ഫ്രാൻസിന്റെ അവഗണനയിൽ മനം നൊന്ത് സ്പെയിനിലേക്ക്, സ്‌പെയിൻ അവസാന എട്ടിൽ, ഫ്രാൻസ് നാട്ടിലേക്ക്

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

പലപ്പോഴും രാജ്യാന്തര തലത്തിൽ ജന്മനാട് വിട്ട് താരങ്ങൾ പുതിയ മേച്ചിൽ പുറങ്ങൾ തേടുന്നത് പുതിയ കഥയല്ല. അർജന്റീനയിൽ ജനിച്ച് അർജന്റീനക്കും കൊളംബിയക്കും പിന്നീട് സ്പാനിഷ് ടീമിനും കളിച്ച സാക്ഷാൽ ആൽഫ്രഡോ ഡി സ്റ്റിഫാനോ മുതൽ ഇങ്ങോട്ട് ഒരുപാട് ഉദാഹരണങ്ങൾ ഇത്തരത്തിൽ കാണാൻ സാധിക്കും. അതിലെ പുതിയ കണ്ണി തന്നെയാണ് അയ്മറിക് ലപോർട്ടയെന്ന ഫ്രഞ്ചുകാരനായ നിലവിലെ സ്പാനിഷ് താരം. 50 തിലേറെ മത്സരങ്ങൾ ഫ്രഞ്ച് യുവ ടീമുകൾക്ക് ആയി കളിച്ച പലപ്പോഴും ഫ്രഞ്ച് ടീമിൽ ഇടം കിട്ടിയിട്ടും കളിക്കാൻ മാത്രം അവസരം കിട്ടാതെ പോയ മാഞ്ചസ്റ്റർ സിറ്റി പ്രതിരോധ താരം ഈ യൂറോ കപ്പിന് മുമ്പാണ് സ്പാനിഷ് ദേശീയത സ്വീകരിച്ചു ലൂയിസ് എൻറിക്വയുടെ സ്പാനിഷ് ടീമിൽ ഇടം പിടിക്കുന്നത്. 2016 ൽ തന്നെ ദേശീയ ടീം ഇനിയും അവഗണിക്കുന്നത് തുടർന്നാൽ സ്പാനിഷ് ടീമിനായി കളിക്കുന്നത് ആലോചിക്കും എന്നു പറഞ്ഞ ലപോർട്ട പിന്നീട് ഈ തീരുമാനത്തിൽ നിന്നു പിന്നോട്ട് പോയിരുന്നു. പിന്നീട് ഫ്രഞ്ച് സ്ക്വാഡിലും താരം ഇടം പിടിച്ചു. എന്നാൽ പരിക്ക് വില്ലൻ ആയപ്പോൾ താരത്തിന് ഫ്രാൻസിനായി ഒരു മത്സരം പോലും കളിക്കാൻ അവസരം ലഭിച്ചില്ല.

2010 മുതൽ 16 വയസ്സ് മുതൽ അത്ലറ്റിക് ബിൽബാവോയിൽ കളിച്ച ലപോർട്ട അവർക്ക് ആയി ബൂട്ട് കിട്ടുന്ന രണ്ടാമത്തെ മാത്രം ഫ്രഞ്ച് താരം ആയിരുന്നു. താരധാരാളിത്വം കൊണ്ടു സമ്പന്നമായ ഫ്രഞ്ച് ടീമിൽ തനിക്ക് മികച്ച പ്രകടനം നടത്തിയിട്ടും അവസരം ലഭിച്ചില്ല എന്നത് താരത്തെ വല്ലാതെ നിരാശപ്പെടുത്തി. 2016 ൽ രാജ്യം മാറുന്ന തീരുമാനത്തിൽ നിന്നു പിറകോട്ട് പോയ ലപോർട്ടക്ക് തുടർന്നും നിരാശ മാത്രം ആയിരുന്നു ഫലം. തുടർന്ന് ഈ മെയിൽ സ്പാനിഷ് പൗരത്വം അധികൃതർ അനുവദിച്ചു നൽകിയതോടെയാണ് ലപ്പോർട്ട ഈ യൂറോയിൽ സ്പാനിഷ് ടീമിൽ ഇടം കണ്ടത്തിയത്. പലപ്പോഴും തനിക്ക് നേരിട്ട കടുത്ത അവഗണന ആണ് തീരുമാനത്തിന് പിറകിൽ എന്നാണ് ലപ്പോർട്ട പറയുന്നത്. ഫ്രാൻസ് പരിശീലകൻ ദിദിയർ ദശാംസും ഫുട്‌ബോൾ അധികൃതരും 2016 നു ശേഷം തന്നോട് സംസാരിക്കുക പോലും ചെയ്തില്ല എന്നു തുറന്നടിച്ച ലപ്പോർട്ട തന്റെ സന്ദേശങ്ങൾക്ക് മറുപടി നൽകാനുള്ള മാന്യത പോലും ഫ്രഞ്ച് പരിശീലകൻ കാണിച്ചില്ല എന്നു പറഞ്ഞു. എന്നാൽ ഇത്തരം സന്ദേശങ്ങൾ ലഭിച്ചില്ല എന്ന് മാത്രം ആയിരുന്നു ദശാംസിന്റെ മറുപടി. ഇത് കള്ളം ആണെന്ന് ലപോർട്ട തിരിച്ചടിച്ചു. ഒടുവിൽ അവഗണനയിൽ മനം നൊന്ത താരം സ്പാനിഷ് ടീമിലേക്ക് കളം മാറുക ആയിരുന്നു.

