യു.ഫേ.ഫ ചാമ്പ്യൻസ് ലീഗിൽ ഗ്രൂപ്പ് ജിയിലെ ആദ്യ മത്സരത്തിൽ കോപ്പൻഹാഗനെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് തകർത്തു ബൊറൂസിയ ഡോർട്ട്മുണ്ട്. സിഗ്നൽ ഇഡുന പാർക്കിൽ നടന്ന മത്സരത്തിൽ ഡോർട്ട്മുണ്ട് വലിയ ആധിപത്യം ആണ് പുലർത്തിയത്. 15 ഷോട്ടുകൾ ആണ് അവർ എതിരാളികൾക്ക് എതിരെ അടിച്ചത്. 35 മത്തെ മിനിറ്റിൽ ജൂലിയൻ ബ്രാന്റിന്റെ പാസിൽ നിന്നു ക്യാപ്റ്റൻ മാർകോ റൂയിസ് മനോഹരമായ ഗോളോടെ ഡോർട്ട്മുണ്ടിനെ മുന്നിൽ എത്തിച്ചു. റൂയിസിന്റെ ചാമ്പ്യൻസ് ലീഗിലെ 22 മത്തെ ഗോൾ ആയിരുന്നു ഇത്.
ആദ്യ പകുതി അവസാനിക്കുന്നതിനു തൊട്ടുമുമ്പ് ഡോർട്ട്മുണ്ട് രണ്ടാം ഗോളും കണ്ടത്തി. റൂയിസിന്റെ മികവ് കണ്ട ഗോളിൽ ജിയോവാണി റെയ്‌നയുടെ പാസിൽ നിന്നു റാഫേൽ ഗുരെയ്ര ആണ് ജർമ്മൻ ടീമിന്റെ രണ്ടാം ഗോൾ നേടിയത്. രണ്ടാം പകുതിയിൽ റെയ്‌നയുടെ തന്നെ പാസിൽ നിന്നു 82 മത്തെ മിനിറ്റിൽ ജൂഡ് ബെല്ലിങ്ഹാം ഡോർട്ട്മുണ്ട് ജയം പൂർത്തിയാക്കി. റാസ്മസ് ഫാൽക് അവസാന നിമിഷം ഇരു ഗോൾ കോപ്പൻഹാഗനു ആയി മടക്കിയെങ്കിലും വാർ അത് ഓഫ് സൈഡ് ആണെന്ന് കണ്ടത്തി. മാഞ്ചസ്റ്റർ സിറ്റിയും സെവിയ്യയും അടങ്ങുന്ന ഗ്രൂപ്പിൽ മികച്ച തുടക്കം തന്നെയാണ് ഡോർട്ട്മുണ്ടിന് ഇത്.