തന്റെ ഏറ്റവും പ്രിയപ്പെട്ട ഗ്രാന്റ് സ്ലാമിൽ മറ്റൊരു ഫൈനലിലേക്ക് മുന്നേറി ലോക ഒന്നാം നമ്പർ നൊവാക് ജ്യോക്കോവിച്ച്. റെക്കോർഡ് 8 ഓസ്ട്രേലിയൻ ഓപ്പൺ കിരീടങ്ങൾ സ്വന്തമായുള്ള ജ്യോക്കോവിച്ച് ഇത് ഒമ്പതാം തവണയാണ് ഓസ്ട്രേലിയൻ ഓപ്പൺ ഫൈനലിലേക്ക് മുന്നേറുന്നത്. തന്റെ ആദ്യ ഗ്രാന്റ് സ്ലാമിൽ മുത്തശ്ശി കഥകളെ ഓർമിക്കുന്ന വിധമുള്ള സ്വപ്നസമാനമായ കുതിപ്പ് നടത്തിയ റഷ്യൻ താരം അസ്ലൻ കാരത്സേവിനു സെമിയിൽ ഒരവസരവും നൽകാതെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് ജ്യോക്കോവിച്ച് ജയം കണ്ടത്. മത്സരത്തിൽ 17 ഏസുകൾ ഉതിർത്ത ജ്യോക്കോവിച്ചിനു എതിരെ 2 തവണ ബ്രൈക്ക് കണ്ടത്താൻ ആയ റഷ്യൻ താരത്തെ പക്ഷെ ജ്യോക്കോവിച്ച് 6 തവണയാണ് ബ്രൈക്ക് ചെയ്തത്. 7 തവണ ലഭിച്ച അവസരത്തിൽ 6 തവണയും ബ്രൈക്ക് ചെയ്യാൻ ജ്യോക്കോവിച്ചിനു ആയി.
ആദ്യ സെറ്റ് 6-3 നു നേടിയ ജ്യോക്കോവിച്ച് രണ്ടാം സെറ്റ് 6-4 നു സ്വന്തമാക്കി മത്സരം റഷ്യൻ താരത്തിൽ നിന്നു അകറ്റി. മൂന്നാം സെറ്റ് 6-2 നു നേടി ചടങ്ങു തീർത്ത ജ്യോക്കോവിച്ച് ഒരിക്കൽ കൂടി ഓസ്ട്രേലിയൻ ഓപ്പൺ ഫൈനലിലേക്ക് മുന്നേറി. സെമിയിൽ തോൽവി വഴങ്ങിയെങ്കിൽ എല്ലാ കാലവും ഏതൊരു ടെന്നീസ് താരത്തിനും പ്രചോദനം നൽകുന്ന കഥയാണ് അസ്ലന്റേത് എന്നുറപ്പാണ്. ഫൈനലിൽ തന്റെ ആദ്യ ഗ്രാന്റ് സ്ലാം കിരീടം ലക്ഷ്യം വച്ച് എത്തുന്ന നാലാം സീഡ് ഡാനിൽ മെദ്വദേവ് അഞ്ചാം സീഡ് സ്റ്റെഫനോസ് സിറ്റിപാസ് എന്നിവരിൽ ഒരാളെയാവും തന്റെ പതിനെട്ടാം ഗ്രാന്റ് സ്ലാം കിരീടം ലക്ഷ്യമിടുന്ന ജ്യോക്കോവിച്ചിന്റെ എതിരാളി.