ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും മികച്ച വിജയത്തിലൂടെ ഐതിഹാസിക ലോകകപ്പ് കിരീടം ഇംഗ്ലണ്ട് ഉയർത്തിയിട്ട് ഇന്നേക്ക് ഒരു വർഷം. ബൗണ്ടറി അടിച്ച എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് ന്യൂസിലൻഡിനെ കണ്ണീരിലാഴ്ത്തി ഇംഗ്ലണ്ട് തങ്ങളുടെ കന്നി ലോകകപ്പ് കിരീടം അന്ന് ഉയർത്തിയത്. 2019 ജൂലൈ 14ന് നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡിനു 8 വിക്കറ്റ് നഷ്ടത്തിൽ 241 റൺസ് മാത്രമാണ് എടുക്കാനായത്. എന്നാൽ തുടർന്ന് ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ബെൻ സ്റ്റോക്സിന്റെ മികച്ച ബാറ്റിങ്ങിന്റെ പിൻബലത്തിൽ മത്സരം സമനിലയിലാകുകയായിരുന്നു .
തുടർന്ന് മത്സരം സൂപ്പർ ഓവറിലേക്ക് നീങ്ങുകയും ഇരു ടീമുകളും 15 റൺസ് വീതം എടുത്ത് മത്സരം വീണ്ടും സമനിലയിലാകുകയായിരുന്നു. തുടർന്നാണ് വിവാദപരമായ തീരുമാനത്തിലൂടെ ഇംഗ്ലണ്ട് ന്യൂസിലൻഡിനെ തോൽപ്പിച്ച് ലോകകപ്പ് കിരീടം ഉയർത്തിയത്. മത്സരത്തിൽ ഏറ്റവും കൂടുതൽ ബൗണ്ടറി നേടിയ ടീമെന്ന നിലയിലാണ് ഇംഗ്ലണ്ട് കിരീടം നേടിയത്. ഇംഗ്ലണ്ട് 22 ബൗണ്ടറികളും 2 സിക്സുകളും മത്സരത്തിൽ നേടിയപ്പോൾ ന്യൂസിലാന്റിന് 14 ബൗണ്ടറികളും 2 സിക്സുകളും മാത്രമാണ് നേടാനായത്. ഇംഗ്ലണ്ടിന് കിരീടം നേടി കൊടുത്ത ബൗണ്ടറി നിയമം തുടർന്ന് കടുത്ത വിമർശനങ്ങളെ തുടർന്ന് ഐ.സി.സി മാറ്റുകയും ചെയ്തിരുന്നു.