സമാറയിൽ സെമി ഫൈനൽ ലക്ഷ്യമാക്കി ഇംഗ്ലണ്ടും സ്വീഡനും ഇന്ന് ഇറങ്ങും. രണ്ട് ദശാബ്ദങ്ങൾക്ക് ശേഷം സെമി ഉറപ്പിക്കാനാണ് ഇരു ടീമുകളും ഇറങ്ങുന്നത്. സ്വീഡൻ അവസാനമായി സെമി കണ്ടത് 1994 യു.എസ്.എ ലോകകപ്പിലാണ്. ഇംഗ്ലണ്ട് അവസാനമായി സെമി ഫൈനൽ കണ്ടത് 1990ലെ ഇറ്റലി ലോകകപ്പിൽ ആയിരുന്നു.
കൊളംബിയയെ പെനാൽറ്റി ഷൂട്ട്ഔട്ടിൽ തോൽപ്പിച്ചാണ് ഇംഗ്ലണ്ട് സെമി ഉറപ്പിച്ചത്. ലോകകപ്പ് ചരിത്രത്തിൽ ആദ്യമായാണ് പെനാൽറ്റി ഷൂട്ട് ഔട്ടിൽ ഇംഗ്ലണ്ട് ഒരു മത്സരം ജയിച്ചത്. മത്സരത്തിലെ അവസാന നിമിഷം വരെ ലീഡ് നിലനിർത്തിയ ഇംഗ്ലണ്ട് ഇഞ്ചുറി ടൈമിൽ സമനില വഴങ്ങുകയായിരുന്നു. തുടർന്ന് എക്സ്ട്രാ ടൈമിലും മത്സരം സമനില ആയതിന്റെ തുടർന്നാണ് മത്സരം പെനാൽറ്റി ഷൂട്ട്ഔട്ടിൽ എത്തിയത്. ഗോൾ കീപ്പർ പിക്ക്ഫോർഡിന്റെ മികച്ച രക്ഷപെടുത്തൽ ആണ് ഇംഗ്ലണ്ടിന് സെമി ടിക്കറ്റ് നൽകിയത്.
ഇംഗ്ലണ്ട് നിരയിൽ പരിക്കുമൂലം ജാമി വാർഡിക്ക് ഇന്നത്തെ മത്സരം നഷ്ടമാവുമെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ മത്സരത്തിൽ സാരമായ പരിക്കേറ്റ ആഷ്ലി യങ്ങും കെയ്ൽ വാക്കറും പരിക്ക് മാറി ഇന്ന് ടീമിൽ ഉണ്ടാവും.
അതെ സമയം പൊരുതി നിന്ന സ്വിറ്റ്സർലാൻഡിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ചാണ് സ്വീഡൻ സെമി ഉറപ്പിച്ചത്. എമിൽ ഫോർസ്ബെർഗ് നേടിയ ഗോളിലാണ് സ്വിറ്റ്സർലാൻഡ് അടിയറവ് പറഞ്ഞത്. വിലക്ക് മാറി സെബാസ്റ്റ്യൻ ലാർസൺ തിരിച്ചുവരുന്നത് സ്വീഡന് പ്രതീക്ഷ നൽകുമെങ്കിലും പ്രതിരോധ താരം മികേൽ ലുസ്റ്റിഗിന്റെ വിലക്ക് സ്വീഡന് തിരിച്ചടിയാണ്.
പ്രതിരോധ നിരയുടെ മികവിലാണ് സ്വീഡന് ഇംഗ്ലണ്ടിനെതിരെ ഇറങ്ങുന്നത്. ടൂർണമെന്റിൽ വെറും രണ്ടു ഗോൾ മാത്രമാണ് അവർ ഇതുവരെ വഴങ്ങിയത്. വഴങ്ങിയ രണ്ടു ഗോളും ജർമനിക്കെതിരെയുള്ള ഗ്രൂപ്പ് ഘട്ട മത്സരത്തിൽ ആയിരുന്നു. അതെ സമയം ഗോൾ കണ്ടെത്തുന്നതിൽ സ്വീഡന് ഇതുവരെ സ്ഥിരത കണ്ടെത്താനായിട്ടില്ല.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial