ഡ്യൂറന്റ് കപ്പ്; വിജയം തുടർന്ന് ഇന്ത്യൻ ആർമി, നോക്ക്ഔട്ട് പ്രതീക്ഷകൾ സജീവം

Nihal Basheer

ഡ്യൂറന്റ് കപ്പ് ഗ്രൂപ്പ് ഡിയിൽ ഇന്ത്യൻ ആർമിയുടെ കുതിപ്പ് തുടരുന്നു. ഇന്ന് നടന്ന മത്സരത്തിൽ ബോഡോലാന്റ് എഫ്സിയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് അവർ കീഴടക്കിയത്. സമീർ മുർമു, സുരേഷ് മിതായി എന്നിവർ ആർമിക്ക് വേണ്ടി വല കുലുക്കിയപ്പോൾ ബോഡോലാന്റിന്റെ ആശ്വാസ ഗോൾ ജോ ഐഡൂ സ്വന്തം പേരിൽ കുറിച്ചു. തുടർച്ചയായ രണ്ടാം മത്സരത്തിലും വിജയം കണ്ടെത്തിയ ആർമി ഇതോടെ നോക് ഔട്ട് പ്രതീക്ഷകൾ സജീവമാക്കി. നേരത്തെ ഒഡീഷയേയും കീഴടക്കിയിരുന്ന ടീമിന്, അവസാന മത്സരത്തിൽ രാജസ്ഥാൻ യുനൈറ്റഡ് ആണ് എതിരാളികൾ.
Screenshot 20230817 202844 X
മത്സരം ആരംഭിച്ച് ആറാം മിനിറ്റിൽ തന്നെ ആർമി വല കുലുക്കി. ക്രിസ്റ്റഫറിന്റെ ക്രോസിൽ നിന്നും തകർപ്പൻ ഹെഡർ ഉതിർത്ത് സമീർ മുർമു ആണ് ടീമിന് ലീഡ് സമ്മാനിച്ചത്. പിറകെ ആർമി പ്രതിരോധത്തിന്റെ പിഴവിൽ ഗോളി മാത്രം മുന്നിൽ നിൽക്കെ നിക്കോദിം തൊടുത്ത ഷോട്ട് പോസ്റ്റിൽ തട്ടി തെറിച്ചു. ദീപക് സിങ്ങിന്റെ ശ്രമം തടുത്തു കൊണ്ട് ബോഡോലാന്റ് കീപ്പർ ബിർക്കാങ് ടീമിന്റെ രക്ഷകനായി. ക്രിസ്റ്റഫറിന്റെ തകർപ്പൻ ഒരു ഫ്രീകിക്കും താരം പോസ്റ്റിന് മുകളിലൂടെ തട്ടിയകറ്റി. ബോഡോലാന്റ് കോർണറിൽ നിന്നും എച്ചെസോന തൊടുത്ത ഹെഡർ ആർമി കീപ്പർ തകുരി കൈക്കലാക്കി.

മത്സരത്തിലെ നീണ്ട ഗോൾ വരൾച്ചക്ക് ശേഷം ഇഞ്ചുറി ടൈമിൽ രണ്ടു ഗോളുകൾ പിറന്നു. സുരേഷ് മിതായിയെ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി താരം തന്നെ വലയിൽ എത്തിച്ചതോടെ ആർമി ലീഡ് ഇരട്ടിയാക്കി. അവസാന നിമിഷം കോർണറിൽ നിന്നും ഹെഡർ ഉതിർത്ത ജോയിലൂടെ ബോഡോലാന്റ് ഒരു ഗോൾ മടക്കി. തൊട്ടു പിറകെ ആർമി കീപ്പർ തകുരി രണ്ടാം മഞ്ഞക്കാർഡ് കണ്ടു പുറത്തു പോയി.