കായിക രംഗത്തെ എല്ലാ മേഖലയിലും മുൻ നിരയിൽ കേരളത്തിന്റെ പേരുണ്ടാകുന്നത് മലയാളികളുടെ അഭിമാനം ഉയർത്തുന്ന കാര്യമാണ്. ഏഷ്യയിലെ ഏറ്റവും പഴയ ഫുട്ബോൾ ടൂർണമെന്റായ ഡ്യൂറണ്ട് കപ്പിൽ കേരളത്തിൽ നിന്ന് രണ്ട് ക്ലബുകൾ പങ്കെടുക്കുന്നത് കേരളത്തിലെ കായിക പ്രേമികൾക്ക് സന്തോഷം നൽകുന്നുണ്ട്. ഡ്യൂറണ്ട് കപ്പിൽ ഈ സന്തോഷത്തോടൊപ്പം കേരളത്തിന് അഭിമാനിക്കാവുന്ന ഒരു കാര്യം കൂടെ നടക്കുന്നുണ്ട്. ഡ്യൂറണ്ട് കപ്പിന്റെ ആക്ടീവ് വെയർ പാട്ണറായി കേരളത്തിൽ നിന്നുള്ള ഒരു ബ്രാൻഡ് എത്തിയിരിക്കുകയാണ്.
IIM അഹമ്മദാബാദിലെയും NIFT യിലെയും ഒരു കൂട്ടം കായിക പ്രേമികൾ ആരംഭിച്ച Hyve എന്ന സ്പോർട് വെയർ ബ്രാൻഡ് ആണ് ഡ്യൂറണ്ട് കപ്പിന്റെ പാട്ണറായി കരാർ ഒപ്പുവെച്ചത്. തിരുവനന്തപുരം ആസ്ഥാനമായുള്ള സ്റ്റാർട്ട്-അപ്പിന്റെ ദേശീയതലത്തിലേക്കുള്ള വലിയ ചുവടുവയ്പ്പ് ആണ് ഇത്.
ഗുണനിലവാരമുള്ള കസ്റ്റം ആക്റ്റീവ് വസ്ത്രങ്ങൾ താങ്ങാവുന്ന വിലയിൽ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ആശയത്തോടെയാണ് 5 വർഷം മുമ്പ് Hyve അവരുടെ സംരംഭം ആരംഭിച്ചത്. ഒറ്റമുറി ഔട്ട്‌ലെറ്റിൽ നിന്ന് കേരളത്തിലും തിരുപ്പൂരിലും പൂർണ്ണ ഉടമസ്ഥതയിലുള്ള നിർമ്മാണ യൂണിറ്റുകളുള്ള ഒരു പ്രമുഖ കായിക വസ്ത്ര ബ്രാൻഡായി ഹൈവ് ഇപ്പോൾ വളർന്നു കഴിഞ്ഞു.
കഴിഞ്ഞ 5 വർഷത്തിനിടെ 45 രാജ്യങ്ങളിലായി 7 ലക്ഷത്തിലധികം ഉൽപ്പന്നങ്ങൾ ഹൈവ് എത്തിച്ചിട്ടുണ്ട്. www.hyvesports.com എന്ന വെബ്സൈറ്റിലൂടെ വ്യക്തികൾക്ക് പേഴ്സണലൈസ്ഡ് ജേഴ്സി ഒരുക്കാനും Hyve അവസരമൊരുക്കുന്നു.
ഹൈവിന് നിലവിൽ ഫുട്ബോൾ, ക്രിക്കറ്റ്, സൈക്ലിംഗ്, റണ്ണിംഗ്, എസ്‌പോർട്‌സ്, ബാസ്‌ക്കറ്റ്‌ബോൾ എന്നി കായിക വിഭാഗങ്ങൾക്ക് വേണ്ടിയുള്ള ഉൽപ്പന്ന വിഭാഗങ്ങളുണ്ട്, കൂടാതെ ജിം വസ്ത്രങ്ങൾക്കായി ഏറ്റവും പുതിയ ശേഖരവും അവർ പുറത്തിറക്കിയിട്ടുണ്ട്.
നിരവധി ക്ലബ്ബുകൾ, അക്കാദമികൾ, കോർപ്പറേറ്റ് ടീമുകൾ, ഗ്രൂപ്പുകൾ തുടങ്ങിയവർ ഇതിനകം തന്നെ തിരഞ്ഞെടുത്ത ബ്രാൻഡാണ് ഹൈവ്. യംഗ് ബ്ലാസ്റ്റേഴ്സ് സ്പോർട്ഹുഡ്, ബൊക്ക ജൂനിയേഴ്സ്, ഫുട്ബോൾ സ്കൂൾ ഇന്ത്യ, ടെൻവിക്, എഫ്സി ബാംഗ്ലൂർ യുണൈറ്റഡ്, മിനേർവ അക്കാദമി തുടങ്ങിയ ടീമുകളുമായി ഇതിനകം തന്നെ ഹൈവ് സഹകരിക്കുന്നുണ്ട്. ഡ്യൂറണ്ട് കപ്പിലൂടെ അടുത്ത ചുവടു വെച്ച Hyve ബ്രാൻഡ് കായിക രംഗത്തെ കേരളത്തിന്റെ വലിയ സാന്നിദ്ധ്യമായി സമീപ ഭാവിയിൽ തന്നെ മാറും എന്ന് പ്രതീക്ഷിക്കാം.