ചില ഫുട്ബോൾ രാത്രികൾ ഇങ്ങനെയാണ്. പല ജീവിത പ്രശ്നങ്ങളിൽ നിന്നും ഫുട്ബോൾ പ്രേമികൾക്കുള്ള ആശ്വാസമാണ് ഫുട്ബോൾ. വിജയവും തോൽവിയും നിരാശയും ഒക്കെ ഉണ്ടാവുമെങ്കിലും ഫുട്ബോൾ അതിനെ സ്നേഹിക്കുന്നവർക്ക് ഒക്കെ ഏറെ പ്രതീക്ഷകളും വിശ്വാസവും നൽകുന്ന ഇടമാണ്. പക്ഷെ അതിനിടയിൽ ഇന്നത്തെ രാത്രി പോലെ നെഞ്ചിന് കനം കൂടുന്ന നിസ്സഹായരാണ് എന്ന് ഒരോ ഫുട്ബോൾ പ്രേമിക്കും തോന്നുന്ന രാത്രികളും ഉണ്ടാകും.
പണ്ട് ഡെമ്പോ താരം ക്രിസ്റ്റ്യാനോ ജൂനിയർ കളത്തിൽ വെച്ച് മരണപ്പെട്ടതിന്റെ വേദന ഇപ്പോഴും മാറാത്തവരുണ്ട് ഇന്ത്യം ഫുട്ബോൾ പ്രേമികളിൽ. ഇന്ന് ക്രിസ്റ്റ്യൻ എറിക്സൺ ബോധരഹിതനായി കളിക്കിടെ വീണപ്പോൾ ഫുട്ബോളിനെ സ്നേഹിക്കുന്ന ഒരോ ഹൃദയവും അദ്ദേഹത്തിനായി ആശങ്കപ്പെട്ടു, എറിക്സന്റെ ആരോഗ്യ നില തൃപ്തികരം എന്ന വാർത്ത ആ ഹൃദയങ്ങൾക്ക് ഒക്കെ നൽകുന്ന ആശ്വാസം ചെറുതല്ല. ഇന്ന് ഈ വേദനയിലും ഒരുപാട് നല്ല മനസ്സുകളെയും കരുത്തുള്ള മനുഷ്യരെയും നമ്മുക്ക് കാണാൻ കഴിഞ്ഞു.
എറിക്സൺ വീണ ഉടനെ സെക്കൻഡുകൾ കൊണ്ട് കളി നിർത്തിയ റഫറി ആന്റണി ടെയ്ലർ ബഹുമാനം അർഹിക്കുന്നുണ്ട്. എറിക്സണ് ചുറ്റും ഒന്നും നടന്നില്ല എന്നതു കൊണ്ട് തന്നെ പലരും അദ്ദേഹം വീണത് ശ്രദ്ധയിൽ എടുക്കാതെ കളൊ തുടർന്നേനെ. എന്നാൽ പെട്ടെന്ന് തന്നെ കളി നിർത്തിയ ആന്റണി ടെയ്ലർ ഉടൻ തന്നെ മെഡിക്കൽ സംഘത്തെ കളത്തിൽ എത്തിച്ചു. ഡെന്മാർക്കിന്റെ താരങ്ങളും എറിക്സണെ സഹായിക്കാൻ വേണ്ടി പെട്ടെന്ന് തന്നെ എത്തി. സൈമൺ കാഹർ എറിക്സൺ നാവ് വിഴുങ്ങി പോയിട്ടില്ല എന്ന് ഉറപ്പിക്കുന്നത് ദൃശ്യങ്ങളിൽ കാണാമായിരുന്നു. അദ്ദേഹം തന്നെയാണ് എറിക്സണെ ശരിയായ രീതിയിൽ കിടത്തിയതും മറ്റു താരങ്ങളെ ചുറ്റും നിർത്തി എറിക്സണ് ക്യാമറ കണ്ണുകളിൽ നിന്ന് പ്രൈവസി നൽകുകയും ചെയ്തു.
ഡെന്മാർക്ക് ഗോൾ കീപ്പർ കാസ്പർ ഷിമൈക്കിൾ യുവതാരങ്ങൾക്ക് പിന്തുണ നൽകുന്നതും ഒപ്പം തന്റെ കണ്ണീർ അടക്കി കൊണ്ട് എറിക്സന്റെ ഭാര്യയെ സമാധാനിപ്പിക്കുന്നതും കാണാൻ ആയി. മെഡിക്കൽ സ്റ്റാഫിന്റെ പ്രവർത്തനങ്ങളും പറയാതെ വയ്യ. അവരുടെ കൃത്യമായ ഇടപെടൽ ആണ് കാണാൻ കഴിഞ്ഞത്. എറിക്സനെ ചികിത്സിക്കുമ്പോൾ അത് മറയ്ക്കാനായി ഫിൻലാൻഡ് ആരാധകർ അവരുടെ രാജ്യത്തിന്റെ പതാകകൾ ഡെന്മാർക്ക് താരങ്ങൾക്ക് നൽകിയതും കണ്ണ് നനയിക്കുന്ന കാഴ്ചയായി. എറിക്സന്റെ പേര് രണ്ട് രാജ്യങ്ങളും കൂടെ ചാന്റ് ചെയ്യുന്നതും കാണാനായി.
https://twitter.com/MicGWagner/status/1403770674569748481?s=19
ഫുട്ബോൾ ആരാധകർക്ക് വേദനയിലും കരുത്തേകുന്ന കാഴ്ചകൾ ആയിരുന്നു ഇതെല്ലാം. ഇപ്പോഴും അവരെല്ലാം ഒരുമിച്ച് എറിക്സൻ പൂർണ്ണ ആരോഗ്യവാനായി കളത്തിൽ തിരികെയെത്തുന്നതും കാത്തിരിക്കുകയാണ്.