158 റണ്‍സാണ് ആദ്യം ബാറ്റ് ചെയ്ത് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനു നേടുവാനായതെങ്കിലും ടീമിന്റെ ഭാഗത്ത് നിന്നുള്ള ഫീല്‍ഡിംഗ് പിഴവുകളാണ് ടീമിന്റെ സാധ്യതകളെ ഇല്ലാതാക്കിയതെന്ന് നിസ്സംശയം പറയാം. മത്സരത്തിന്റെ പല ഘട്ടങ്ങളിലായി നാല് ക്യാച്ചുകളാണ് രാജസ്ഥാന്‍ റോയല്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ഇന്ന് കൈവിട്ടത്.
രാജസ്ഥാന്‍ ഇന്നിംഗ്സിന്റെ തുടക്കത്തില്‍ അജിങ്ക്യ രഹാനെയുടെ ക്യാച്ചാണ് ആദ്യം ബാംഗ്ലൂര്‍ കൈവിട്ടത്. നവ്ദീപ് സൈനി എറിഞ്ഞ ഇന്നിംഗ്സിലെ രണ്ടാമത്തെ ഓവറിലെ മൂന്നാം പന്തില്‍ അവസരം നല്‍കിയ രാജസ്ഥാന്‍ നായകന്‍ അജിങ്ക്യ രഹാനെയെ വിരാട് കോഹ്‍ലിയാണ് കൈവിട്ടത്. രണ്ടാമത്തേതും മത്സരത്തിലെ ഏറ്റവും നിര്‍ണ്ണായകവുമായ ക്യാച്ച് രണ്ടാമത്തെ ടൈം ഔട്ട് കഴിഞ്ഞ് സ്മിത്തിന്റെ ക്യാച്ചായിരുന്നു.
ചഹാലിന്റെ ഓവറിലെ ആദ്യ പന്ത് സ്വീപ്പര്‍ കവറില്‍ അനായാസമായൊരു ക്യാച്ച് ഉമേഷ് യാദവ് കൈവിടുകയായിരുന്നു. ആ ഘട്ടത്തില്‍ 23 റണ്‍സ് നേടി ക്രീസില്‍ നിന്ന സ്മിത്ത് പിന്നീട് പുറത്താകുമ്പോള്‍ 38 റണ്‍സാണ് നേടിയത്. മുഹമ്മദ് സിറാജ് എറിഞ്ഞ 19ാം ഓവറില്‍ സ്മിത്തും രാഹുല്‍ ത്രിപാഠിയും നല്‍കിയ അവസരങ്ങള്‍ പവന്‍ നേഗിയും മോയിന്‍ അലിയും കൈവിടുകയായിരുന്നു. ഓവറിലെ അവസാന പന്തില്‍ സ്മിത്ത് പുറത്തായെങ്കിലും രാഹുല്‍ ത്രിപാഠി 23 പന്തില്‍ നിന്ന് 34 റണ്‍സ് നേടി രാജസ്ഥാന്റെ വിജയം ഉറപ്പാക്കി.