മൊഹാലിയിൽ ഇന്ന് ആദ്യ t20 മത്സരത്തിൽ ഇന്ത്യ ഓസ്‌ട്രേലിയയോട് തോറ്റു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ 209 റണ്സ് എടുത്തിരുന്നു. 4 ബോൾ ബാക്കി നിൽക്കേ 6 വിക്കറ്റ് നഷ്ടപ്പെടുത്തി ഓസ്‌ട്രേലിയ 211 റണ്സ് എടുത്തു. ഇത് കളിയുടെ സ്‌കോർബോർഡ്, പക്ഷെ ഇത് കൊണ്ടു കളി വ്യക്തമാകുന്നില്ല.
209 റണ്സ് എടുത്തിട്ടും കളി ജയിക്കാൻ സാധിച്ചില്ലെങ്കിൽ അതിനർത്ഥം ബോളിങ് ഡിപാർട്മെന്റിൽ കാര്യമായ അഴിച്ചു പണി വേണം എന്നാണ്. ഇന്ന് കളിച്ച ബോളർമാരിൽ ഏറ്റവും നിരാശപ്പെടുത്തിയത് ഹർഷൽ പട്ടേലാണ്. ഭുവിയും അവസരത്തിന് ഒത്തു ഉയർന്നില്ല. ഫീല്ഡിൽ 3 റെഗുലേഷൻ ക്യാച്ചുകൾ താഴെ കളഞ്ഞത് കാണികളെ നിരാശരാക്കി. വേൾഡ് കപ്പിനായി തിരഞ്ഞെടുക്കപ്പെട്ട ബുംറയെ എന്ത് കൊണ്ട് പുറത്തിരുത്തി എന്നത് അത്ഭുതം തന്നെ.
ഏഷ്യ കപ്പ് സമയത്ത് പുറത്തിരുന്ന ബുംറയെ കളത്തിൽ ഇറക്കാതിരുന്നത് വലിയ അപരാധം തന്നെ. വേൾഡ് കപ്പിന് മുൻപ് അത്യാവശ്യം വേണ്ട മാച് പ്രാക്ടീസ് നൽകാത്തത് എന്ത് ടാക്ടികിന്റെ ഭാഗമായിട്ടാണെങ്കിലും മണ്ടത്തരം തന്നെ.
രാഹുൽ ദ്രാവിഡിനെ ഇഷ്ടപ്പെടാത്തവരായി ആരുമില്ല, പക്ഷെ NCA ഡയറക്ടർ എന്ന റോളിൽ നിന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ കോച്ച് എന്ന നിലയിലേക്ക് വളരാൻ അദ്ദേഹത്തിന് സാധിക്കുന്നില്ല എന്ന വസ്തുത വ്യക്തമായി കഴിഞ്ഞു. നാളത്തെ ടീമിന്റെ കാര്യമാണ് പുള്ളിയുടെ മനസ്സിൽ, അതിനായി ഇന്നത്തെ കളി തോറ്റാലും തെറ്റില്ല എന്ന മനോഭാവവുമായി T20 വേൾഡ് കപ്പിന് കപ്പൽ കയറുന്നത് അബദ്ധമാണ്. ജന്റിൽമൻ കളിക്കാരൻ, വ്യക്തി, സ്പോർട്സ് അഡ്മിനിസ്‌ട്രേറ്റർ എന്ന നിലയിൽ ഉള്ള ബഹുമാനം കൊണ്ട് ഇപ്പോൾ പറയേണ്ട കാര്യങ്ങൾ ദ്രാവിഡിനോട് പറയാതിരുന്നാൽ വേൾഡ് കപ്പിൽ കാര്യങ്ങൾ കൈവിട്ടു പോകും. ക്രൂയിസ് മോഡിലാണ് ദ്രാവിഡ് ഇപ്പോഴും, റേസിംഗ് മോഡിലേക്ക് മാറാൻ വേണ്ടപ്പെട്ടവർ പറയണം.
ദ്രാവിഡ് സർ, കോച്ച് എന്ന നിലയിൽ താങ്കളുടെ ഹണിമൂണ് പീരിയഡ് കഴിഞ്ഞിരിക്കുന്നു, പുതുമോടിയായത് കൊണ്ട് ഏഷ്യ കപ്പിലെ പ്രകടനം ഞങ്ങൾ ക്ഷമിക്കുന്നു. ഓർക്കുക, കളികൾ ജയിക്കാനുള്ളതാണ്, കളിക്കാൻ മാത്രമല്ല.