മാഞ്ചസ്റ്റർ യുണൈറ്റഡിന് എഫ് എ കപ്പിൽ നിരാശ. ഇന്ന് ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ലെസ്റ്റർ സിറ്റിയെ എവേ ഗ്രൗണ്ടിൽ നേരിട്ട മാഞ്ചസ്റ്റർ യുണൈറ്റഡ് ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് പരാജയപ്പെട്ടത്. ഡിഫൻസിലെ അശ്രദ്ധയ്ക്കാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് വലിയ വില കൊടുക്കേണ്ടി വന്നത്.
ഇന്ന് ഒരുപാട് മാറ്റങ്ങളുമായാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇറങ്ങിയത്. അതുകൊണ്ട് തന്നെ തുടക്കം മുതൽ യുണൈറ്റഡിൽ നിന്ന് ദയനീയമായ പ്രകടനമാണ് കാണാൻ കഴിഞ്ഞത്. മിസ്പാസുകൾ നിറഞ്ഞ യുണൈറ്റഡ് മധ്യനിരയുടെ സംഭാവന ആയിരുന്നു ലെസ്റ്റർ സിറ്റിയുടെ ആദ്യ ഗോൾ. യുണൈറ്റഡ് മധ്യനിര താരം ഫ്രെഡ് 24ആം മിനുട്ടിൽ ഹോൾ കീപ്പർക്ക് കൊടുത്ത പാസ് കീപ്പറിൽ എത്തും മുമ്പെ സ്വന്തമാക്കി ഇഹെനാചോ ലെസ്റ്ററിനായി ഗോൾ നേടി. തീർത്തും യുണൈറ്റഡ് സമ്മാനമായി കൊടുത്ത ഗോളായിരുന്നു അത്.
യുണൈറ്റഡ് അതിനു ശേഷവും പാസുകൾ ചെയ്യാൻ കഷ്ടപ്പെട്ടു എങ്കിലും ഒരു നിമിഷത്തെ ബ്രില്യൻസ് കൊണ്ട് അവർക്ക് കളിയിലേക്ക് തിരികെ വരാൻ സാധിച്ചു. 38ആം മിനുട്ടിൽ പോൾ പോഗ്ബ നൽകിയ പാസിൽ നിന്ന് മേസൺ ഗ്രീൻവുഡ് ആണ് യുണൈറ്റഡിന് സമനില ഗോൾ നൽകിയത്. ഗ്രീൻവുഡിന് പാസ് ലഭിക്കും മുമ്പ് വാൻ ഡെ ബീകിന്റെ ഡമ്മിയാണ് ഗ്രീന്വുഡിന് ഗോളടിക്കാൻ അവസരം നൽകിയത്.
രണ്ടാം പകുതിയിലും ലെസ്റ്റർ തന്നെ മികച്ച ടീമായി തുടർന്നു. 52ആം മിനുട്ടിൽ ടൈലമെൻസ് ലെസ്റ്ററിന് വീണ്ടും ലീഡ് നൽകിം മധ്യനിരയിൽ നിന്ന് ഒറ്റയ്ക്ക് പന്തുമായി വന്ന് ഒരു നല്ല സ്ട്രൈക്കിലൂടെ ആണ് ടൈലമൻസ് ഗോൾ നേടിയത്. ഇതിനു ശേഷം യുണൈറ്റഡ് കവാനിയെയും ബ്രൂണൊ ഫെർണാണ്ടസിനെയും ലൂക് ഷോയെയും രംഗത്ത് ഇറക്കി. ഇവരുടെ വരവ് യുണൈറ്റഡിന്റെ പ്രകടനം മെച്ചപ്പെടുത്തി എങ്കിലും ലെസ്റ്റർ ഡിഫൻസിനെ ഭേദിക്കാൻ അത് മതിയായിരുന്നില്ല. ഇതിനിടയിൽ കിട്ടിയ ഫ്രീകിക്കിൽ നിന്ന് ലെസ്റ്റർ മൂന്നാം ഗോൾ നേടുകയും ചെയ്തു. ആൾബ്രൈറ്റന്റെ ഫ്രീകിക്കിൽ നിന്ന് ഇഹെനാചോ ആണ് വീണ്ടും ഗോൾ നേടിയത്.
ഈ വിജയത്തോടെ ലെസ്റ്റർ സിറ്റി എഫ് എ കപ്പ് സെമി ഫൈനലിൽ എത്തി. സെമിയ സൗതപ്ടണെ ആകും ലെസ്റ്റർ നേരിടുക. ഈ പരാജയത്തോടെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഈ സീസണിലെ കിരീട പ്രതീക്ഷ യൂറോപ്പ ലീഗിൽ മാത്രമായി ചുരുങ്ങിയിരിക്കുകയാണ്.