ഗ്രൂപ്പ് ഇയിൽ എന്തും സംഭവിക്കാം, ആദ്യ റൗണ്ടിൽ കാത്തിരിക്കുന്നത് സ്പാനിഷ് ദുരന്തമോ?

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

യൂറോ കപ്പിൽ ഗ്രൂപ്പ് ഇയിൽ മുൻ ലോകകപ്പ്, യൂറോകപ്പ് ജേതാക്കൾ ആയ സ്പാനിഷ് ടീമിന്റെ ഭാവി തന്നെയാണ് എല്ലാവരും ഉറ്റു നോക്കുന്ന കാഴ്ച. നിലവിൽ കളിച്ച രണ്ടു കളികളിലും സമനില വഴങ്ങിയ അവർ ഗ്രൂപ്പിൽ 2 പോയിന്റുകളും ആയി മൂന്നാം സ്ഥാനത്ത് ആണ്. ഇതോടെ ഗ്രൂപ്പിൽ രണ്ടാമതുള്ള സ്ലോവാക്യയോടുള്ള മത്സരത്തിൽ ജയത്തിൽ കുറഞ്ഞ ഒന്നും സ്പാനിഷ് ടീമിന് മുന്നോട്ടുള്ള പ്രയാണത്തിൽ പ്രയാസമാവും. അതേസമയം സമനില മതിയാവും സ്ലോവാക്യക്ക് അവസാന പതിനാറിൽ ഇടം പിടിക്കാൻ. എന്നാൽ ഇത് വരെ പരസ്പരം ഏറ്റുമുട്ടിയ ആറു മത്സരങ്ങളിൽ നാലു എണ്ണത്തിലും ജയം സ്പാനിഷ് ടീമിന് ഒപ്പം ആയിരുന്നു, ഒരിക്കൽ മാത്രം ആണ് സ്പെയിന് മേൽ സ്ലോവാക്യക്ക് ജയിക്കാൻ ആയത്. സ്വന്തം മണ്ണിൽ ഈ ആധിപത്യം നിലനിർത്താൻ ആവും സ്പാനിഷ് ശ്രമം. എന്നാൽ 2010 ലോകകപ്പിൽ ഇറ്റലിയെ അട്ടിമറിച്ച ചരിത്രമുള്ള സ്ലോവാക്യ ആരെയും ഞെട്ടിക്കാൻ പ്രാപ്തരാണ്. ഒരു വലിയ ടൂർണമെന്റിൽ ആദ്യമായി ആണ് ഇരു ടീമുകളും പരസ്പരം ഏറ്റുമുട്ടുന്നത്.

മത്സരത്തിൽ പന്ത് കൈവശം വക്കുന്നതിലും പാസുകളിലും അടക്കം വലിയ ആധിപത്യം പുലർത്തുന്ന ലൂയിസ് എൻറിക്വയുടെ സ്പാനിഷ് ടീമിന്റെ പ്രശ്നം ഗോൾ കണ്ടത്താൻ ആവുന്നില്ല എന്നത് തന്നെയാണ്. സ്വീഡന് എതിരെ ഗോൾ രഹിത സമനില വഴങ്ങിയ അവർ പോളണ്ടിനു എതിരെ ഒരു ഗോൾ മാത്രം ആണ് കണ്ടത്തിയത്. മൊറാറ്റ പലപ്പോഴും അവസരത്തിനു ഒത്തു ഉണരാത്തതും മറ്റ് താരങ്ങൾക്ക് ഈ വിടവ് നികത്താൻ ആവാത്തതും പ്രശ്നം ആണ്. കഴിഞ്ഞ മത്സരത്തിൽ പോളണ്ടിനെതിരെ ജെറാർഡ് മൊറെനോ പെനാൽട്ടി പാഴാക്കുകയും ചെയ്തു. അതിനാൽ തന്നെ ഗോൾ കണ്ടത്തുക എന്നത് തന്നെയാവും സ്പാനിഷ് ടീം നേരിടുന്ന വെല്ലുവിളി. അതേസമയം ഏതു ടീമിനും വെല്ലുവിളി ഉയർത്താൻ പോന്ന ടീമാണ്. ഹാമ്സിക്കിന്റെ സാന്നിധ്യം അവർക്ക് പ്രചോദനം ആണ്, സ്ക്രിനിയർ, സ്കെർട്ടൽ എന്നിവരടങ്ങുന്ന പ്രതിരോധവും പോരാളികൾ ആണ്. പരാജയപ്പെട്ടാലും മികച്ച മൂന്നാം സ്ഥാനക്കാർ ആയി മുന്നേറാൻ അവസരം ഉണ്ടെങ്കിലും സമനില അത് ഉറപ്പിക്കും എന്നതിനാൽ സമനില നേടാൻ ആവും സ്ലോവാക്യയുടെ ശ്രമം അതേസമയം സ്പാനിഷ് ടീമിന് സമനില ചെറിയ സാധ്യത നൽകുന്നെങ്കിലും അത് പോളണ്ടിന്റെ പരാജയത്തെ ആശ്രയിക്കും എന്നതിനാൽ ജയം ആവും അവരുടെ ലക്ഷ്യം.

