യൂറോ കപ്പ് ആദ്യ റൗണ്ടിലെ ദുഃഖം ആയി റോബർട്ട് ലെവഡോസ്കി

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

യൂറോകപ്പ് ഗ്രൂപ്പ് ഘട്ടത്തിൽ വെറും ഒരു പോയിന്റുമായി ഗ്രൂപ്പ് ഇയിൽ സ്വീഡൻ, സ്‌പെയിൻ, സ്ലോവാക്യ ടീമുകൾക്ക് പിറകിൽ അവസാന സ്ഥാനക്കാർ ആയാണ് പോളണ്ട് ടീം ഈ യൂറോകപ്പിൽ നിന്നു പുറത്തു പോവുന്നത്. ആദ്യ മത്സരത്തിൽ ക്രയിചവാക് ചുവപ്പ് കാർഡ് കണ്ടതോടെ നേരിട്ട 2-1 ന്റെ പരാജയം തന്നെയാണ് പോളണ്ടിന്റെ വിധി എഴുതിയത്. തുടർന്ന് സ്പാനിഷ് ടീമിന് എതിരെ സമനില കണ്ടത്തിയ അവർക്ക് പക്ഷെ വിജയം മാത്രം രക്ഷക്ക് എത്തുന്ന മത്സരത്തിൽ ഗ്രൂപ്പ് ജേതാക്കൾ ആയ സ്വീഡന് മുന്നിൽ 3-2 പൊരുതി തോൽക്കേണ്ടി വന്നു. ഉറപ്പായിട്ടും ഗ്രൂപ്പ് ഘട്ടം കടക്കേണ്ട യോഗ്യത ഉണ്ടായ പോളണ്ട് ടീമിന് അതിനു സാധിക്കാതെ വന്നതിൽ ആരാധകർക്ക് സങ്കടം ഉണ്ടായിട്ടുണ്ട് എന്നാൽ അതിനേക്കാൾ അവർ സങ്കടം പകരുന്നത് റോബർട്ട് ലെവഡോസ്‌കി എന്ന അവരുടെ ഇതിഹാസത്തിന്റെ പരിശ്രമങ്ങൾ വെറുതെ ആയി എന്ന ചിന്ത തന്നെയാണ്.

നിർണായക മത്സരത്തിൽ അതുഗ്രൻ ഹെഡറിലൂടെ സ്പാനിഷ് ടീമിനെ സമനിലയിൽ തളച്ചു ടീമിന് പ്രതീക്ഷ പകർന്ന ലെവഡോസ്‌കിയും സംഘവും പൊരുതാൻ ഉറച്ചു തന്നെയാണ് സ്വീഡന് എതിരെ ഇറങ്ങിയത്. എന്നാൽ രണ്ടാം മിനിറ്റിൽ തന്നെ എമിൽ ഫോർസ്ബർഗിന്റെ ഗോളിൽ പിന്നിൽ പോയ പോളണ്ട് തുടക്കത്തിൽ തന്നെ ഞെട്ടി. തുടർന്ന് കോർണറിൽ ലഭിച്ച പന്ത് മികച്ച ഹെഡറിലൂടെ ഗോൾ പോസ്റ്റ് ലക്ഷ്യം വച്ച ലെവഡോസ്‌കി പക്ഷെ അത് ബാറിൽ തട്ടി തിരിച്ചു വന്നപ്പോൾ ഗോൾ പോസ്റ്റ് ശൂന്യമായിരുന്നു. ഇവിടെ ചിലപ്പോൾ 100 പ്രാവശ്യം ലഭിച്ചാൽ 99 പ്രാവശ്യവും ലെവഡോസ്‌കി ലക്ഷ്യം കാണുന്ന അവസരം അദ്ദേഹം വീണ്ടും ബാറിലേക്ക് ഹെഡ് ചെയ്ത കാഴ്ച അവിശ്വസനീയം ആയിരുന്നു. നിർഭാഗ്യം എന്നു പറഞ്ഞാലും ലെവഡോസ്‌കിയിൽ നിന്നു അത് ആരാധകർ പ്രതീക്ഷിച്ചില്ല. തുടർന്നു രണ്ടാം പകുതിയിൽ ഫോർസ്ബർഗ് സ്വീഡന്റെ ഗോൾ നേട്ടം രണ്ടായി ഉയർത്തുന്നു. പോളണ്ട് ഇതിനിടയിൽ ഗോൾ അടിക്കാൻ ശ്രമങ്ങൾ നടത്തുന്നുണ്ട്. എന്നാൽ രണ്ടാം ഗോൾ പോളണ്ടിന്റെ പ്രതീക്ഷകൾക്ക് അവസാനം കുറിച്ചു എന്നാണ് തോന്നുക.

