പതിവ് കാഴ്ചകൾ തന്നെയായിരുന്നു വിംബിൾഡനിൽ കണ്ടത്. നൊവാക് ദ്യോക്കോവിച്ച് എന്ന യന്ത്രമനുഷ്യന് ഒരു തരത്തിലും വെല്ലുവിളിയാവാൻ ഫ്രഞ്ച് താരം 21 കാരൻ ഉഗോ ഉമ്പർട്ടിനു ആവാതിരുന്നപ്പോൾ നിലവിലെ ചാമ്പ്യന്റെ നാലാം റൗണ്ട് ജയം അനായാസമായി. 66 റാങ്കുകാരനെതിരെ നേരിട്ടുള്ള സെറ്റുകൾക്ക് ആയിരുന്നു നൊവാക്കിന്റെ ജയം. തന്റെ ആദ്യ വിംബിൾഡൺ കളിക്കുന്ന ഉമ്പർട്ടിന്റെ ആദ്യ സെറ്റിലെ രണ്ടാം സർവീസ് തന്നെ തന്റെ അഞ്ചാം വിംബിൾഡൺ കിരീടം ലക്ഷ്യമിടുന്ന ദ്യോക്കോവിച്ച് ബ്രൈക്ക് ചെയ്തു. 6-3 നു ആദ്യ സെറ്റ് സ്വന്തമാക്കിയ നൊവാക് പിന്നെ തിരിഞ്ഞു നോക്കിയില്ല. രണ്ടാം സെറ്റിലും ആദ്യ സർവീസ് തന്നെ ബ്രൈക്ക് ചെയ്ത നൊവാക് തന്റെ മാരകമായ പ്രകടനം തുടർന്നപ്പോൾ വീണ്ടും ഉമ്പർട്ടിന്റെ സർവീസ് ഭേദിക്കപ്പെട്ടു. 6-2 നു രണ്ടാം സെറ്റും ദ്യോക്കോവിച്ചിനു.
ഏതാണ്ട് ആദ്യ സെറ്റിന്റെ തനിയാവർത്തനം കണ്ട മൂന്നാം സെറ്റിൽ ഉമ്പർട്ടിന്റെ സർവീസ് ഭേദിച്ച് നൊവാക് ജയം കുറിച്ചു. 6-3 നു മൂന്നാം സെറ്റും മത്സരവും നോവാക്കിന്. 2014, 2015 നു ശേഷം തുടർച്ചയായ രണ്ടാം വിംബിൾഡൺ ലക്ഷ്യമിടുന്ന നൊവാക് തന്റെ മാരക ഫോമിൽ തുടരുകയാണ്. എന്നും എതിരാളിയെ അതിശയിപ്പിക്കുന്ന മെയ്‌വഴക്കം ദ്യോക്കോവിച്ചിന് ഇപ്പോഴും കൂട്ടുണ്ട് എന്നത് പലരുടെയും നെഞ്ചിടിപ്പ് കൂട്ടും. സ്പാനിഷ് താരം ഫെർണാണ്ട വെർഡേസ്ക്കയെ 4 സെറ്റ് നീണ്ട പോരാട്ടത്തിൽ മറികടന്നു ക്വാട്ടറിൽ കടന്ന 21 സീഡ് ഡേവിഡ് ഗോഫിൻ ആണ് നൊവാക്കിന്റെ ക്വാട്ടറിലെ എതിരാളി. മറ്റൊരു മത്സരത്തിൽ നാട്ടുകാരൻ തന്നെയായ സാൻഡ്ഗ്രാന്റെ 4 സെറ്റ് പോരാട്ടത്തിൽ മറികടന്ന അമേരിക്കയുടെ സാം ക്യൂരെയും ക്വാട്ടറിൽ പ്രവേശിച്ചു. റാഫേൽ നദാൽ ആണ് ക്വാട്ടറിൽ വലിയ സർവീസുകൾക്ക് പേരുകേട്ട അമേരിക്കൻ താരത്തിന്റെ എതിരാളി.
അതേസമയം വനിതകളിൽ ബ്രിട്ടീഷ് പ്രതീക്ഷയായ ജൊഹാന കോന്റയും ആദ്യ എട്ടിൽ എത്തി. മുൻ വിംബിൾഡൺ ചാമ്പ്യനായ 6 സീഡ് പെട്ര ക്വിവിറ്റോവയെ ആണ് 19 സീഡ് കോന്റ മറികടന്നത്. 3 സെറ്റ് നീണ്ട പോരാട്ടത്തിൽ ആദ്യ സെറ്റ് 6-4 നു നഷ്ടമായ ശേഷമായിരുന്നു കോന്റയുടെ ജയം. കാണികളുടെ പിന്തുണയോടെ രണ്ടാം സെറ്റിൽ ആദ്യമേ തന്നെ ക്വിവിറ്റോവയുടെ സർവീസ് മറികടന്ന കോന്റ 6-2 നു വ്യക്തമായ ആധിപത്യത്തോടെ രണ്ടാം സെറ്റ് നേടി. മൂന്നാം സെറ്റിലും മികച്ച പ്രകടനം തുടർന്ന കോന്റ 6-4 നു മൂന്നാം സെറ്റും മത്സരവും സ്വന്തമാക്കി. വിംബിൾഡൺ കിരീടം കൊതിക്കുന്ന ആഥിതേയരുടെ ഏറ്റവും വലിയ പ്രതീക്ഷ ആണ് കോന്റ. മാരത്തോൺ പോരാട്ടത്തിൽ നാട്ടുകാരിയും 3 സീഡുമായ കരോലിന പ്ലിസ്‌കോവയെ അട്ടിമറിച്ച കരോലിന മുച്ചോലിനയും ക്വാട്ടറിൽ പ്രവേശിച്ചു. ഒരു സെറ്റ് പിന്നിൽ നിന്ന ശേഷം രണ്ടാം സെറ്റ് നേടിയ ശേഷം 24 ഗെയിമുകൾ നീണ്ട കടുത്ത മൂന്നാം സെറ്റ് പോരാട്ടത്തിനു ശേഷമായിരുന്നു കരോലിനയുടെ ആവേശകരമായ ജയം. സ്‌കോർ – 4-6, 7-5, 13-11.