നിങ്ങളുടെ പരിഹാസങ്ങൾ തുടരുക, മറുപടിയുമായി മാർട്ടിൻ ബ്രെത്വൈറ്റ് കളത്തിൽ തന്നെ കാണും

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

സമീപകാലത്ത് ചിലപ്പോൾ ലോക ഫുട്‌ബോളിൽ ഏറ്റവും കൂടുതൽ ക്രൂരമായ പരിഹാസങ്ങൾക്ക് വിധേയനായ ഒരു താരം അത് ഡെന്മാർക്കിന്റെ ബാഴ്‌സലോണ താരം മാർട്ടിൻ ബ്രെത്വൈറ്റ് ആവും. പലപ്പോഴും തന്റേതല്ലാത്ത കാരണങ്ങൾ കൊണ്ട് കൂടിയാണ് മുപ്പതുകാരൻ ആയ ബ്രെത്വൈറ്റ് ഈ പരിഹാസങ്ങൾ നേരിടുന്നത് എന്നതാണ് വാസ്തവം. ഉസ്മാൻ ഡെമ്പേലക്ക് പരിക്കേറ്റതോടെ പകരക്കാരനെ കണ്ടത്താനുള്ള പ്രത്യേക അനുമതി ലാ ലീഗയിൽ നിന്നു നേടിയാണ് ബാഴ്‌സലോണ താരത്തെ 2020 ഫെബ്രുവരിയിൽ ലെഗാനസിൽ നിന്നു സ്വന്തമാക്കുന്നത്. എന്നാൽ ലെഗാനസിനു ബ്രെത്വൈറ്റിന് പകരക്കാരനെ സ്വന്തമാക്കാൻ സാധിക്കാതെ ടീം തരം താഴ്ത്തൽ നേരിട്ടതോടെ ബ്രെത്വൈറ്റിനും ലാ ലീഗക്കും മേൽ പരിഹാസങ്ങൾ നിറയാൻ തുടങ്ങി. അതോടൊപ്പം ബാഴ്‌സലോണ പോലെ സാക്ഷാൽ ലയണൽ മെസ്സി അടക്കമുള്ള ലോക ഫുട്‌ബോൾ വമ്പന്മാർ കളിക്കുന്ന ടീമിൽ കളിക്കാനുള്ള ഒരു യോഗ്യതയും ഇല്ലാത്ത താരം ആണ് ബ്രെത്വൈറ്റ് എന്ന പരിഹാസങ്ങളും തുടർന്നു. തുടർന്ന് കഴിഞ്ഞ സീസണിൽ സൂപ്പർ താരം ലൂയിസ് സുവാരസ് ടീം വിട്ടപ്പോൾ ഒമ്പതാം നമ്പർ ജേഴ്‌സി ബ്രെത്വൈറ്റിന് നൽകിയതും ഈ പരിഹാസങ്ങൾക്ക് മൂർച്ച കൂട്ടി.

എന്നാൽ ബാഴ്‌സലോണ എന്ന ടീമിൽ പകരക്കാരൻ എന്ന നിലക്ക് ഒരു സ്ക്വാഡ് താരം എന്ന നിലക്ക് കുഴപ്പമില്ലാത്ത ജോലി തന്നെയാണ് എന്നും ബ്രെത്വൈറ്റ് ചെയ്തത്. 53 കളികളിൽ നിന്നു 8 ഗോളുകളും അതിനു അടുത്ത് തന്നെയുള്ള അസിസ്റ്റുകളും ബ്രെത്വൈറ്റിന് ഉണ്ട്. പലപ്പോഴും കളത്തിൽ തന്റെ എല്ലാം നൽകുന്ന ബ്രെത്വൈറ്റിനെയും കണ്ടു. എന്നാൽ സൂപ്പർ താരങ്ങൾ ആയ സഹതാരങ്ങൾക്ക് നടുവിൽ പരിഹാസം മാത്രം ആയിരുന്നു ഡെന്മാർക്ക് താരത്തിന് ഈ കാലയളവിൽ ലഭിച്ചത്. തന്റെ ദേശീയ ടീമിനായി 54 മത്സരങ്ങളിൽ 10 ഗോളുകൾ കണ്ടത്തിയ ബ്രെത്വൈറ്റ് ഈ യൂറോയിൽ തന്റെ ആദ്യ ഗോൾ ഇന്നലെ വെയിൽസിന് എതിരെ പ്രീ ക്വാർട്ടർ മത്സരത്തിൽ നേടുകയും ചെയ്തു. ക്രിസ്റ്റ്യൻ എറിക്സനെ കണ്ണീരോടെ നഷ്ടമായ ഡെന്മാർക്കിന്റെ അവിശ്വസനീയമായ ഉയിർത്ത് എഴുന്നേൽപ്പ് ഇത് വരെ കണ്ട യൂറോയിൽ മറ്റ് താരങ്ങൾക്ക് ഒപ്പം ഒട്ടും മോശമല്ലാത്ത സംഭാവന തന്നെയാണ് ബ്രെത്വൈറ്റ് ടീമിനായി നൽകുന്നത്. പലപ്പോഴും തന്റെ മികച്ച ഓട്ടങ്ങൾ കൊണ്ടും കളത്തിലെ അധ്വാനം കൊണ്ടും ബ്രെത്വൈറ്റ് എതിർ പ്രതിരോധത്തിന് വലിയ തലവേദന ആണ് ഉണ്ടാക്കുന്നത്. വെയിൽസിന് എതിരെയാവട്ടെ യൂസഫ് പോൾസന്റെ അഭാവത്തിൽ മുന്നേറ്റത്തിൽ അധിക ചുമതല കൂടി ബ്രെത്വൈറ്റ് അനായാസം പൂർത്തിയാക്കി. ഇതിന്റെ ഫലം ആയിരുന്നു ഏറ്റവും അർഹിച്ച ഡെന്മാർക്കിന്റെ നാലാം ഗോൾ. ഇടൻ കാലു കൊണ്ടു നേടിയ ആ ഗോൾ അതുഗ്രൻ ഫിനിഷ് തന്നെയായിരുന്നു.

