ഇന്ത്യൻ ഫുട്ബോളിലെ ഇതിഹാസ ക്ലബായ ഈസ്റ്റ് ബംഗാൾ രൂപം കൊണ്ടിട്ട് ഇന്നേക്ക് 99 വർഷങ്ങൾ. 1920 ഓഗസ്റ്റ് ഒന്നിനായിരുന്നു ഈസ്റ്റ് ബംഗാൾ എന്ന ക്ലബ് നിലവിൽ വന്നത്. നൂറാം വയസ്സിലേക്ക് കടന്ന ഈസ്റ്റ് ബംഗാൾ നൂറാം ജന്മദിനം വരെ നീണ്ടു നിൽക്കുന്ന ആഘോഷങ്ങളാണ് ഒരുക്കുന്ന. 1920ൽ സുരേഷ് ചന്ദ്ര ചൗധരി, രാജ മന്മത നാഥ് ചൗധരി, രമേഷ് ചന്ദ്ര സെൻ, ഔറബിന്ധ ഘോഷ് എന്നിവർ ചേർന്നായിരുന്നു ഈസ്റ്റ് ബംഗാൾ രൂപീകരിച്ചത്.
ഈ 99 വർഷങ്ങൾക്ക് ഇടയിൽ ഇന്ത്യയിലെ ഏറ്റവും വലിയ ക്ലബുകളിൽ ഒന്നായി തന്നെ ഈസ്റ്റ് ബംഗാൾ മാറി. ഇതിനകം 130ൽ അധികം കിരീടങ്ങൾ ഈസ്റ്റ് ബംഗാൾ നേടിയിട്ടുണ്ട്. മൂന്ന് ദേശീയ ലീഗ് കിരീടങ്ങളും എട്ട് ഫെഡറേഷൻ കപ്പും ഇതിൽ ഉൾപ്പെടുന്നു. അവസാന കുറേ വർഷങ്ങളായി ലീഗ് കിരീടങ്ങൾ ഇല്ലായെങ്കിലും ഇന്ത്യൻ ഫുട്ബോളിലെ വലിയ ശക്തിയായി തന്നെ നിലകൊള്ളാൻ ഈസ്റ്റ് ബംഗാളിനായി.
മോഹൻ ബഗാനും ഈസ്റ്റ് ബംഗാളുമായുള്ള റൈവൽറി ഈ 99 വർഷത്തിൽ ഇന്ത്യൻ ഫുട്ബോളിലെ ഏറ്റവും വലിയ ഫുട്ബോൾ മാമാങ്കമായും മാറി. ഇപ്പോൾ സ്പോൺസർമാരുമായി പ്രശ്നത്തിൽ ഉള്ള ഈസ്റ്റ് ബംഗാൾ നൂറാം ജന്മദിനത്തിലേക്ക് പ്രശ്നങ്ങൾ ഒക്കെ തീർത്ത് ഒരു ലീഗ് കിരീടം ആകും ലക്ഷ്യമിടുന്നത്