കഴിഞ്ഞ 8 കൊല്ലം മാത്രം സ്‌പെയിനിൽ ജീവിച്ച ലപോർട്ട വെറും ഒരു മാസം പോലും ആയില്ല സ്പാനിഷ് ടീമിനൊപ്പം ചേർന്നിട്ടു. എന്നാൽ സ്പാനിഷ് ടീമിനായി എല്ലാം നൽകുന്ന താരം അവരുടെ പ്രകടനങ്ങളിൽ നിർണായകമാവുകയാണ്. ഗ്രൂപ്പ് ഘട്ടത്തിൽ സ്ലോവാക്യക്ക് എതിരെ ഗോൾ നേടി ആഘോഷിച്ച താരം ടീമിന് വലിയ പ്രചോദനവും ആവുകയാണ്. തന്റെ 22 കൊല്ലത്തെ കഠിനാധ്വാനത്തിന്റെ ഫലം ആണ് ഇതെന്ന് വ്യക്തമാക്കിയ ലപോർട്ട ആളുകൾ എന്ത് പറയുന്നു എന്ന് താൻ കാര്യമാക്കുന്നില്ല, അത് തന്നെ ബാധിക്കാറില്ല എന്നും താരം കൂട്ടിച്ചേർത്തു. സ്പാനിഷ് ടീമും സ്‌പെയിൻ എന്ന നാടും തന്നിൽ അർപ്പിച്ച വിശ്വാസം കാക്കാൻ ആണ് തന്റെ ശ്രമം എന്നു പറഞ്ഞ മാഞ്ചസ്റ്റർ സിറ്റി താരം സ്പാനിഷ് ടീമിലെ നിർണായക സാന്നിധ്യം ആയി മാറിക്കഴിഞ്ഞു ഇതിനകം. ലപോർട്ടയുടെ സ്‌പെയിൻ ആവേശപ്പോരാട്ടത്തിൽ ക്രൊയേഷ്യയെ അധികാസമയത്ത് വീഴ്‌ത്തി അവസാന എട്ടിലേക്ക് മുന്നേറിയപ്പോൾ താരത്തെ കൈവിട്ട ഫ്രാൻസ് പെനാൽട്ടിയിൽ മറ്റൊരു ആവേശപ്പോരാട്ടത്തിൽ സ്വിസ് ടീമിന് മുന്നിൽ വീണു. ഇതോടെ തനിക്ക് ജന്മം നൽകിയ ടീമിനോട് കളിച്ചു തെളിയിക്കാനുള്ള അവസരം ആണ് ലപ്പോർട്ടക്ക് നഷ്ടമായത്. സ്വിസർലന്റിനെ ക്വാർട്ടർ ഫൈനലിൽ നേരിടുന്ന സ്‌പെയിൻ കടമ്പകൾ കടന്നു ഈ യൂറോകപ്പ് നേടുക ആണെങ്കിൽ അത് ഫ്രാൻസിന്റെ അവഗണനക്ക് അയ്മറിക് ലപോർട്ട എന്ന 27 കാരനായ ഫ്രഞ്ചുകാരന്റെ മറുപടി കൂടിയാവും. അതെ ഫുട്‌ബോൾ ഇങ്ങനെയൊക്കെയാണ് വിചിത്രം ആവുന്നത്.