വനിതാ യൂറോ കപ്പ് ഫൈനലിലെ ആദ്യ സ്ഥാനം ഉറപ്പിച്ച് ആതിഥേയരായ ഇംഗ്ലണ്ട്. ഇന്ന് ഷെഫീൽഡിൽ നടന്ന സെമി ഫൈനലിൽ സ്വീഡനെ ഏകപക്ഷീയമായ നാലു ഗോളുകൾക്ക് ആണ് ഇംഗ്ലണ്ട് വനിതകൾ പരാജയപ്പെടുത്തിയത്. ഇന്ന് മത്സരം മികച്ച രീതിയിൽ തുടങ്ങാൻ സ്വീഡന് ആയെങ്കിലും അവർക്ക് ആദ്യ ലഭിച്ച അവസരങ്ങൾ ഒന്നും മുതലെടുക്കാൻ ആയില്ല.
34ആം മിനുറ്റിൽ ബെത് മെഡിന്റെ ഗോളിലൂടെ ആണ് ഇംഗ്ലണ്ട് ഗോളടി തുടങ്ങിയത്. വലതു വിങ്ങിൽ നിന്ന് ലൂസി ബ്രോൺസ് നൽകിയ പാസ് സീകരിച്ച് തകർപ്പൻ സ്ട്രൈക്കിലൂടെയാണ് ബെത് മെഡ് ഇംഗ്ലണ്ടിന് ലീഡ് നൽകിയത്.
രണ്ടാം പകുതിയുടെ തുടക്കത്തിൽ ലൂസി ബ്രോൺസിന്റെ ഒരു ഹെഡർ ഇംഗ്ലണ്ടിന്റെ ലീഡ് ഇരട്ടിയാക്കി. 68ആം മിനുട്ടിൽ റുസ്സോയുടെ വക മൂന്നാം ഗോൾ. മത്സരത്തിലെ ഏറ്റവും മികച്ച ഗോൾ ഇതായിരുന്നു. മത്സരത്തിലെ എന്നല്ല ഈ ടൂർണമെന്റിലെ തന്നെ എറ്റവും നല്ല ഗോളിൽ ഒന്നാണ് അലെസിയ റൂസോ നേടിയത്. ബാക്ക് ഹീലിലൂടെ സ്വീഡൻ ഡിഫൻസിനെയും ഗോൾ കീപ്പറെയും റുസ്സോ ഞെട്ടിച്ചു. മാഞ്ചസ്റ്റർ യുണൈറ്റഡ് താരത്തിന്റെ ടൂർണമെന്റിലെ നാലാം ഗോളായിരുന്നു ഇത്.
76ആം മിനുട്ടിൽ ഫ്രാൻ കർബി കൂടെ ഗോൾ നേടിയതോടെ ഇംഗ്ലണ്ട് വെംബ്ലിയിലേക്ക് പോകും എന്ന് ഉറപ്പായി. കർബിയുടെ പെനാൾട്ടി ബോക്സിന് പുറത്ത് നിന്നുള്ള ഷോട്ട് ഗോൾ കീപ്പറുടെ പിഴവു കൂടെ കൊണ്ടാണ് ഗോളായി മാറിയത്.
നാളെ നടക്കുന്ന രണ്ടാം സെമിയിൽ ജർമ്മനിയും ഫ്രാൻസും ഏറ്റുമുട്ടും.