അതേസമയം ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ സ്വീഡന് എതിരെ പോളണ്ടിനു ജയം മാത്രം നേടിയാൽ മാത്രമേ മുന്നോട്ട് പോവാൻ പറ്റൂ. നിലവിൽ ഗ്രൂപ്പിൽ 4 പോയിന്റുകൾ നേടി ഒന്നാമതുള്ള സ്വീഡൻ അവസാന പതിനാറിലേക്കുള്ള സ്ഥാനം ഉറപ്പിച്ച ഏക ടീമാണ്. പരാജയപ്പെട്ടാലും സ്വീഡന് രണ്ടാമത് ആയോ മൂന്നാമത് ആയോ അടുത്ത റൗണ്ടിലേക്ക് മുന്നേറാം. എന്നാൽ വെറും 1 പോയിന്റുമായി നിലവിൽ നാലാം സ്ഥാനത്തുള്ള പോളണ്ടിനു ജയം അനിവാര്യമാണ്. ജയിച്ചാൽ അവർക്ക് അടുത്ത റൗണ്ട് ഉറപ്പാണ് എന്നതിനാൽ അതിനാവും ലെവണ്ടോസ്കിയും സംഘവും ശ്രമിക്കുക. പരസ്പരം ഏറ്റുമുട്ടിയ 26 മത്സരങ്ങളിൽ ഒന്നിൽ പോലും ഗോൾ രഹിത സമനില ഇരു ടീമുകൾ തമ്മിൽ ഉണ്ടായിട്ടില്ല. അതേസമയം അവസാനം കളിച്ച 11 കളികളിൽ 9 തിലും ജയിച്ച സ്വീഡൻ കണക്കുകളിൽ വളരെ മുന്നിലാണ്. സ്വീഡന് എതിരെ അവസാനം പോളണ്ട് ജയിച്ചത് 1991 ൽ ആണ് എന്ന ചരിത്രം ആണ് ലെവഡോസ്കിക്കും സംഘത്തിനും മറികടക്കേണ്ടത്. അതേസമയം വലിയ ടൂർണമെന്റിൽ ഇതിനു മുമ്പ് ഏറ്റുമുട്ടിയപ്പോൾ 1974 ലോകകപ്പിൽ പോളണ്ടിനു ആയിരുന്നു ജയം.

മികച്ച പ്രകടനം ഇത് വരെ നടത്തിയ സ്വീഡന്റെ വജ്രായുധം യുവ താരം അലക്‌സാണ്ടർ ഇസാക് ആണ്. ഒപ്പം ഫോർസ്ബർഗ്, ലാർസൻ തുടങ്ങിയ മികച്ച താരങ്ങളും ഉണ്ട്. ലിന്റലോഫ് ഗോൾ കീപ്പർ ഓൾസൻ എന്നിവർ അടങ്ങുന്ന പ്രതിരോധത്തിനു ലെവഡോസ്കിയെ പിടിച്ചു കെട്ടുക എന്നത് ആവും കടമ. ലെവഡോസ്കിയിൽ ആണ് പോളണ്ടിന്റെ എല്ലാ പ്രതീക്ഷയും ഒപ്പം സെലിൻസ്കി, ക്ലിച്ച് തുടങ്ങിയ മികച്ച താരങ്ങളും ഉണ്ട്. ബെഡ്നർക്, ഗിൽക് എന്നിവർ അടങ്ങിയ പ്രതിരോധം മികച്ചത് ആണ്. നിലവിൽ സ്വീഡൻ ഒഴിച്ചു മറ്റ് ടീമുകൾ ആരും അവസാന പതിനാറു ഉറപ്പിച്ചില്ല എന്നത് ഗ്രൂപ്പിനെ ആവേശത്തിൽ ആക്കുന്നു. സ്ലോവാക്യക്ക് എതിരെ സ്‌പെയിൻ ജയിക്കുകയും ഒപ്പം പോളണ്ട് സ്വീഡനെ മറികടക്കുകയും ചെയ്താൽ സ്‌പെയിൻ, പോളണ്ട്, സ്വീഡൻ ഈ ടീമുകൾ മൂന്നും അടുത്ത റൗണ്ടിലേക്ക് മുന്നേറും. അതേസമയം തോൽവി സ്‌പെയിൻ, പോളണ്ട് ടീമുകൾക്ക് പുറത്തേക്കുള്ള വഴി തുറക്കും. സമനില വഴങ്ങിയാലും പോളണ്ട് പുറത്ത് പോവും അതേസമയം സ്പെയിന് സമനില മികച്ച മൂന്നാം സ്ഥാനക്കാർ എന്ന ചെറിയ സാധ്യത നൽകും. അതേസമയം സമനില പോലും സ്ലോവാക്യക്ക് മുന്നോട്ടുള്ള വഴി തുറക്കും. ഗ്രൂപ്പിൽ ആദ്യ സ്ഥാനത്ത് എത്താൻ സ്വീഡനും അടുത്ത റൗണ്ട് ഉറപ്പിക്കാൻ മറ്റ് മൂന്ന് ടീമുകളും ഇറങ്ങുമ്പോൾ ഗ്രൂപ്പ് ഇ പ്രവചിക്കാൻ സാധിക്കാത്ത വിധം ബുദ്ധിമുട്ട് ആവുന്നു. ആദ്യ റൗണ്ടിൽ സ്‌പെയിൻ വീഴുമോ എന്നത് തന്നെയാണ് ഫുട്‌ബോൾ ആരാധകർ ആശങ്കയോടെ ചോദിക്കുന്ന ചോദ്യം. ഉത്തരം ഏതായാലും ഇന്ന് രാത്രി 9.30 നു നടക്കുന്ന മത്സരങ്ങൾ കഴിഞ്ഞാൽ മിക്കവാറും ലഭിക്കുന്നത് ആയിരിക്കും.