പാക്കിസ്ഥാനെതിരെ സൗത്താംപ്ടണിലെ മൂന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ടിന് ആദ്യ സെഷനില്‍ തന്നെ രണ്ട് വിക്കറ്റ് നഷ്ടം. ആദ്യ ദിവസത്തെ ലഞ്ചിനായി ടീമുകള്‍ പിരിയുമ്പോള്‍ ഇംഗ്ലണ്ട് 91/2 എന്ന നിലയിലാണ്. റോറി ബേണ്‍സിനെ ആദ്യം തന്നെ ഷഹീന്‍ അഫ്രീദി പുറത്താക്കുകയായിരുന്നു. 6 റണ്‍സാണ് ബേണ്‍സ് നേടിയത്.
പിന്നീട് രണ്ടാം വിക്കറ്റില്‍ സാക്ക് ക്രോളി – ഡൊമിനിക് സിബ്ലേ കൂട്ടുകെട്ട് നിലയുറപ്പിച്ചതോടെ കൂടുതല്‍ വിക്കറ്റുകള്‍ നഷ്ടമില്ലാതെ ഇംഗ്ലണ്ട് ആദ്യ സെഷന്‍ അവസാനിപ്പിക്കുമെന്ന് കരുതിയെങ്കിലും ഡൊമിനിക് സിബ്ലേയെ പുറത്താക്കി യസീര്‍ ഷാ കൂട്ടുകെട്ട് തകര്‍ക്കുകയായിരുന്നു. 22 റണ്‍സാണ് സിബ്ലേയുടെ സ്കോര്‍. 61 റണ്‍സാണ് രണ്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് നേടിയത്.
അതിവേഗത്തില്‍ സ്കോറിംഗ് നടത്തിയ സാക്ക് ക്രോളി തന്റെ അര്‍ദ്ധ ശതകത്തോടടുത്തപ്പോളാണ് ഇന്നിംഗ്സ് അല്പം പതുക്കെയായത്. 53 റണ്‍സ് നേടിയ താരത്തിനൊപ്പം 10 റണ്‍സുമായി ജോ റൂട്ടുമാണ് ക്രീസിലുള്ളത്. ആദ്യ സെഷനില്‍ 28 ഓവറുകളാണ് പാക്കിസ്ഥാന്‍ എറിഞ്ഞത്.
പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ട് ആവേശകരമായ വിജയം നേടിയപ്പോള്‍ രണ്ടാം മത്സരത്തില്‍ മഴ വില്ലനായി അവതരിച്ചപ്പോള്‍ ടീമുകള്‍ സമനിലയില്‍ പിരിഞ്ഞു. മൂന്നാം ടെസ്റ്റില്‍ ടോസ് നേടിയ ഇംഗ്ലണ്ട് നായകന്‍ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.