എന്തൊരു ഫൈനൽ ആയിരുന്നു അത്. ടെന്നീസ് ലോകം വായും പൊളിച്ച് നിന്ന ഫൈനൽ. 2008 ലെ റാഫാ നദാൽ റോജർ ഫെഡറർ ഫൈനൽ പോലെ കാണികളെ ഭ്രാന്ത് പിടിപ്പിച്ച ഫൈനൽ. മത്സരം ഈ വിംബിൾഡനിലെ മികച്ച താരങ്ങൾ തമ്മിലായിരുന്നു. ഒരു വശത്ത് ലോക ഒന്നാം നമ്പറും ഒന്നാം സീഡുമായ സെർബിയൻ താരം നൊവാക് ദ്യോക്കോവിച്ച് മറുവശത്ത് ആവട്ടെ ലോക മൂന്നാം നമ്പർ താരവും രണ്ടാം സീഡുമായ റോജർ ഫെഡറർ. രണ്ട് താരങ്ങളും ചരിത്രനേട്ടങ്ങൾക്ക് വേണ്ടി കൂടിയാണ് കളത്തിൽ ഇറങ്ങിയത്. ജയിച്ചാൽ തന്റെ 5 മത്തെ വിംബിൾഡനും 16 മത്തെ ഗ്രാന്റ് സ്‌ലാമും നോവാക്കിന് സ്വന്തം. ഒപ്പം 30 വയസ്സിന് ശേഷം വിംബിൾഡൺ കിരീടം നിലനിർത്തുന്ന ആദ്യ താരം എന്ന ചരിത്രനേട്ടവും സ്വന്തം. ആപുറത്ത് ആവട്ടെ തന്റെ 9 മത്തെ വിംബിൾഡനും 21 മത്തെ ഗ്രാന്റ് സ്‌ലാമും തേടിയായിരുന്നു ഫെഡറർ ഇറങ്ങിയത്. ഒപ്പം ഓപ്പൺ യുഗത്തിൽ ഗ്രാന്റ് സ്‌ലാം കിരീടം ഉയർത്തുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന ചരിത്രനേട്ടവും 37 കാരൻ ഫെഡററിന്റെ കയ്യെത്തും ദൂരത്ത്. പരസ്പരം ഏറ്റുമുട്ടിയതിൽ മുന്നിൽ സെർബിയൻ താരമായിരുന്നു. 48 തവണ പരസ്പരം ഏറ്റുമുട്ടിയപ്പോൾ 26 തവണ നോവാക്കും 22 തവണ ഫെഡററും ജയിച്ചു. ഗ്രാന്റ് സ്‌ലാമുകളിൽ പരസ്പരം വന്നതിൽ 9 തവണ നൊവാക് ജയിച്ചപ്പോൾ 6 തവണ ഫെഡറർ ജയിച്ചു. മുമ്പ് 2 തവണ വിംബിൾഡൺ ഫൈനലിൽ അടക്കം ഫെഡററെ മറികടന്ന നൊവാക് 4 ഗ്രാന്റ് സ്‌ലാം ഫൈനലുകളിൽ 3 ലും ജയം കണ്ടു.
ഇരു താരങ്ങളും നന്നായി സർവീസുകൾ ചെയ്യുന്നത് കണ്ടാണ് മത്സരം തുടങ്ങിയത്. ആദ്യമേ നൊവാക്കിന്റെ സർവീസ് ബ്രൈക്ക് ചെയ്യാൻ ലഭിച്ച അവസരം ഫെഡറർ കളഞ്ഞപ്പോൾ ഫെഡററിന്റെ മനോഹരമായ ഡ്രോപ്പ് ഷോട്ടുകളും ഫോർഹാന്റ് വിന്നറുകളും കണ്ട ആദ്യ സെറ്റ് ടൈബ്രേക്കറിലേക്ക്. ടൈബ്രേക്കറിൽ നിർണായക സമയത്തു പിഴവുകൾ വരുത്തിയ ഫെഡററെ മറികടന്ന നൊവാക് 58 മിനിട്ടുകൾക്ക് ശേഷം ആദ്യ സെറ്റ് തന്റെ പേരിലാക്കി. പുരുഷന്മാരുടെ ആദ്യ സെറ്റിന്റെ ദൈർഘ്യം മാത്രമേ ഇത്തവണത്തേ വനിത ഫൈനലിന് ഉണ്ടായുള്ളൂ എന്നതിൽ തന്നെ വരാനിരിക്കുന്ന മാരത്തോൺ പോരാട്ടത്തിന്റെ സൂചനയായി ആദ്യ സെറ്റ്. രണ്ടാം സെറ്റിൽ പക്ഷേ ആദ്യ സെറ്റിൽ നിന്ന് വിഭിന്നമായി മോശം കളി പുറത്തെടുത്ത ലോക ഒന്നാം നമ്പറുടെ ആദ്യ രണ്ട് സർവീസും ജയിച്ച ഫെഡറർ താൻ ഈ മത്സരത്തിൽ ഉണ്ടെന്നു വ്യക്തമാക്കി. വെറും 25 മിനിറ്റുകൾക്കുള്ളിൽ രണ്ടാം സെറ്റ് 6-1 സ്വന്തമാക്കിയ ഫെഡറർ മത്സരത്തിലേക്ക് അതിശക്തമായി തിരിച്ചെത്തി. 3 തവണയാണ് രണ്ടാം സെറ്റിൽ നൊവാക്കിന്റെ സർവീസ് ഫെഡറർ ഭേദിച്ചത്.
അസാമാന്യ മികവോടെ ഇരു താരങ്ങളും പൊരുതിയ മൂന്നാം സെറ്റ് കടുത്തു. തന്റെ 5 സർവീസ് ബ്രൈക്ക് ചെയ്യാനുള്ള അവസരം ഫെഡറർക്ക് ലഭിച്ചത് അവിശ്വസനീയമായ രീതിയിൽ പ്രതിരോധിച്ച സെർബിയൻ താരം സ്വിസ് താരത്തിനായി ആർത്ത് വിളിച്ച സെന്റർ കോർട്ട് കാണികളുടെ വായ അടപ്പിച്ചു. വിട്ട് കൊടുക്കാൻ ഇരുവരും തയ്യാറാകാതിരുന്നപ്പോൾ മത്സരം 44 മിനിറ്റിനു ശേഷം വീണ്ടുമൊരു ടൈബ്രേക്കറിലേക്ക്. ടൈബ്രേക്കറിൽ ഇത്തവണയും ഫെഡറർ കളി മറന്നപ്പോൾ മൂന്നാം സെറ്റ് നൊവാക്കിനു സ്വന്തം. മത്സരം പുരോഗമിക്കുന്ന പോലെ തളർന്നു എന്നു തോന്നിപ്പിച്ച ഫെഡററിനെ എല്ലാ അർത്ഥതത്തിലും ബുദ്ധിമുട്ടിച്ചു ദ്യോക്കോവിച്ച്. എന്നാൽ നാലാം സെറ്റിൽ നൊവാക്കിന്റെ മൂന്നാം സർവീസ് ബ്രൈക്ക് ചെയ്ത ഫെഡറർ തന്റെ ആരാധകരെ ആവേശത്തിന്റെ കൊടുമുടിയിൽ എത്തിച്ചു.
77 മത്തെ ഗ്രാന്റ് സ്‌ലാം കളിക്കുന്ന റോജർ ഫെഡറർ ഒരിക്കൽ കൂടി ലോക ഒന്നാം നമ്പറിന്റെ സർവീസ് ഭേദിച്ച് നാലാം സെറ്റിൽ ആധിപത്യം നേടി. എന്നാൽ മത്സരത്തിൽ രണ്ടര മണിക്കൂറിനു ശേഷം ആദ്യമായി ഫെഡററിന്റെ സർവീസ് ഭേദിക്കാൻ അവസരമുണ്ടാക്കിയ നൊവാകിനെതിരെ 35 ഷോട്ടുകൾ നീണ്ട റാലിയിലൂടെ ഫെഡറർ ബ്രൈക്ക് പോയിന്റ് രക്ഷിച്ചെടുത്ത കാഴ്ച അവിശ്വസനീയമായിരുന്നു. എന്നാൽ ഒടുവിൽ ഫെഡററെ ബ്രൈക്ക് ചെയ്ത നൊവാക് നാലാം സെറ്റിൽ തിരിച്ചെത്തി. എന്നാൽ തന്റെ പ്രതിഭയിലെ വിസ്മയം റോജർ ഫെഡറർ ആവർത്തിച്ചപ്പോൾ 6-4 നു 40 മിനിറ്റു നീണ്ട നാലാം സെറ്റ് സ്വന്തമാക്കി ഫെഡറർ മത്സരം രണ്ട് സെറ്റ് വീതമാക്കി. വിംബിൾഡൺ ചരിത്രത്തിൽ ഒരിക്കൽ മാത്രമേ 5 സെറ്റ് പോരാട്ടത്തിൽ തൊട്ടിട്ടുള്ളൂ എന്ന റെക്കോർഡ് കയ്യിലുള്ള നൊവാക് ആണ് 5 സെറ്റിൽ സർവീസ് തുടങ്ങിയത്.