എന്നാൽ തൊട്ടടുത്ത നിമിഷം ക്ലാസ് സ്ഥിരമാണ് എന്ന വിളംബരം ചെയ്തു കൊണ്ട് റോബർട്ട് ലെവഡോസ്‌കി അവതരിക്കുക ആണ്. സെലിൻസ്കി നൽകിയ പന്ത് ഓടി എടുത്തു താൻ ഒരുപാട് തവണ ചെയ്ത അതുഗ്രൻ അടിയിലൂടെ വലയിൽ എത്തിക്കുമ്പോൾ ലെവഡോസ്‌കി നൽകുന്നത് പോളിഷ് ജനതക്ക് ജീവവായു ആണ്. 84 മിനിറ്റിൽ ഇത്തവണ ഇടതു കാലു കൊണ്ടു ഒരു മുന്നേറ്റക്കാരന്റെ ഗോൾ നേടുന്ന ലെവഡോസ്‌കി പോളണ്ട് പ്രതീക്ഷകൾ വാനോളം ഉയർത്തുക ആണ്. സ്വപ്നതുല്യമായ തിരിച്ചു വരവും പോളണ്ട് ജയവും കാത്തിരുന്നവർക്ക് എന്നാൽ ഫുട്‌ബോളും ജീവിതവും എല്ലായ്പ്പോഴും ശുഭാന്ത്യം അല്ല നൽകുക എന്നു തെളിയിച്ചു കൊണ്ടു സ്വീഡൻ അവസാന നിമിഷം ജയം തട്ടിയെടുത്തു പോവുമ്പോൾ നമ്മൾ ഓർക്കുക ലെവഡോസ്‌കിയെ പറ്റി തന്നെയാവും അയ്യാളുടെ ശ്രമങ്ങളെ പറ്റി തന്നെയാവും. പോളണ്ട് കണ്ട ഏറ്റവും മഹാനായ താരം 122 മത്സരങ്ങളിൽ 69 ഗോളുകൾ നേടിയ അവരുടെ ഏറ്റവും വലിയ ഗോൾ വേട്ടക്കാരൻ, മൂന്നു യൂറോയിൽ ഗോൾ നേടുന്ന ആദ്യ പോളിഷ് താരം ഒക്കെ ലെവഡോസ്‌കി തന്നെയാണ്. പലപ്പോഴും അയ്യാൾ ഒറ്റക്ക് ആണ് ആ രാജ്യത്തെ തോളിൽ ഏറ്റിയത്, ചിലപ്പോൾ കാവ്യനീതി പോലെ ദേശീയ ടീമിന് ഒപ്പം അയ്യാൾ ഇതിലും കൂടുതൽ അർഹിച്ചിരുന്നു. ക്ലബ് തലത്തിൽ എല്ലാം നേടിയിട്ടും ഫിഫയുടെ മികച്ച താരം ആയിട്ടും ലെവഡോസ്‌കിയും പോളണ്ടും ചിലപ്പോൾ ഇതിലും കൂടുതൽ അർഹിക്കുന്നു എന്നാണ് തോന്നുന്നത്. പിന്നെ ജീവിതവും ഫുട്‌ബോളും എന്നും ക്രൂരമാണല്ലോ അത് ആധുനിക കാലത്തെ ഏറ്റവും മികച്ച മുന്നേറ്റനിരക്കാരനോട് മാത്രം നീതി കാണിക്കണം എന്നില്ലല്ലോ. ജയിച്ചവരുടെ ലോകത്ത് തോറ്റവർ എന്നും വിസ്മരിക്കപ്പെടുക തന്നെയാണ് ഉണ്ടാവുക എന്നാൽ അങ്ങനെ ഈ യൂറോയിൽ വിസ്മരിച്ചു പോവേണ്ട ഒരാളല്ല ഒരിക്കലും റോബർട്ട് ലെവഡോസ്‌കി എന്നത് ആണ് സത്യം.