെ അത് വലയിലാക്കി.

തുടർന്ന് എമേഴ്‌സൻ റോയലിന്റെ ശ്രമം സോണി മാർച്ചിന്റെ കാലിൽ തട്ടി വലയിൽ കയറിയതോടെ ടോട്ടൻഹാം രണ്ടാം ഗോളും നേടി. രണ്ടാം പകുതിയിൽ 63 മത്തെ മിനിറ്റിൽ ബിസോമയുടെ ഷോട്ട് ടോട്ടൻഹാം താരങ്ങളിൽ തട്ടി ഗോൾ ആയതോടെ ബ്രൈറ്റനു നേരിയ പ്രതീക്ഷ ലഭിച്ചു. എന്നാൽ മൂന്നു മിനിറ്റിനുള്ളിൽ തന്റെ രണ്ടാം ഗോളും ടോട്ടൻഹാമിന്റെ മൂന്നാം ഗോളും കണ്ടത്തിയ കെയിൻ അവർക്ക് വിജയം സമ്മാനിച്ചു.