ഈസ്റ്റ് ബംഗാളിനെ തളച്ച് രാജസ്ഥാൻ യുണൈറ്റഡ് മുന്നോട്ട്

Nihal Basheer

ഡ്യുറണ്ട് കപ്പ് ഗ്രൂപ്പ് ബി യിലെ മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെ സമനിലയിൽ തളച്ച് രാജസ്ഥാൻ യുണൈറ്റഡ്. നേരത്തെ തങ്ങളുടെ ആദ്യ മത്സരത്തിൽ മോഹൻബഗാനെ തോൽപ്പിച്ച് കൊണ്ടാണ് ഡ്യുറന്റ് കപ്പിന് തുടക്കമിട്ടിരുന്നത്. രണ്ടു മത്സരങ്ങളിൽ നിന്ന് നാല് പോയിന്റ് വീതമായി രാജസ്ഥാനും മുംബൈ സിറ്റിയുമാണ് ഗ്രൂപ്പിൽ മുന്നിൽ. ഗോൾ വ്യത്യസത്തിൽ മുംബൈ ആണ് മുന്നിൽ. രണ്ടു മത്സരം വീതം കളിച്ച ഈസ്റ്റ് ബംഗാൾ, മോഹൻ ബഗാൻ, ഇന്ത്യൻ നേവി എന്നിവർക്ക് ഗ്രൂപ്പിൽ ഇതുവരെ വിജയം നേടാൻ ആയിട്ടില്ല.

Img 20220825 215746

മലയാളി താരം വിപി സുഹൈർ ആയിരുന്നു ഈസ്റ്റ് ബംഗാളിന്റെ കുന്തമുന. ഇരുപതിയേഴാം മിനിറ്റിൽ സുഹൈർ തൊടുത്ത ഷോട്ട് രാജസ്ഥാൻ കീപ്പർ നീരജ് സേവ് ചെയ്തു. തുടർന്നും സുഹൈറിന് അവസരങ്ങൾ ലഭിച്ചെങ്കിലും ഗോൾ ആക്കാൻ സാധിച്ചില്ല. അറുപതിയൊന്നാം മിനിറ്റിൽ രാജസ്ഥാന് പെനാൽറ്റി വീണു കിട്ടി. പക്ഷെ ബർബോസ എടുത്ത ഷോട്ട് ഈസ്റ്റ് ബംഗാൾ കീപ്പർ കമൽജിത് രക്ഷിച്ചെടുത്തു. എക്സ്ട്രാ ടൈമിൽ രാജസ്ഥാന് വീണ്ടും ഗോൾ കണ്ടെത്താൻ അവസരം ലഭിച്ചെങ്കിലും നികും തൊടുത്ത ഷോട്ട് ലക്ഷ്യത്തിൽ എത്താതെ അകന്നു പോയി.