കരീബിയക്കാരൻ ആയ അച്ഛന് ജനിച്ച ബ്രെത്വൈറ്റ് ചെറുപ്പത്തിൽ നാലാം വയസ്സിൽ സ്ഥിരീകരിക്കപ്പെട്ട ‘ലെഗ്-കാൽവെ-പേർത്തസ്’ എന്ന അസുഖത്തെ തുടർന്ന് 2 കൊല്ലം വീൽ ചെയറിൽ ജീവിതം തള്ളി നീക്കിയ താരം കൂടിയാണ്. ഒരിക്കൽ പോലും ഇനി ഫുട്‌ബോൾ കളിക്കില്ല എന്ന നിലയിൽ നിന്നു കഠിനാധ്വാനം ഒന്നു കൊണ്ടു മാത്രം ആണ് ബ്രെത്വൈറ്റ് ഇന്ന് യൂറോയിൽ തന്റെ രാജ്യത്തിനു ആയി കളിക്കുന്ന താരം ആയി മാറിയത്. ബ്രെത്വൈറ്റിന്റെ സഹോദരി മതിൽഡെയും ഡാനിഷ് അണ്ടർ 16 ഫുട്‌ബോൾ ടീമിൽ ഭാഗമായിരുന്നു. സ്വന്തം കഠിനാധ്വാനം കെട്ടിപ്പൊക്കിയ കരിയറിന്, ജീവിതത്തിനു ഏത് പരിഹാസങ്ങളും വിഷയമല്ല എന്ന് ഓരോ നിമിഷവും തെളിയിക്കുക ആണ് മാർട്ടിൻ ക്രിസ്റ്റ്യൻസൻ ബ്രെത്വൈറ്റ്. യൂറോക്ക് ശേഷം ബാഴ്‌സലോണ വിട്ട് ബ്രെത്വൈറ്റ് വെസ്റ്റ് ഹാമിൽ എത്താൻ വലിയ സാധ്യതകൾ ആണ് ഉള്ളത്. മുമ്പ് മിഡിൽസ്‌പ്രോയിൽ ഇംഗ്ലണ്ടിൽ കളിച്ചു എങ്കിലും വലിയ നേട്ടം ഉണ്ടാക്കാൻ താരത്തിന് ആയില്ല. ലണ്ടനിൽ എത്തുക ആണെങ്കിൽ വെസ്റ്റ് ഹാം ജേഴ്‌സിയിൽ തിളങ്ങാൻ ആവും മാർട്ടിൻ ബ്രെത്വൈറ്റ് ശ്രമം. നിലവിൽ യൂറോയിൽ ഏതൊരാളുടെയും രണ്ടാമത്തെ ടീമായി മാറിയ ഡെന്മാർക്ക് കാസ്പറിന് കീഴിൽ ക്രിസ്റ്റ്യൻ എറിക്സനു ആയി ഈ യൂറോയിൽ 1992 നു സമാനമായ അത്ഭുതം പോലും കാണിച്ചാൽ അതിൽ മാർട്ടിൻ ബ്രെത്വൈറ്റ് എന്ന താരത്തിന് വലിയ പങ്ക് ഉണ്ടാവും എന്നുറപ്പാണ്.