തന്റെ രണ്ടാം സെറ്റിൽ മൂന്ന് ബ്രൈക്ക് പോയിന്റുകൾ രക്ഷിച്ചെടുത്ത ഫെഡറർക്ക് പക്ഷെ പിഴവുകൾ ആവർത്തിച്ചപ്പോൾ അടുത്ത സർവീസ് അടിയറവ് പറയേണ്ടി വന്നു. മത്സരം ഇപ്പോൾ നൊവാക് നേടും എന്നിടത്ത് നിന്ന് തിരിച്ച് പിടിക്കുന്ന 37 കാരൻ ഫെഡററെ ആണ് പിന്നീട് സെന്റർ കോർട്ട് കണ്ടത്. നോവാക്കിനെ തിരിച്ച് ബ്രൈക്ക് ചെയ്ത ഫെഡറർ മത്സരം നീട്ടിയെടുത്തു. പിന്നീട് ഇരുതാരങ്ങളും അസാമാന്യ മികവോടെ സർവീസുകൾ ഉതിർക്കാൻ തുടങ്ങിയപ്പോൾ മത്സരം 4 മണിക്കൂർ കടന്നു. അവസാനം നൊവാക്കിന്റെ 8 മത്തെ സർവീസ് ബ്രൈക്ക് ചെയ്ത ഫെഡറർ തന്റെ 9 താമത്തെ വിംബിൾഡൺ കിരീടം ഒരു സർവീസ് അകലെയാക്കി. എന്നാൽ മത്സരം തോറ്റ് നൊവാക്കോ അവസരം മുതലാക്കാൻ ഫെഡറർക്കോ ആവാതിരുന്നപ്പോൾ മത്സരം ജയിക്കാനുള്ള കിരീടം ഉയർത്തതാനുള്ള രണ്ട് പോയിന്റുകൾ ആണ് ഫെഡറർ കളഞ്ഞു കുളിച്ചത്. 5 സെറ്റിൽ 16 എസുകൾ ഉതിർത്ത ഫെഡറർ സർവീസ് മറന്നപ്പോൾ നൊവാക് തിരിച്ച് ബ്രൈക്ക് ചെയ്തു മത്സരത്തിൽ ഒപ്പമെത്തി.
ഇരുവരും സർവീസ് ഗെയിം ഒന്നു കൂടി മികച്ചതാക്കിയപ്പോൾ മത്സരം വീണ്ടും കടുത്തു. എന്നാൽ നൊവാകിന്റെ അവസാന സർവീസ് ഗൈമിൽ കിട്ടിയ ബ്രൈക്ക് പോയിന്റുകൾ കൂടി ഫെഡറർ കൈവിട്ടപ്പോൾ ഭാഗ്യം ഫെഡറർക്ക് ഒപ്പമെല്ലെന്നു വ്യക്തമായി. വീണ്ടുമൊരിക്കൽ കൂടി 12 ഗൈമുകൾക്ക് ശേഷം 113 മിനിട്ടുകൾക്ക് ശേഷം ഏതാണ്ട് 2 മണിക്കൂർ പോരാട്ടത്തിനു ശേഷം മത്സരം മൂന്നാമത്തെ ടൈബ്രേക്കറിലേക്ക്. ചരിത്രത്തിൽ ആദ്യമായാണ് ഒരു വിംബിൾഡൺ ഫൈനൽ വിജയിയെ നിർണയിക്കാൻ ടൈബ്രേക്കർ ഉപയോഗിക്കുന്നത്. ആദ്യ രണ്ട് ടൈബ്രേക്കറിൽ എന്ന പോലെ ഫെഡറർക്ക് പിഴച്ചപ്പോൾ 5 മണിക്കൂറിന് ശേഷം മാറിമാറിഞ്ഞ റോളർ കോസ്റ്റർ മത്സരവും വിംബിൾഡൺ കിരീടവും ടൈബ്രേക്കറിൽ നൊവാക് ദ്യോക്കോവിച്ചിനു സ്വന്തം. 30 വയസ്സിന് ശേഷം വിംബിൾഡൺ കിരീടം നിലനിർത്തിയ ആദ്യ താരമായ നൊവാക് തന്റെ 5 വിംബിൾഡൺ കിരീടവും(ഇതോടെ ബോർഗിന്റെ റെക്കോർഡിനൊപ്പം സെർബിയൻ താരം എത്തി) 16 ഗ്രാന്റ് സ്‌ലാമും ഉയർത്തി. പലപ്പോഴും കളത്തിൽ ദേഷ്യവും നിരാശയും പ്രകടമാക്കിയ നൊവാക് ജയം ആർഹിച്ചിരുന്നു. എന്നാൽ 37 മത്തെ വയസ്സിലും സമാനതകളില്ലാത്ത പോരാട്ടം പുറത്തെടുത്ത ഫെഡർക്കും ദ്യോക്കോവിച്ചിനും നിർത്താത്ത കയ്യടികളിലൂടെ എണീറ്റ് നിന്നാണ് വിംബിൾഡൺ കാണികൾ യാത്രയയപ്പ് നൽകിയത്. അവിസ്മരണീയം എന്നെ ഈ ഫൈനലിനെ വിശേഷിപ്പിക്കാൻ ആവൂ, വിംബിൾഡൺ ചരിത്രത്തിലെ ടെന്നീസ് ചരിത്രത്തിലെ ഏറ്റവും മഹത്തായ മത്സരങ്ങളിൽ ഒന്നായി ഇത് കണക്കാപ്പെടും എന്നുറപ്പാണ്.