ആൽമിറോന്റെ മികവിൽ ന്യൂകാസ്റ്റിൽ എഫ്.എ കപ്പ് അവസാന എട്ടിൽ

Wasim Akram

ചാമ്പ്യൻഷിപ്പ് ടീമായ വെസ്റ്റ് ബ്രോമിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചു പ്രീമിയർ ലീഗ് ക്ലബ് ന്യൂകാസ്റ്റിൽ യുണൈറ്റഡ് എഫ്.എ കപ്പ് ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി. ഇരട്ടഗോളുകൾ നേടി കളം നിറഞ്ഞ ന്യൂകാസ്റ്റിൽ താരം മിഗ്വൽ ആൽമിറോൻ ആണ് ടീമിന് ജയം സമ്മാനിച്ചത്. 33 മിനിറ്റിൽ തന്റെ ആദ്യ ഗോൾ നേടിയ താരം ഗോൾ തന്റെ പഴയ സഹകളിക്കാരൻ ആയ അറ്റ്ലാന്റ താരം ജോസഫ് മാർട്ടിനെസ്സിനു ഗോൾ സമർപ്പിച്ചു. സമീപകാലത്ത് ഗുരുതര പരിക്കേറ്റ മാർട്ടിനെസ്സ് ഈ അടുത്ത് എങ്ങും കളത്തിൽ തിരിച്ചു വരാൻ ഇടയില്ല.

തുടർന്ന് ആദ്യ പകുതിക്ക് തൊട്ട് മുമ്പ് തന്നെ പരാഗ്വയെ താരം ന്യൂകാസ്റ്റിൽ ലീഡ് ഉയർത്തി. തുടർന്ന് രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ വലെന്റിനോ ലസാരോ ന്യൂകാസ്റ്റിലിന്റെ മൂന്നാം ഗോളും നേടി ജയം ഉറപ്പിച്ചു. എന്നാൽ തുടർന്ന് പൊരുതാൻ ഉറച്ച ആതിഥേയരെ ആണ് മത്സരത്തിൽ കണ്ടത്. 74 മിനിറ്റിൽ മാറ്റ് ഫിലിപ്പ്സിലൂടെ വെസ്റ്റ് ബ്രോം ഒരു ഗോൾ മടക്കി. തുടർന്ന് 93 മിനിറ്റിൽ കെന്നറ്റ് സൊഹോരയിലൂടെ ഒരു ഗോൾ കൂടി മടക്കാൻ അവർക്ക് ആയെങ്കിലും പരാജയം ഒഴിവാക്കാൻ ആയില്ല.