നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ കഴിഞ്ഞ സീസണിൽ മികച്ച രീതിയിൽ കളിപ്പിച്ച പരിശീലകൻ എൽകോ ഷറ്റോരി നോർത്ത് ഈസ്റ്റ് യുണൈറ്റഡ് വിടുന്നു. ഷറ്റോരിക്ക് നോർത്ത് ഈസ്റ്റിൽ തുടരാൻ താല്പര്യം ഉണ്ടെങ്കിലും ബോർഡിലെ ചില അംഗങ്ങളുടെ ഇടപെടലാണ് അദ്ദേഹത്തിന്റെ നോർത്ത് ഈസ്റ്റിൽ വിടാൻ നിർബന്ധിതനാക്കിയിരിക്കുന്നത്. നോർത്ത് ഈസ്റ്റ് വിടുന്ന ഷറ്റോരിയെ സ്വന്തമാക്കാൻ മുന്നിൽ ഉള്ളത് കേരള ബ്ലാസ്റ്റേഴ്സ് ആണ്.
കേരള ബ്ലാസ്റ്റേഴ്സ് ഷറ്റോരിയുമായി ചർച്ചകൾ നടത്തിയതായും കരാർ വാക്കാൽ അംഗീകരിച്ചതായും റിപ്പോർട്ടുകൾ വരുന്നു. ഷറ്റോരി വരികയാണെങ്കിൽ അത് കേരള ബ്ലാസ്റ്റേഴ്സിന് വലിയ ഊർജ്ജം തന്നെയാകും. വർഷങ്ങളായി ദയനീയ ഫോമിൽ ഉള്ള നോർത്ത് ഈസ്റ്റിനെ രക്ഷിച്ചത് പോലെ കേരള ബ്ലാസ്റ്റേഴ്സിനെയും രക്ഷിക്കാൻ ഷറ്റോരിക്ക് ആയേക്കും.
മുൻ സീസണിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനൊപ്പം സഹപരിശീലകനായി ഷറ്റോരി ഉണ്ടായിരുന്നു. 47കാരനായ പരിശീലകൻ യുവേഫ പ്രൊ ലൈസൻസ് ഉള്ള ആളാണ്. മുമ്പ് ഇന്ത്യൻ ക്ലബുകളായ ഈസ്റ്റ് ബംഗാൾ, യുണൈറ്റഡ് സ്പോർട്സ് എന്നീ ടീമുകളെയും പരിശീലിപ്പിച്ചിട്ടുണ്ട്. അൽ ജസീറ, മസ്കറ്റ് ക്ലബ് തുടങ്ങിയ പ്രമുഖ ടീമുകൾക്ക് ഒപ്പവും പ്രവർത്തിച്ചിട്ടുണ്ട്.
ഷറ്റോരിയെ കൂടാതെ രണ്ട് പരിശീലകരുമായി കൂടെ കേരള ബ്ലാസ്റ്റേഴ്സ് ചർച്ച നടത്തുന്നുണ്ട്. ഇന്ത്യൻ ഫുട്ബോൾ പരിശീലക സ്ഥാനത്തിനായി അപേക്ഷ കൊടുത്ത രണ്ട് പേരാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ലിസ്റ്റിലുള്ള ആ രണ്ട് പരിശീലകർ.