കോഹ്‍ലി പടയെ തുരത്തി ഡല്‍ഹി ക്യാപിറ്റല്‍സ് യുവനിര ഒന്നാം സ്ഥാനത്തേക്ക്

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

പേരുകേട്ട ബാംഗ്ലൂരിന്റെ ബാറ്റിംഗ് നിരയെ വരിഞ്ഞുകെട്ടിയപ്പോള്‍ 59 റണ്‍സിന്റെ ആധികാരിക വിജയം നേടി ഡല്‍ഹി ക്യാപിറ്റല്‍സ്. വിരാട് കോഹ്‍ലി റണ്‍സ് കണ്ടെത്തിയെങ്കിലും മറു വശത്ത് വിക്കറ്റുകള്‍ വീഴുന്നത് തുടര്‍ക്കഥയായപ്പോള്‍ 197 റണ്‍സ് ലക്ഷ്യം തേടിയിറങ്ങിയ ആര്‍സിബിയ്ക്ക് 137 റണ്‍സേ നേടാനായുള്ളു. 9 വിക്കറ്റാണ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് നഷ്ടമായത്.

മികച്ച ഫോമിലുള്ള ദേവ്ദത്ത് പടിക്കലിനെയാണ് ടീമിന് ആദ്യം നഷ്ടമായത്. ആരോണ്‍ ഫിഞ്ചിന് രണ്ടവസരങ്ങള്‍ ലഭിച്ചുവെങ്കിലും അത് മുതലാക്കുവാനാകാതെ താരം 13 റണ്‍സ് നേടി മടങ്ങി. റോയല്‍ ചലഞ്ചേഴ്സിന് കനത്ത പ്രഹരമേല്പിച്ച് ആന്‍റിക് നോര്‍ക്യ എബി ഡി വില്ലിയേഴ്സിനെ പുറത്താക്കിയപ്പോള്‍ സ്കോര്‍ ബോര്‍ഡില്‍ വെറും 43 റണ്‍സായിരുന്നു. പിന്നീട് മോയിന്‍ അലിയ്ക്കൊപ്പം ബാറ്റ് വീശി വിരാട് കോഹ്‍ലി പത്തോവറില്‍ നിന്ന് റോയല്‍ ചലഞ്ചേഴ്സിനെ 63 റണ്‍സിലേക്ക് നയിച്ചു.

32 റണ്‍സ് കൂട്ടുകെട്ടിന് ശേഷം അക്സര്‍ പട്ടേല്‍ മോയിന്‍ അലിയെ ഷിമ്രണ്‍ ഹെറ്റ്മ്യറുടെ കൈകളിലെത്തിച്ചപ്പോള്‍ സ്കോര്‍ ബോര്‍ഡില്‍ 12 ഓവറില്‍ 75 റണ്‍സായിരുന്നു. നേരത്തെ ഫിഞ്ചിനെയും അക്സര്‍ ആണ് പുറത്താക്കിയത്. തന്റെ സ്പെല്ലിലേക്ക് മടങ്ങിയെത്തിയ കാഗിസോ റബാഡ വിരാട് കോഹ്‍ലിയെ പുറത്താക്കിയപ്പോള്‍ റോയല്‍ ചലഞ്ചേഴ്സ് മത്സരം കൈവിട്ടുവെന്ന് ഉറപ്പിക്കുകയായിരുന്നു. 43 റണ്‍സാണ് കോഹ്‍ലിയുടെ സ്കോര്‍.

Kagisorabada

വാലറ്റത്തിലെ രണ്ട് വിക്കറ്റ് കൂടി നേടി റബാഡ തന്റെ മത്സരത്തിലെ നാലാം വിക്കറ്റ് നേടുകയായിരുന്നു. നാലോവറില്‍ 24 റണ്‍സ് വിട്ട് നല്‍കിയാണ് റബാഡയുടെ വിക്കറ്റ് വേട്ട. അക്സര്‍ പട്ടേല്‍ നാലോവറില്‍ 18 റണ്‍സ് വിട്ട് നല്‍കി 2 വിക്കറ്റും നേടി. ആന്‍റിക് നോര്‍ക്യയും രണ്ട് വിക്കറ്റ് നേടി. 22 റണ്‍സ് മാത്രമാണ് താരം തന്റെ നാലോവര്‍ ക്വാട്ടയില്‍ വിട്ട് നല്‍കിയത്.