ഡ്യൂറന്റ് കപ്പ്; വമ്പൻ അട്ടിമറിയിൽ ഒഡീഷ എഫ്സിയെ വീഴ്ത്തി ബോഡോലാന്റ്

Nihal Basheer

ഡ്യൂറന്റ് കപ്പ് ഗ്രൂപ്പ് എഫിൽ ഇന്ന് നടന്ന മത്സരത്തിൽ വമ്പൻ അട്ടിമറിയി. ഒഡീഷ എഫ്സിയെ ബോഡോലാണ്ട് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് വീഴ്ത്തുകയായിരുന്നു. മാനേശ്വർ, എംബെന്റാ എന്നിവർ ജേതാക്കൾക്കായി വല കുലുക്കി. പുങ്തെ ഒഡീഷയുടെ ഗോൾ സ്വന്തം പേരിൽ കുറിച്ചു. ഇതോടെ ടൂർണമെന്റിലെ തങ്ങളുടെ അവസാന മത്സരത്തിൽ ആദ്യ വിജയം നേടി അഭിമാനത്തോടെ വിടവാങ്ങാൻ ബോഡോലാന്റിനായി. ഒഡീഷക്ക് ആവട്ടെ നോക്ഔട്ട് പ്രതീക്ഷ നിലനിർത്താൻ വിജയം അനിവാര്യമായിരുന്നെങ്കിലും ആ പ്രതീക്ഷകളും അസ്തമിച്ചു. അസമിലെ ബോഡോലാന്റ് മേഖലയിലെ ഫുട്ബോൾ മുന്നേറ്റം ലക്ഷ്യമിട്ട് ആരംഭിച്ച ബോഡോലാണ്ട് എഫ്സിയുടെ ആദ്യ മേജർ ടൂർണമെന്റ് ആയിരുന്നു ഇപ്രാവശ്യത്തെ ഡ്യൂറന്റ് കപ്പ്.
Screenshot 20230819 190347
ആദ്യ പകുതിയിൽ ഇരു ടീമുകളും അവസരങ്ങൾ തുലച്ചു. കീപ്പർ മാത്രം മുന്നിൽ നിൽക്കെ ഒഡീഷ താരം അഫോബയുടെ ഷോട്ട് സൈഡ് നെറ്റിൽ അവസാനിച്ചപ്പോൾ എതിർ പ്രതിരോധത്തെ മാറി കടന്ന് ബോഡോലാന്റ് താരം നിക്കോദം പോസ്റ്റിന് തൊട്ടു മുൻപിൽ നിന്നും തൊടുത്ത ഷോട്ട് ലക്ഷ്യം തെറ്റി പറന്നു.

62ആം മിനിറ്റിൽ ഒഡീഷ മത്സരത്തിൽ ലീഡ് എടുത്തു. അഫോബ ബോക്സിലേക്ക് നൽകിയ പാസ് ക്ലിയർ ചെയ്യുന്നതിൽ ബോഡോലാണ്ട് പ്രതിരോധത്തിന് പിഴച്ചപ്പോൾ ഓടിയെത്തിയ ഇരുപത്തുകരനായ താരം പുങ്തെ വല കുലുക്കുകയായിരുന്നു. എന്നാൽ 80ആം മിനിറ്റിൽ ബോഡോലാണ്ട് സമനില ഗോൾ കണ്ടെത്തി. സിതു ബോക്സിലേക്ക് നൽകിയ ക്രോസിൽ മാനേശ്വർ ഉതിർത്ത ഹെഡർ മുന്നോട്ടാഞ്ഞു വന്ന ഗോളിയെയും മറികടന്ന് വലയിൽ പതിക്കുകയായിരുന്നു. ഒടുവിൽ മുഴുവൻ സമയത്തിന് ഒരു മിനിറ്റ് മാത്രം ശേഷിക്കേ എംബെന്റ ബോക്‌സിനുള്ളിൽ നിന്നും വല കുലുക്കിയതോടെ ബോഡോലാന്റിന് വേണ്ടി ആയിരക്കണക്കിന് കാണികൾ ഹർഷാരവം മുഴക്കി.