യൂറോ കപ്പിൽ സ്പെയിനിന്റെ കഷ്ടകാലം തുടരുന്നു. ഗ്രൂപ്പ് ഇയിലെ പോരാട്ടത്തിൽ സ്പെയിനിനെ സമനിലയിൽ തളച്ച് പോളണ്ട്. സ്പെയിനിന് വേണ്ടി മൊറാട്ടയും പോളണ്ടിന് വേണ്ടി ലെവൻഡോസ്കിയുമാണ് ഗോളുകൾ അടിച്ചത്. സ്വീഡനെതിരായ സമനിലക്ക് ശേഷം ഒരു ജയം തേടിയാണ് ലൂയിസ് എന്റ്രികെയും സംഘവും ഇന്നിറങ്ങിയത്. സ്പെയിനിന് വേണ്ടി കളിയുടെ 25ആം മിനുട്ടിൽ അത്ലെറ്റിക്കോ മാഡ്രിഡ് താരം അൽവാരോ മൊറാട്ട ഗോളടിച്ചു. ജെറാർഡ് മൊറേനോയുടെ ക്രോസ് ഷോട്ട് പോളണ്ട് പ്രതിരോധത്തിന് തടയാനായില്ല, അവസരം മുതലെടുത്ത മൊറാട്ട സ്പെയിനിന് ലീഡ് നൽകുകയായിരുന്നു.
ആദ്യ പകുതിയിൽ തന്നെ പോളണ്ട് ക്യാപ്റ്റൻ റോബർട്ട് ലെവൻഡോസ്കിക്ക് അവസരം ലഭിച്ചെങ്കിലും സ്പാനിഷ് സ്റ്റോപ്പർ ഉനായ് സൈമൺ നിഷേധിച്ചു. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ലെവൻഡോസ്കി മികച്ചൊരു ഹെഡ്ഡറിലൂടെ പോളണ്ടിന് സമനില പിടിച്ചു. ഗ്രൂപ്പ് സ്റ്റേജിലെ ഫൈനൽ മത്സരത്തിൽ സ്ലോവാക്യയാണ് സ്പെയിനിന്റെ എതിരാളികൾ. ലാ റോജക്ക് നോക്കൗട്ടിൽ കടക്കാൻ ജയം അനിവാര്യമാണ്.