എഫ്.എ കപ്പിൽ തങ്ങളുടെ സ്വപ്ന കുതിപ്പ് തുടർന്ന് ചാമ്പ്യൻഷിപ്പ് ടീം ആയ നോട്ടിങാം ഫോറസ്റ്റ്. കഴിഞ്ഞ റൗണ്ടിൽ ആഴ്‌സണലിനെ വീഴ്ത്തിയ അവർ ഇത്തവണ നാലാം റൗണ്ടിൽ മറ്റൊരു പ്രീമിയർ ലീഗ് ക്ലബ് ആയ നിലവിലെ ജേതാക്കൾ ആയ ലെസ്റ്റർ സിറ്റിയെ 4-1 നു ആണ് തകർത്തത്. ശക്തമായ ടീമിനെ അണിനിരത്തിയിട്ടും പന്ത് കൈവശം വക്കുന്നതിൽ അല്ലാതെ അവസരങ്ങൾ സൃഷ്ടിക്കുന്നതിൽ ലെസ്റ്റർ മത്സരത്തിൽ മുന്നിട്ട് നിന്നില്ല. മത്സരത്തിന്റെ 23 മത്തെ മിനിറ്റിൽ ഡേവിസിന്റെ ഹെഡർ പാസിൽ നിന്നു ഫിലിപ് സിൻങ്കർനേഗൽ ആണ് ഫോറസ്റ്റിന് ആദ്യ ഗോൾ സമ്മാനിച്ചത്. തുടർന്ന് തൊട്ടടുത്ത നിമിഷം തന്നെ ബ്രണ്ണൻ ജോൺസനിലൂടെ അവർ തങ്ങളുടെ രണ്ടാം ഗോളും നേടിയപ്പോൾ ലെസ്റ്റർ സിറ്റി ഞെട്ടി.
32 മത്തെ മിനിറ്റിൽ ജെയിംസ് ഗാർണറിന്റെ പാസിൽ നിന്നു ജോ വോറാൾ ഹെഡറിലൂടെ ഗോൾ നേടിയതോടെ ബ്രണ്ടൻ റോജേഴ്സിന്റെ ടീമിന് ഒരു ഉത്തരവും ഇല്ലായിരുന്നു. എന്നാൽ ആദ്യ പകുതി അവസാനിക്കും മുമ്പ് ജെയിംസ് മാഡിസന്റെ പാസിൽ നിന്ന് ഗോൾ കണ്ടത്തിയ കിലേചി ഇഗനാച്ചോ ലെസ്റ്ററിന് ആയി ഒരു ഗോൾ മടക്കി. എന്നാൽ രണ്ടാം പകുതിയിൽ 61 മത്തെ മിനിറ്റിൽ ഫിലിപ് സിൻങ്കർനേഗലിന്റെ പാസിൽ നിന്നു ഗോൾ നേടിയ റൈറ്റ് ബാക്ക് ജഡ് സ്പെൻസ് ലെസ്റ്റർ സിറ്റിയുടെ കനത്ത പരാജയം ഉറപ്പാക്കി. ഗോൾ ആഘോഷിക്കുന്നതിനു ഇടയിൽ ഫോറസ്റ്റ് താരങ്ങൾക്ക് നേരെ ഗ്രൗണ്ടിൽ ഇറങ്ങിയ ആരാധകൻ ആക്രമണം നടത്തിയത് മത്സരത്തിൽ നാണക്കേട് ആയി. ചാമ്പ്യൻഷിപ്പിൽ എട്ടാമതുള്ള എഫ്.എ കപ്പിൽ സ്വപ്ന കുതിപ്പ് നടത്തുന്ന നോട്ടിങാം ഫോറസ്റ്റിന് മറ്റൊരു ചാമ്പ്യൻഷിപ്പ് ടീം ആയ ഹഡർസ്ഫീൽഡ് ആണ് അഞ്ചാം റൗണ്ടിലെ എതിരാളി.