പാക്കിസ്ഥാനെ 137/8 എന്ന സ്കോറിന് ഒതുക്കിയ ശേഷം ബെന്‍ സ്റ്റോക്സിന്റെ ബാറ്റിംഗ് മികവിൽ ടി20 ലോക കിരീടം നേടി ഇംഗ്ലണ്ട്. സ്റ്റോക്സിന് പിന്തുണയുമായി മോയിന്‍ അലിയും ഹാരി ബ്രൂക്കും നിര്‍ണ്ണായ സംഭാവനകള്‍ നൽകിയപ്പോള്‍ ഇംഗ്ലണ്ട് 19 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിലാണ് ലക്ഷ്യം മറികടന്ന്.
ആദ്യ ഓവറിൽ തന്നെ ഇംഗ്ലണ്ടിന് അലക്സ് ഹെയിൽസിന്റെ വിക്കറ്റ് നഷ്ടമായി. പിന്നീട് 25 റൺസ് രണ്ടാം വിക്കറ്റിൽ ജോസ് ബട്‍ലറും ഫിൽ സാള്‍ട്ടും നേടിയെങ്കിലും ആദ്യ ഫിൽ സാള്‍ട്ടിനെയും(10) പിന്നീട് ജോസ് ബട്‍ലറെയും പുറത്താക്കി ഹാരിസ് റൗഫ് ഇംഗ്ലണ്ടിന് തിരിച്ചടികള്‍ നൽകി.
ബട്‍ലര്‍ 17 പന്തിൽ 26 റൺസ് നേടി പുറത്തായപ്പോള്‍ ഇംഗ്ലണ്ട് 45/3 എന്ന നിലയിലായിരുന്നു. പിന്നീട് ഹാരി ബ്രൂക്കും ബെന്‍ സ്റ്റോക്സും ചേര്‍ന്ന് ഇംഗ്ലണ്ടിനെ നാലാം വിക്കറ്റിൽ 39 റൺസ് നേടി മുന്നോട്ട് നയിച്ചുവെങ്കിലും ബ്രൂക്കിനെ(20) ഷദബ് ഖാന്‍ പുറത്താക്കുകയായിരുന്നു.
30 പന്തിൽ 41 റൺസ് വേണ്ടപ്പോള്‍ ഇഫ്തിക്കര്‍ അഹമ്മദിനെ ഒരു ഫോറും ഒരു സിക്സും നേടി ബെന്‍ സ്റ്റോക്സ് ലക്ഷ്യം നാലോവറിൽ 28 റൺസാക്കി മാറ്റുകയായിരുന്നു.
ആ ഓവറിൽ നിന്ന് 13 റൺസ് പിറന്നപ്പോള്‍ അടുത്ത ഓവറിൽ മൊഹമ്മദ് വസീം ജൂനിയറിനെ തുടരെ രണ്ട് ബൗണ്ടറികള്‍ പായിച്ച മോയിന്‍ അലി ഓവറിലെ അവസാന പന്തിലും ബൗണ്ടറി നേടിയതോടെ ഓവറിൽ നിന്ന് 16 റൺസും ഇംഗ്ലണ്ടിന് മൂന്നോവറിൽ വെറും 12 റൺസും കിരീടത്തിനായി മതിയെന്ന നിലയിലേക്ക് കാര്യങ്ങള്‍ മാറി.
ഇംഗ്ലണ്ടിന് വിജയിക്കുവാന്‍ അവസാന രണ്ടോവറിൽ 7 റൺസായിരുന്നു വേണ്ടിയിരുന്നത്. 48 റൺസാണ് ബെന്‍ സ്റ്റോക്സും മോയിന്‍ അലിയും ചേര്‍ന്ന് അഞ്ചാം വിക്കറ്റിൽ നേടിയത്. 19ാം ഓവറിലെ രണ്ടാം പന്തിൽ മൊഹമ്മദ് വസീം ജൂനിയര്‍ മോയിന്‍ അലിയെ പുറത്താക്കിയപ്പോള്‍ താരം 13 പന്തിൽ 19 റൺസിന്റെ നിര്‍ണ്ണായക സംഭാവനയാണ് നൽകിയത്.
സ്റ്റോക്സ് അതേ ഓവറിൽ ഒരു ബൗണ്ടറിയും വിജയ റൺസും നേടി 49 പന്തിൽ 52 റൺസുമായി പുറത്താകാതെ നിന്ന് ഇംഗ്ലണ്ടിന് ലോക കിരീടം ഉറപ്പാക്കുകയായിരുന്നു.